Saturday, October 20, 2012

നേട്ടങ്ങളുടെയും നഷ്‌ടനേട്ടങ്ങളുടെയും കഥപറഞ്ഞ്‌ മൊഗ്രാല്‍പുത്തൂര്‍

    3:16:00 AM   7 comments

 ഉത്തരദേശത്തെ കാണാകാഴ്‌ചകള്‍-5
നാട്ടിന്‍പുറങ്ങളിലും പ്രാന്തപ്രദേശങ്ങളിലുമെല്ലാം റെയില്‍വെസ്റ്റേഷനും മറ്റുമൊക്കെയായി മുറവിളിയുയരുമ്പോള്‍ ഉണ്ടായിരുന്ന റെയില്‍വെസ്റ്റേഷനും പൊലീസ്‌സ്റ്റേഷനുമൊക്കെ നഷ്‌ടപ്പെട്ട കഥ പറയുകയാണ്‌ മൊഗ്രാല്‍പുത്തൂര്‍. 
ആധുനിക സാങ്കേതിക വിദ്യ വിരല്‍ത്തുമ്പുവരെയായി ചുരുങ്ങിയ പുതിയ കാലത്ത്‌ നാടിന്റെ കഥയൊക്കെ പറഞ്ഞുതരുന്ന വിക്കീപീഡിയയില്‍ സെര്‍ച്ച്‌ ചെയ്‌താല്‍ ഏറ്റവും കൂടുതല്‍ വിവരം ലഭിക്കുന്ന കാസര്‍കോടന്‍ ഗ്രാമമാണ്‌ മൊഗ്രാല്‍പുത്തൂര്‍. ഒരുകാലത്ത്‌ ഇവിടെ പൊലീസ്‌സ്റ്റേഷനും റെയില്‍വെസ്റ്റേഷനുമൊക്കെ ഉണ്ടായിരുന്ന കാര്യം ഇവിടത്തെ പുതുതലമുറക്ക്‌ അറിയില്ലെങ്കിലും വിക്കി പീഡിയയില്‍ അതൊക്കെ വിവരിച്ചുതരുന്നുണ്ട്‌.
മൊഗ്രാല്‍പുത്തൂര്‍ പുഴയോരത്തെ അതിമനോഹരമായ കണ്ടല്‍ കാടുകളെക്കുറിച്ച്‌ വിവരിക്കുന്നതും ഇവിടെ കാണാനാവും. 2010ല്‍ സൂസ്‌ ഔട്ട്‌റീച്ച്‌ ഓര്‍ഗനൈസേഷന്‍ (zoos outreach organisation) ഇവിടത്തെ കണ്ടല്‍കാടുകളെക്കുറിച്ച്‌ നടത്തിയ സര്‍വെയില്‍ ലോകത്തിലെതന്നെ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന `ബാര്‍-ഹെഡ്ഡെഡ്‌ ഗീസ്‌' എന്ന പക്ഷികളെ ഇവിടെ കണ്ടെത്തിയ കാര്യവും പറയുന്നുണ്ട്‌.
ഒരുപാട്‌ ചരിത്രംകൊണ്ട്‌ ശ്രദ്ധേയമായ, ദൈ്വത-അദൈ്വത സിദ്ധാന്തങ്ങളുടെ സംവാദം കൊണ്ട്‌ കീര്‍ത്തികേട്ട, 800 വര്‍ഷത്തെ പഴക്കമുള്ള ചൗക്കി കാവുമഠം ഈ പ്രദേശത്താണ്‌. കാവുമഠത്തെക്കുറിച്ചും ഒരുപാട്‌ വിവരങ്ങള്‍ വിക്കിപീഡിയ തരുന്നുണ്ട്‌.
800 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ബല്ലാ രാജാക്കന്മാരില്‍ നിന്ന്‌ ആരംഭിക്കുന്നു മൊഗ്രാല്‍പുത്തൂരിന്റെ ചരിത്രം. പിന്നീട്‌ `വാഴുന്നോരി'ലൂടെയും സ്വന്തമായി കോടതി നടത്തിയിരുന്ന മുസ്ലിം തറവാടുകളിലൂടെയുമൊക്കെ സഞ്ചരിച്ച്‌ ചരിത്രപരവും സാംസ്‌കാരികപരവുമായ ഒരുപാട്‌ അടയാളങ്ങള്‍ ബാക്കിവെച്ച്‌ മഹിതമായ കാര്‍ഷിക പാരമ്പര്യം വിളിച്ചോതുന്ന ഇന്നുവരെ എത്തിനില്‍ക്കുന്നു. 

`പുത്തൂര്‍' എന്നുമാത്രമായിരുന്നു ഈ പ്രദേശത്തിന്റെ പഴയകാല പേര്‌. പുത്തൂര്‍ എന്ന പേരില്‍ ഒരുപാട്‌ പ്രദേശങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തപാല്‍ ഉരുപ്പടികളും മറ്റും സുഗമമായി ലഭിക്കാതെ വന്നപ്പോള്‍ പേരുമാറ്റം നിര്‍ബന്ധമായി വന്നു. അങ്ങനെ തൊട്ടപ്പുറത്തെ പ്രദേശത്തിന്റെ പേരും ചേര്‍ത്ത്‌ മൊഗ്രാല്‍പുത്തൂര്‍ എന്ന്‌ നാമകരണം ചെയ്യുകയായിരുന്നു.
കാര്‍ഷിക പാരമ്പര്യത്തിന്റെ പേരില്‍ തന്നെയാണ്‌ മൊഗ്രാല്‍പുത്തൂര്‍ ഇന്നും അറിയപ്പെടുന്നത്‌. പുത്തൂര്‍ ബ്രാന്റ്‌ തണ്ണിമത്തനും കോവയ്‌ക്കയുമൊക്കെ ലോകപ്രശസ്‌തമായിരുന്നുവത്രെ. കുറച്ചുവര്‍ഷങ്ങള്‍ക്ക്‌ മുമ്പുവരെ ഈ പ്രദേശം തണ്ണിമത്തന്‍ പാടങ്ങളും കോവയ്‌ക്ക പന്തലുകളും കൊണ്ട്‌ നിറഞ്ഞിരുന്നുവെന്ന്‌ പൂര്‍വ്വികര്‍ പറഞ്ഞുതരുന്നു. എന്നാല്‍ പാടങ്ങളിലൊക്കെ `കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍' മാത്രം വിളയുന്ന കാലത്ത്‌ തണ്ണിമത്തന്‍ പാടങ്ങളും കോവയ്‌ക്ക പന്തലുകളുമൊക്കെ ഇവിടെ നിന്ന്‌ അന്യമായി. `മൊഗ്രാല്‍പയര്‍' എന്ന പേരിലറിയപ്പെടുന്ന ഒരുതരം ചെറുപയറും ഈ നാടിന്റെ പ്രധാന കാര്‍ഷിക വിഭവമാണ്‌. പക്ഷെ, ഇന്നീ പയര്‍ അപൂര്‍വ്വമായാണ്‌ ഇവിടെ കൃഷി ചെയ്യുന്നത്‌. ഈ പയര്‍ തേടി കര്‍ണാടകയില്‍ നിന്നും തെക്കന്‍ ജില്ലകളില്‍ നിന്നും പലരും ഇന്നുമെത്തുന്നുണ്ട്‌. പക്ഷെ വെറും കയ്യോടെ മടങ്ങണമെന്നുമാത്രം. അത്രത്തോളം ചുരുങ്ങിയിരിക്കുന്നു ഇവിടത്തെ കാര്‍ഷിക അഭിവൃദ്ധി.
ചരിത്രത്തിലെ അട്ടിമറിയായി കണക്കാക്കുന്ന സംഭവമാണ്‌ മൊഗ്രാല്‍പുത്തൂരില്‍ ആദ്യമായി ആരംഭിച്ച സ്‌കൂളിന്റെ കഥ. ഇന്ന്‌ മൊഗ്രാല്‍പുത്തൂര്‍ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നിലനില്‍ക്കുന്ന സ്ഥലത്ത്‌ മുദ്ദന്റെ സ്‌കൂള്‍ എന്ന പേരിലായിരുന്നു ആദ്യകാല സ്‌കൂള്‍ ഉണ്ടായിരുന്നത്‌. കേരളത്തിലെമ്പാടും കീഴ്‌ജാതിക്കാര്‍ക്ക്‌ അക്ഷരം നിഷേധിക്കപ്പെട്ട കാലം; പക്ഷേ അന്ന്‌ ഈ സ്‌കൂളില്‍ ജാതിയുടെയോ മതത്തിന്റെയോ ഉയര്‍ച്ച താഴ്‌ചകളില്ലാതെ കുട്ടികള്‍ ഒരുമിച്ചിരുന്ന്‌ പഠിച്ചതായി പൂര്‍വ്വികര്‍ പറയുന്നു. മൊഗ്രാല്‍പുത്തൂരിന്റെ എന്നതിലുപരി ജില്ലയുടെതന്നെ വിദ്യാഭ്യാസ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്‌ പഞ്ചത്ത്‌ കുന്നില്‍ എന്ന സ്ഥലത്ത്‌ മുദ്ദന്‍ എന്ന ഹരിജന്‍ സ്ഥാപിച്ച സ്‌കൂള്‍.
മൊഗ്രാല്‍പുത്തൂരിനെയും അയല്‍ പ്രദേശമായ മൊഗ്രാലിനെയും അറുത്തുമുറിച്ചുകൊണ്ടൊഴുകുന്ന പുഴയാണ്‌ മൊഗ്രാല്‍ പുഴ. കേരളത്തിന്റെ 44 നദികളില്‍ വലിപ്പിത്തില്‍ ഇരുപത്തി  അഞ്ചാംസ്ഥാനത്ത്‌ നില്‍ക്കുന്ന പുഴ. രുചിവൈഭവങ്ങള്‍ തീര്‍ക്കുന്ന നല്ല പുഴമീനുകള്‍ ഇവിടത്തെ പ്രത്യേകതയാണ്‌. കേരളത്തിന്റെ തന്നെ ഏറ്റവും സുന്ദരമായ കണ്ടല്‍കാടുകള്‍ സ്ഥിതി ചെയ്യുന്ന പുഴയായിരുന്നിട്ടുപോലും പൂഴിവാരാനും മീന്‍ പിടിക്കാനുമല്ലാതെ ഈ പുഴ ഉപയോഗപ്പെടുത്തുന്നില്ലെന്ന കാര്യം ഏറെ ദൗര്‍ഭാഗ്യകരമാണ്‌. കുറച്ചുകൂടി അടിസ്ഥാന സൗകര്യമൊരുക്കുകയാണെങ്കില്‍ ടൂറിസം രംഗത്ത്‌ അനന്തമായ സാധ്യതകള്‍ വിളിച്ചോതുന്ന പുഴയും പുഴയോരവുമാവുമിത്‌. പോരാത്തതിന്‌ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ സാന്നിധ്യവും ബീച്ചുകള്‍ തീര്‍ക്കുന്ന മനോഹാരിതയും ഇവിടങ്ങളില്‍ സൗന്ദര്യമൊഴുക്കുന്നു. അനന്തപുരവുമായി ബന്ധിപ്പിച്ച്‌ ഒരു പാലവും അപ്രോച്ച്‌ റോഡും കൂടി വരികയാണെങ്കില്‍ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമാവും ഇവിടം.
നിരവധി മുസ്ലിം പള്ളികള്‍, ക്ഷേത്രങ്ങള്‍, ഭെല്‍ ആയി മാറിയ കെല്‍ അങ്ങനെ ഒരുപാട്‌ കാഴ്‌ചകള്‍ ഒരുക്കുന്നു ഈ നാട്‌. കോട്ടക്കുന്ന്‌ ജുമാമസ്‌ജിദ്‌, മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ ജുമാമസ്‌ജിദ്‌, പാറപ്പാടി മഖാം, ബെദ്രടുക്ക ശ്രീ പൂമാണി കിന്നിമാണി ക്ഷേത്രം, പുത്തൂര്‍ കൊട്ട്യ ക്ഷേത്രം. അങ്ങനെ ചരിത്രം പറയാനൊരുങ്ങിനില്‍ക്കുന്ന സ്‌മാരകങ്ങളും ഏറെയാണ്‌.
(published in utharadesam with Jabir kunnil)


Unknown

About Unknown

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
7 comments:
Write comments
 1. ഇത് കൊള്ളാമല്ലോ
  ഈ ചരിത്രങ്ങള്‍ വായിക്കാന്‍ പിന്നെയും വരാം കേട്ടോ

  ReplyDelete
  Replies
  1. അജിത്‌ ഏട്ടാ താങ്ക്സ്.. വീണ്ടും പ്രതീക്ഷ്ക്കുന്നു...

   Delete
 2. ഇർഷാദ്, ഈ ബ്ലോഗിൽ നിന്നുള്ള വിവരങ്ങൾ വിക്കിപ്പീഡിയയിൽ ഒരു താളായി മാറിയിട്ടുണ്ട്. http://ml.wikipedia.org/w/index.php?title=%E0%B4%AE%E0%B5%8A%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B5%BD%E0%B4%AA%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%82%E0%B5%BC&action=history

  താങ്കൾ തന്നെയാണോ അത് ചെയ്തത്? ഈ ബ്ലോഗിന് സ്വതന്ത്ര ലൈസൻസാണെങ്കിൽ മാത്രമേ ഇത് വിക്കിപ്പീഡിയ നയമനുസരിച്ച് അനുവദിക്കാൻ സാധിക്കൂ.

  താങ്കളുടെ അനുവാദമില്ലാതെയാണ് വിവരങ്ങൾ പകർത്തപ്പെട്ടതെങ്കിൽ (അല്ലെങ്കിൽ താങ്കൾ ബ്ലോഗ് സ്വതന്ത്രമാക്കുന്നില്ലെങ്കിൽ) വിക്കിപ്പീഡിയ ലേഖനം മായ്ച്ചു കളയപ്പെടും.

  എന്തായാലും താങ്കളുടെ എഴുത്ത് നന്നായിട്ടുണ്ട്. എന്തുകൊണ്ട് വിക്കിപ്പീഡിയയിൽ ഒരു അംഗത്വമെടുത്ത് ലേഖനങ്ങൾ എഴുതുന്നില്ല? :)

  സ്നേഹത്തോടെ

  ഡോ. അജയ് ബാലചന്ദ്രൻ

  ReplyDelete
  Replies
  1. അതെ ഞാന്‍ തന്നെയാണ് അത് പോസ്റ്റ്‌ ചെയ്തത്.
   വിക്കിയില്‍ അംഗത്തമെടുത്ത് എഴുതാന്‍ ശ്രമിക്കാം

   Delete
 3. വിക്കിയിലേയ്ക്ക് സ്വാഗതം. പലരുടെ ശ്രമഫലമായി താങ്കൾ തുടങ്ങിയ ലേഖനം വിക്കി രീതിക്കനുസരിച്ച് അവലംബങ്ങളും ലിങ്കുകളും തലക്കെട്ടുകളും മാപ്പും മറ്റും ചേർത്ത് അടിമുടി മാറിയത് ശ്രദ്ധിക്കുക. താങ്കൾക്ക് സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങളും മറ്റും വിക്കി മീഡിയ കോമൺസിലേയ്ക്ക് അപ്‌ലോഡ് ചെയ്യാവുന്നതാണ്. അതും താളിനൊപ്പം ചേർക്കാം.

  ഉത്തരദേശം എന്ന പ്രസിദ്ധീകരണത്തിന്റെ ഏത് ലക്കത്തിലാണ് വാർത്ത വന്നത് എന്ന വിവരം ചേർത്താൽ അതും ഒരു അവലംബമാക്കി മാറ്റാവുന്നതാണ്.

  അജയ്

  ReplyDelete
 4. നല്ല പോസ്റ്റ്‌ ജോലി സംബന്ധമായി കാസര്ഗോട്ടാനെന്കിലും ഇവിടം കാണാന്‍ കഴിഞ്ഞില്ല ..ശ്രമിക്കാം നല്ല പരിചയപ്പെടുത്തല്‍

  ReplyDelete
 5. സൂപ്പർ കേട്ടൊ ഇർഷാദ്
  ചരിത്രങ്ങൾ സഹിതമുള്ള സഞ്ചാര വിവരണം

  ReplyDelete

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner