Showing posts with label Kerala. Show all posts
Showing posts with label Kerala. Show all posts

Thursday, April 20, 2017

നിത്യാനന്ദ ഷേണായിയുടെ നാട്ടില്‍!

    2:24:00 AM   No comments


വിഷുക്കൈനീട്ടമായെത്തിയ മമ്മൂട്ടിയുടെ രഞ്ജിത്ത് ചിത്രം 'പുത്തന്‍ പണ'ത്തില്‍ മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഭാഷാ ശൈലിയുമായി കുമ്പളക്കാരന്‍ നിത്യാനന്ദ ഷേണായി ആയാണ് 
എത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം
 ഭാഷാശൈലികളൊക്കെ മുമ്പ് പരീക്ഷിക്കപ്പെട്ടതാണെങ്കിലും ഒരു പക്കാ കാസറഗോഡന്‍ 
ഭാഷാശൈലി ഇതാദ്യമാണ്.

ലുക്കിലും ഗെറ്റപ്പിലും ഭാഷാശൈലിയിലുമൊക്കെ ഒരു തനി കുമ്പളക്കാരനായി പരകായ പ്രവേശം
 നടത്താന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിരിക്കുന്നു. നിത്യാനന്ദഷേണായിയുടെ കുമ്പളയിലേക്ക് നമുക്കൊരു യാത്ര പോയാലോ ?
ഈ പേര് അധിക ഇന്ത്യക്കാരും കേട്ടിരിക്കും, അനില്‍ കുംബ്ലെ എന്ന പ്രശസ്തനായ ക്രിക്കറ്റ് 
താരത്തിന്റെ ജന്മ ദേശമാണിത്; സ്വന്തം ജന്മനാടിനെ പേരിനൊപ്പം കൂടെ കൂട്ടുകയും ചെയ്തു 
അദ്ദേഹം. അദ്ദേഹത്തോടുള്ള ഈ നാടിന്റെ ആദരവായ് ആ പേരില്‍ ഒരു റോഡുമുണ്ട് കുമ്പളയില്‍.
കാസറഗോഡിന്റെ സപ്തഭാഷ വൈവിധ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു കോസ്‌മോ പോളിറ്റന്‍ 
സംസ്‌കാരം ഉള്‍കൊള്ളുന്ന, കാസറഗോഡ് നഗരത്തില്‍ നിന്ന് പതിനൊന്ന് കിലോമീറ്റര്‍ അകലെയുള്ള
 ചെറു ടൗണാണ് കുമ്പള.
കേരളത്തിലെ ഒരേയൊരു തടാക ക്ഷേത്രമായ അനന്തപുരം തടാക ക്ഷേത്രം ഇവിടെയാണ്. 
കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള കോട്ടയായ ആരിക്കാടി കോട്ടയും.  ഉത്തര 
മലബാറിലെ പ്രധാന മാപ്പിള തെയ്യങ്ങളിലൊന്നായ ആലിതെയ്യം അരങ്ങേറുന്നത് ആരിക്കാടിയിലാണ്
കൂടാതെ ഇവിടെത്തെ ശ്രീ കണിപ്പുര ക്ഷേത്രത്തിലെ വെടിയുത്സവം ജാതിമത ഭേദമന്യേ നാടിന്റെ 
ഉത്സവമാണ്.
അനന്തപുരം ക്ഷേത്രം  
തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് ഈ ക്ഷേത്രം. മനോഹരമായ തടാകത്തിലാണിത്. ശ്രീ കോവിലിന്റെ പുറം ചുമരിലെ ചുവര്‍ ചിത്രങ്ങള്‍ അജന്ത, എല്ലോറ ചിത്രങ്ങളോട് സാമ്യമുള്ളവയാണ്.
കടുശര്‍ക്കരയോഗമെന്ന പുരാതന വിഗ്രഹ ശൈലിയിലാണ് ഇവിടത്തെ വിഗ്രഹം നിര്‍മിച്ചിരുന്നത്. പിന്നെടെപ്പോഴോ പഞ്ചലോഹ വിഗ്രഹത്തിലേക്ക് വഴിമാറി വീണ്ടും കടുശര്‍ക്കരയോഗത്തിലേക്ക് തന്നെ വിഗ്രഹത്തെ മാറ്റി സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു.
കുമ്പള - ബദിയടുക്ക റൂട്ടില്‍ നായിക്കാപ്പിലൂടെ ഒരു കിലോമീറ്റര്‍ തെക്കോട്ടു പോയാല്‍ അനന്തപുരത്തെത്താം, വര്‍ഷകാലത്ത് ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് ക്ഷേത്രവും കുന്നിന്‍ചെരുവുകളും, പാറക്കെട്ടുകളുമൊക്കെ സമ്മാനിക്കുന്നത് വശ്യമനോഹരമായ കാഴ്ചാനുഭവമാണ്.
ക്ഷേത്ര തടാകത്തില്‍ ഒരു മുതലയുണ്ട്, പേര് ബബ്ബിയ്യ. കഴിഞ്ഞ അറുപത്തിയഞ്ച് വര്‍ഷത്തോളമായി ഈ മുതല മാംസാഹാരം കഴിക്കാതെ, മനുഷ്യരെ ഉപദ്രവിക്കാതെ, പൂജരിമ്മാര്‍ നല്‍കുന്ന നിവേദ്യച്ചോര്‍ മാത്രം കഴിച്ച് ഇവിടെ കഴിയുന്നു.
 ആരിക്കാടി കോട്ട
മംഗലാപുരം ദേശീയപാതയില്‍ കുമ്പളയില്‍ നിന്ന് ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ കോട്ടയിലെത്താം. കോട്ടയുടെ നാടായ കാസര്‍കോട്ടെ ഏറ്റവും വടക്കേ അറ്റത്തുള്ള കോട്ടയാണിത്. ടിപ്പുസുല്‍ത്താന്റെ കാലത്ത് നിര്‍മ്മിച്ചതാണെന്നാണ് പരക്കെ വിശ്വസിച്ചുവരുന്നത്. കുമ്പള രാജവംശത്തിന്റെ ആസ്ഥാനത്തിനുവേണ്ടിയാണിത് നിര്‍മ്മിച്ചതെന്നും പറയപ്പെടുന്നു.
എന്നാല്‍ എ.ഡി. 1608ല്‍ ഇക്കേരി ഹിരിയ വെങ്കടപ്പ നായക് കെട്ടിയതാണ് കുമ്പളയിലെ ആരിക്കാടി കോട്ടയെന്നാണ് ചരിത്ര രേഖകളിലുള്ളത്. കോട്ടയുടെ കവാടത്തില്‍ നായക് നിര്‍മ്മിച്ച കോട്ടയെന്ന് കന്നടയില്‍ ആലേഖനം ചെയ്ത ഒരു ശിലാലിഖിതം ഉണ്ടായിരുന്നുവെന്ന് സൗത്ത് കാനറ ഡിസ്ട്രിക്ട് മാന്വല്‍ രണ്ടാം വാള്യത്തില്‍ സ്റ്റുവര്‍ട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് ഈ കോട്ട ദ്രവിച്ച് നശിക്കുമ്പോഴും കോട്ടയുടെ പ്രധാന നിരീക്ഷണകേന്ദ്രം ഒരു കോട്ടവും കൂടാതെ നിലനില്‍ക്കുന്നു. ഇതിന്റെ മുകളില്‍ നിന്ന് കാണുന്ന അറബിക്കടലിന്റെയും, കുമ്പളപ്പുഴയുടെയും  കാഴ്ചകള്‍ മനോഹരമാണ്. അടുത്തിടെ കോട്ടയുടെ പരിസരത്ത് പുരാവസ്തു വകുപ്പ് നടത്തിയ ഖനനത്തില്‍ പുരാതന കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്തിയിരുന്നു.
ആലി തെയ്യം
ആരിക്കടി കോട്ടക്ക് തൊട്ടടുത്താണ് ആലിച്ചാമുണ്ഡി അല്ലെങ്കില്‍  ആലി ഭൂതം എന്നറിയപ്പെടുന്ന ആലി തെയ്യം അരങ്ങേറുന്നത് ഉത്തര മലബാറിലെ മത സൗഹാര്‍ദ്ദത്തിന്റെ കഥകള്‍ പറയുന്ന മാപ്പിള തെയ്യങ്ങളില്‍ പ്രധാനി.  
മുഖത്ത് കരിതേച്ച്, തലയില്‍ സ്വര്‍ണ്ണ നിറമുള്ള നീളന്‍ തൊപ്പിയും കഴുത്തില്‍ പൂമാലകളും ചുവന്ന സില്‍ക്ക് മുണ്ടും ധരിച്ചു കയ്യില്‍ ചൂരല്‍ വടിയുമായിട്ടാണ് ആലി തെയ്യത്തിന്റെ പുറപ്പാട്.  ആരിക്കാടി പാടാര്‍കുളങ്ങര ഭഗവതി സ്ഥാനത്ത് മീന മാസത്തില്‍ നടക്കുന്ന തെയ്യാട്ടത്തില്‍ ആലി തെയ്യം കെട്ടിയാടുന്നു. കാവിന്റെ ഇടതു ഭാഗത്ത് പ്രത്യേക സ്ഥാനത്തിരുന്നാണ് ആലി തെയ്യം അനുഗ്രഹിക്കുന്നത്. തുളു നാട്ടിലെ മറ്റു ചില തീയ്യ തറവാട്ടുകളിലും ഈ തെയ്യം കെട്ടിയാടാറുണ്ട്. ആലിഭൂതസ്ഥാനം എന്നാണ് ഈ തെയ്യം കെട്ടിയാടുന്ന കാവിനെ വിളിക്കാറുള്ളത്. 
ഉഗ്ര ദുര്‍മാന്ത്രികനായിരുന്ന ആലി കുമ്പള നാട്ടിനെയും കുമ്പള അരീക്കാടിയിലെ തീയ്യ തറവാട്ടുകാരെയും ഏറെ വിഷമിപ്പിച്ചയാളായിരുന്നു. തീയ്യ തറവാട്ടിലെ സുന്ദരിയായ കന്യകയെ ആലി വലയില്‍ വീഴ്ത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തറവാട്ട് കാരണവര്‍ കുലപരദേവതയായ പാടാര്‍ കുളങ്ങര ഭഗവതിയെ പ്രാര്‍ഥിക്കുകയും പാടാര്‍ കുളങ്ങര ഭഗവതി ഈ ദൌത്യം പുതിയ ഭഗവതിയെ ഏല്‍പ്പിക്കുകയും ചെയ്തുവത്രേ. സുന്ദരിയായി വേഷം മാറിയ പുതിയ ഭഗവതി ആലിയ പാറക്കുളത്തില്‍ ഒന്നിച്ചു കുളിക്കാന്‍ ക്ഷണിക്കുകയും നീരാട്ടിനിടയില്‍ ആലിയുടെ അരയില്‍ കെട്ടിയ ഉറുക്കും തണ്ടും കൈക്കലാക്കുകയും തല്‍സ്വരൂപമെടുത്ത് ആലിയെ വകവരുത്തുകയും ചെയ്തുവത്രേ.
ആരിക്കാടിയിലെ ഛത്രംപള്ളത്തു വെച്ച് നടന്ന ഈ സംഭവത്തിനു ശേഷം നാട്ടില്‍ ദുര്‍നിമിത്തങ്ങള്‍ ഏറി വരികയും തുടര്‍ന്ന് നടത്തിയ പ്രശ്‌ന വിധി പ്രകാരം ദൈവക്കരുവായ ആലിക്ക് കെട്ടിക്കോലം കല്‍പ്പിക്കുകയും ചെയ്തുവത്രേ. ഇതാണ് ആലിതെയ്യവുമായി ബന്ധപ്പെട്ട ഐതിഹ്യം.

Published in asinet 
http://www.asianetnews.tv/magazine/kumbala-travelogue-by-km-irshad

Thursday, February 12, 2015

വ്യത്യസ്ഥം വിചിത്രം കാസ്രോട്

    12:02:00 PM   20 comments
കാസറഗോഡ്  ഒരു കവാടമാണ്. കടന്നുവരവിന്റെ കവാടം; കടന്നുപോക്കിന്റെ കവാടമല്ല. കടന്നുവന്നവരും അവരുടെ സംസ്‌കാരവും ഏറെക്കുറെ അവിടെത്തന്നെ സ്ഥായി നേടിയ നാട്. വിജയനഗരസാമ്രാജ്യം, ഇക്കേരി നായ്ക്കന്മാര്‍, ബേഡന്നൂര്‍ നായ്ക്കന്മാര്‍, ഹൈദരാലി- ടിപ്പുസുല്‍ത്താന്‍-ഇവരുടെ പടയോട്ടങ്ങളും അധിനിവേശവുമാണ് കന്നട, തുളു, മലയാളം, ഭാഷകള്‍ക്ക് പുറമെ ബ്യാരി, ഉര്‍ദു, കൊങ്കിണി, മറാത്തി ഭാഷകളെ ഇവിടെ കൊണ്ടുവന്നതും ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയാക്കിയതും. തെയ്യങ്ങള്‍ കടന്നുവന്നതും ഈ കവാടത്തിലൂടെ തന്നെ.




ഉരുനിര്‍മാണം പഴങ്കഥയായെങ്കിലും ഉരുനിര്‍മാണത്തിനുപയോഗിക്കുന്ന പുന്നമരങ്ങള്‍ ചന്ദ്രഗിരിക്കരയില്‍ ഇപ്പോഴും പൂത്തുനില്‍ക്കുന്നു. ഉരു പാരമ്പര്യമെന്നോണം ഏറ്റവുമധികം മര്‍ച്ചന്റ് നേവിക്കാരുള്ള സ്ഥലവും കാസര്‍ക്കോട് തന്നെ. നാഷണല്‍ യൂണിയന്‍ ഓഫ് സീ ഫെറേര്‍സ് ഓഫ് ഇന്ത്യയുടെ ആസ്ഥാന മന്ദിരം ഉദുമയിലെ കോട്ടിക്കുളത്താണ്. പിന്നെ ഉപ്പള അറിയെപ്പെടുന്നത് തന്നെ കപ്പൽ ഗ്രാമം എന്നാണു, ഓരോ വീട്ടിൽ നീന്നും ചുരുങ്ങിയത് ഒരാളെങ്കിലും കപ്പൽ ജോലിക്കാരനായി ഉണ്ടാവും.



മലയാളം,തുളു, കന്നട ഇവയാണ് കാസറഗോഡ്ന്റെ പ്രധാന ഭാഷകള്‍, ഇവയലധികം വാക്കുകള്‍ക്കും കൗതുകകരമായ സമാനതകളുണ്ട്.
വാക്കുകളില്‍ ചിലത്
മലയാളം - വില, എതിര്‍, കോഴി , പെണ്ണ്, വേണ്ട
തുളു - ബിലെ , എദിര് , കോറി , പൊണ്ണ് , ബോഡ്ചി
കന്നട - ബെലെ , എദുറു , കോളി , ഹെണ്ണു , ബേഡ

ഈ മൂന്ന് ഭാഷകളും മറ്റു ഭാഷകളും ചര്ന്ന ഒരു സങ്കര ഭാഷയാണ് കസരഗോടിന്റെ 'ഔദ്യോധിക' ഭാഷ.
കൂടാതെ കൊങ്കിണിയും, ബ്യാരിയും, മറാത്തിയും ഉറുദുവും.




കേരളത്തിലെ പുകയിലപ്പാടങ്ങള് പുല്ലൂര്‍-പെരിയ, അജാനൂര്‍, പള്ളിക്കര പഞ്ചായത്തുകളിലെ ഗ്രാമങ്ങളിലാണ്, 300 ഹെക്ടര്‍ സ്ഥലമെങ്കിലും ഇന്ന് പുകയിലക്കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്.
കര്‍ണാടകയാണ് ഈ കാഞ്ഞങ്ങാടന്‍ പുകയിലയുടെ പ്രധാന വിപണന മേഖല. പുകയിലച്ചെടികള്‍ ഏക്കറുകണക്കിന് പടര്‍ന്നുകിടക്കുന്ന കാഴ്ച നേരിട്ടുകാണാനും അറിയാനുമായി ഇവിടെ നിരവധി പേരെത്തുന്നു.



കേരളത്തിലെ ഒരേയൊരു തടാക ക്ഷത്രമായ കാസറഗോഡ് അനന്തപുരം ക്ഷേത്രത്തിലെ തടാകത്തിലെ അന്തേവാസിയായ 'ബബ്ബിയ' എന്ന മുതല, കഴിഞ്ഞ 65 വര്‍ഷത്തോളമായി ഈ മുതല മാംസാഹാരം കഴിക്കാതെ ഈ തടാകത്തില്‍ കഴിയുന്നു, കുമ്പള-ബദിയടുക്ക റൂട്ടില്‍ നായിക്കാപ്പില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ തെക്കോട്ടുപോയാല്‍ അനന്തപുരത്തെത്താം. 



പാറക്കെട്ടുകള്‍ക്കിടയിലുള്ള  32 ഏക്കര്‍ സ്ഥലം വര്‍ഷങ്ങളുടെ പ്രയത്നം കൊണ്ട് കൊടുംകാടാക്കിയ കരീം നാട്ടുകാര്‍ക്ക് ഫോറസ്റ്റ് കരീം ആണ്. 32 ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ച ഈ കാടിനെക്കുറിച്ച് ലോകത്തെ എല്ലാ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും ഇന്നറിയാം. കാസര്‍കോട് ജില്ലയിലെ നീലേശ്വരം പരപ്പ പുലിയന്‍കുളത്ത് ഒരു കാലത്തു വേനലില്‍ പച്ചപ്പുകാണാന്‍ കഴിയില്ലായിരുന്നു. നീലേശ്വരത്തെ കോട്ടപ്പുറം കടലോരഗ്രാമത്തില്‍ സാധാരണ വീട്ടില്‍ ജനിച്ചു വളര്‍ന്ന കരീം പുലിയന്‍ കുളത്ത് എത്തുന്നത് 1977ല്‍. ഗള്‍ഫിലെ മണലാരണ്യത്തെ പച്ചപ്പണിയിക്കാന്‍ ദുബായ് ഭരണാധികാരി  ഷൈക്ക് സായിദ് നടത്തുന്ന പരിശ്രമങ്ങളായിരുന്നു കരീമിന്റെ പ്രചോദനം. 50 സെന്റില്‍ തുടങ്ങി ഇപ്പോള്‍ 32 ഏക്കറില്‍. മുന്നൂറിലധികം ചെടികള്‍, കാട്ടുജീവികള്‍, പക്ഷികള്‍, ഇഴജന്തുക്കള്‍ എന്നിങ്ങനെ കരീം വിചാരിക്കാത്ത രീതിയിലേക്ക് കാടു വളര്‍ന്നു. സ്വകാര്യ വ്യക്തി സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യകാട് എന്ന ബഹുമതിയ്ക്കും അര്‍ഹനായി.

സ്വന്തമായി നട്ടുവളര്‍ത്തിയ കാടും ഉടമയും പതുക്കെ പതുക്കെ പുറംലോകത്തിന്റെ ശ്രദ്ധയില്‍പ്പെടാന്‍ തുടങ്ങി. 1998ല്‍ സഹാറ പരിവാര്‍ അവാര്‍ഡ് ലഭിച്ചതോടെ കരീം രാജ്യാന്തര തലത്തില്‍ അറിയപ്പെടാന്‍ തുടങ്ങി. അമിതാഭ് ബച്ചനില്‍ നിന്നായിരുന്നു അന്ന് അവാര്‍ഡ് വാങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ധാരാളം പരിസ്ഥിതി പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഈ കാടുകാണാന്‍ എന്നും വരും. പലരും ഒരാഴ്ച താമസിച്ച ശേഷമേ മടങ്ങിപോകൂ. കാട്ടരുവികളുടെ കുളിര്‍മ വിട്ടുപോകാന്‍ ഇവിടെയെത്തുന്നവര്‍ക്കാവില്ല




വിവാഹത്തിന് വരന്‍ വധുവിന്‍െറ അമ്മക്ക് വധുവിലയായി രണ്ടു രൂപ നല്‍കണം. വിവാഹദിവസം വധുവിന്‍െറ വീട്ടുകാര്‍ക്ക് വരന്‍െറവീട്ടുകാര്‍ അരി, തുണി, വെറ്റില, അടക്ക എന്നീ സാധനങ്ങള്‍ കൊടുക്കണം. വിവാഹം വധുവിന്‍െറ വീട്ടില്‍. കറുത്ത കല്ലുകള്‍ കോര്‍ത്തുണ്ടാക്കിയ മാല വരന്‍ വധുവിനെ അണിയിക്കും. ഇതാണ് വിവാഹത്തിന്‍െറ പ്രധാന ചടങ്ങ്. അതിനുശേഷം, വധൂവരന്മാര്‍ വിളമ്പിയചോറിനുമുന്നില്‍, ഒരു പായില്‍ ഇരിക്കും. മുതിര്‍ന്നവരും ക്ഷണിക്കപ്പട്ടവരും അവരുടെ തലയില്‍ അരിയിട്ട് അനുഗ്രഹിക്കും.

കേരളത്തില്‍ ജനസംഖ്യ ഏതാണ്ട് 1,500ഓളം മാത്രമുള്ള കൊറഗരുടെ വിവാഹ ചടങ്ങാണിത്‌,
കാസര്‍കോട് ജില്ലയിലെ പെരഡാള, ബേള, മഞ്ചേശ്വരം, മംഗലപ്പാടി എന്നീ സ്ഥലങ്ങളിലാണിവരുള്ളത്




വര്‍ഷങ്ങള്‍ക്കു മുമ്പ് മലബാറിൽ , പ്രത്യേകിച്ച് കാസറഗോഡ് മേഖലയിലെ മുസ്‌ലിം വീടുകള്‍ കേന്ദ്രീകരിച്ചു ഗൃഹ സന്ദര്‍ശനം നടത്തിയിരുന്ന ഒരു വിഭാഗം സഞ്ചാരികളായിരുന്നു കലീബമാര്‍.
നീട്ടി വളര്‍ത്തിയ താടിയും, പച്ച തലേകെട്ടും, തോളില്‍ മാറാപ്പും, കയ്യില്‍ ചുരുട്ടിപിടിച്ച കൊടിയുമായി എത്തിയിരുന്ന കലീബ ഇന്നത്തെ തലമുറക്ക് അന്യം നിന്നുപോയ ഒരു കാഴ്ചയാണ്
ഒറ്റയ്ക്കും, കൂട്ടായും ചിലപ്പോള്‍ കുഞ്ഞുകുട്ടി പരിവാരവുമായിട്ടാണ് കലീബയുടെ വരവ്. കയ്യില്‍ ദഫോ, അറവനയോ കൊണ്ട് നടക്കുമായിരുന്നു. വീടുകളില്‍ കോളിംഗ് ബെല്ലുകള്‍ അത്രയൊന്നും സജീവമല്ലാതിരുന്ന പഴയ കാലം. വീട്ടുമുറ്റത്തെത്തുന്ന കലീബ തന്റെ ആഗമനം അറിയിക്കാന്‍ കയ്യിലെ അറവനയില്‍ മുട്ടി ശബ്ദമുണ്ടാക്കി ബൈത്തുകള്‍ പാടും.

അജ്മീര്‍, നാഗൂര്‍, ഏര്‍വാടി, തുടങ്ങിയ അറിയപ്പെടുന്ന ജാറങ്ങളിലേക്കും മഖ്ബറകളിലേക്കും, ദര്‍ഗ്ഗകളിലേക്കും കാണിക്കയും, നേര്‍ച്ചയും സംഭാവനകളും വിശ്വാസികളില്‍ നിന്നും ശേഖരിച്ചു എത്തിച്ചു കൊടുക്കുന്ന മദ്ധ്യവര്‍ത്തികളായിരുന്നു ഈ കലീബമാര്‍.
ഇന്ന് കലീബയുടെ വരവ് പാടെ നിലച്ചിരിക്കുന്നു. നാട്ടിന്‍ പുറത്തെ ജീവിത ചുറ്റുപാടുകള്‍ മാറിയതിനാലും മത വിശ്വാസങ്ങളെ കുറിച്ച് കൂടുതല്‍ അവബോധം സമൂഹത്തില്‍ ഉണ്ടായതിനാലും ഇവരുടെ പ്രവര്‍ത്തന മേഖല ഇല്ലാതായി എന്ന് പറയാം.


(ഇത്ഇവിടെ അവസാനിക്കുന്നില്ല; പുതിയ വിവരങ്ങള്‍ ലഭ്യമാവുന്ന മുറക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്. ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍)
Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner