Saturday, October 20, 2012

വിദ്യാനഗര്‍ ജില്ലയുടെ ആസ്ഥാനം വിദ്യയുടെയും

    8:58:00 AM   No comments


ഉത്തരദേശത്തെ കാണാകാഴ്‌ചകള്‍-6
കാസര്‍കോട്ടെ ഏതൊരാളും  ഒരിക്കലെങ്കിലും സന്ദര്‍ശിക്കല്‍ നിര്‍ബന്ധമായ പ്രദേശമാണ്‌ വിദ്യാനഗര്‍. കാരണം നമ്മുടെ പൊതു ആവശ്യങ്ങള്‍ക്കായി കയറിയിറങ്ങേണ്ട സര്‍ക്കാര്‍ ഓഫീസുകളില്‍ ബഹുഭൂരിഭാഗവും ഇവിടെയാണ്‌. ചുരുക്കിപ്പറഞ്ഞാല്‍ ജില്ലയുടെ ആസ്ഥാനമാണിവിടം. ചെറുകിട വ്യവസായ കേന്ദ്രം തൊട്ട്‌ ജില്ലാ ഭരണസിരാകേന്ദ്രം വരെയുള്ള സര്‍ക്കാര്‍ കാര്യാലയങ്ങള്‍ ഇവിടെ നിരന്നുനില്‍ക്കുന്നു.
ഒരുപാട്‌ മരങ്ങള്‍ തണലേകി നില്‍ക്കുന്നതുകൊണ്ടാവണം കുഞ്ഞുമാവിന്റടി എന്നായിരുന്നു ഈ പ്രദേശത്തിന്റെ പഴയപേര്‌. കാസര്‍കോട്‌ ഗവ: കോളേജിന്‌ ഇവിടെ ശിലാസ്ഥാപനം നടത്തുമ്പോള്‍ കേരളത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ്‌ മുണ്ടശ്ശേരി മാഷാണ്‌ വിദ്യയുടെ നഗരമെന്ന അര്‍ത്ഥത്തില്‍ `വിദ്യാനഗര്‍' എന്ന പേരിട്ടത്‌. മുണ്ടശ്ശേരി മാഷിന്റെ നാക്കിന്റെ പുണ്യം കൊണ്ടോ എന്നറിയില്ല, പിന്നീട്‌ ഈ പ്രദേശം ജില്ലയുടെ തന്നെ വിദ്യാഭ്യാസ ആസ്ഥാനമായി വളരുകയാണുണ്ടായത്‌.

 കാസര്‍കോട്‌ ഗവ: കോളേജിന്‌ പുറമെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്‌ അനുവദിച്ച കേന്ദ്ര സര്‍വകലാശാല, ഗവ: ഐ.ടി.ഐ, ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ മികവു തെളിയിച്ച നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ചിന്മയ വിദ്യാലയം, കേന്ദ്രീയ വിദ്യാലയം നമ്പര്‍-2, ഗവ: അന്ധവിദ്യാലയം, ജില്ലയിലെ ആദ്യകാല പാരലല്‍ കോളേജുകളില്‍ ഒന്നായ ത്രിവേണി അക്കാദമി തുടങ്ങിയ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെ വേരുറച്ചുവരികയായിരുന്നു. 

വടക്കേ മലബാറിന്റെ പ്രകാശഗോപുരമായിട്ടാണ്‌ കാസര്‍കോട്‌ ഗവ: കോളേജിനെ വിശേഷിപ്പിക്കുന്നത്‌. അഞ്ചുപതിറ്റാണ്ട്‌ പിന്നിട്ട കഥ പറയുന്ന ഈ കോളേജിന്റെ ചരിത്രം ജില്ലയുടെ തന്നെ വിദ്യാഭ്യാസ ചരിത്രമാണ്‌. ദൃശ്യ ഭംഗിയോടെയും വാസ്‌തുശില്‍പ ചാരുതയോടെയും 48 ഏക്കര്‍ സ്ഥലത്ത്‌ വ്യാപിച്ചുകിടക്കുന്നു ഗവ: കോളേജ്‌ കെട്ടിടം. തേക്ക്‌, മാവ്‌, പ്ലാവ്‌ തുടങ്ങിയ നൂറുകണക്കിന്‌ മരങ്ങള്‍ നിരയായി നിന്ന്‌ പ്രകൃതി തീര്‍ക്കുന്ന തണലില്‍ ഇരിപ്പിടമൊരുക്കുന്ന ഈ കോളേജിന്റെ മനോഹരമായ കാമ്പസ്‌ ഏതൊരാളിലും ഗൃഹാദുരത്വം പകരുന്നു.
1957 ജുലായിലാണ്‌ അത്യുത്തര കേരളത്തിലെ പതിനായിരങ്ങളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്‌നത്തിന്‌ നിറം പകര്‍ന്ന ഈ വിദ്യാകേന്ദ്രം സ്ഥാപിതമായത്‌. 1955ല്‍ തന്നെ കാസര്‍കോട്ട്‌ ഒരു സര്‍ക്കാര്‍ കോളേജ്‌ അനുവദിക്കണമെന്ന ശക്തമായ വാദവുമായി പൗരപ്രമുഖരുള്‍പ്പെട്ട ഒരു കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയിരുന്നു. അന്നത്തെ മദ്രാസ്‌ ഗവണ്‍മെന്റിന്‌ ഈ ആവശ്യമുന്നയിച്ച്‌ അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട്‌ കേരള സംസ്ഥാനം രൂപീകൃതമായതിന്‌ ശേഷം 1957ലാണ്‌ കോളേജ്‌ അനുവദിച്ചതായി ഉത്തരവിറങ്ങിയത്‌. ആദ്യകാലത്ത്‌ കോളേജ്‌ പ്രര്‍ത്തിച്ചിരുന്നത്‌ ഇന്നത്തെ കാസര്‍കോട്‌ ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നിലനില്‍ക്കുന്ന സ്ഥലത്താണ്‌. പിന്നീടാണ്‌ വിദ്യാനഗറിലെ ഇന്നത്തെ സ്ഥലത്തേക്ക്‌ മാറ്റിയത്‌. ബി.കോം. ഒഴികെയുള്ള ഡിഗ്രി കോഴ്‌സുകള്‍ ഇവിടെ പഠിപ്പിക്കുന്നുണ്ട്‌. ബി.എ. മലയാളം കോഴ്‌സ്‌ അനുവദിക്കണമെന്നുള്ള പതിറ്റാണ്ടുകളോളമുള്ള മുറവിളിക്ക്‌ ശേഷം ഈ അടുത്ത നാളുകളില്‍ അതും അനുവദിക്കുകയുണ്ടായി.
2009ല്‍ കേന്ദ്ര ഗവണ്‍മെന്റ്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അനുവദിച്ച 13 കേന്ദ്ര സര്‍വകാലാശാലകളിലൊന്ന്‌ കാസര്‍കോട്ടായിരുന്നു. അതിന്റെ പ്രവര്‍ത്തനവും വിദ്യാനഗറിലാണ്‌. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രധാന ഓഫീസും കംപാരിറ്റീവ്‌ ലിറ്ററേച്ചര്‍ വിഭാഗവും സ്‌കൂള്‍ ഓഫ്‌ ഗ്ലോബല്‍ സ്റ്റഡീസിന്റെ കീഴിലുള്ള സാമ്പത്തിക ശാസ്‌ത്ര വിഭാഗവും നിലവില്‍ ഇവിടെയാണ്‌ പ്രവര്‍ത്തിച്ചുവരുന്നത്‌.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ പുറമെ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ജില്ലാ ആസ്ഥാനവും ഇവിടെയാണ്‌. ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ ആസ്ഥാനമായ ജവഹര്‍ ഭവന്‍, സി.പി.എമ്മിന്റെ ജില്ലാ കേന്ദ്രമായ എ.കെ.ജി. മന്ദിരം തുടങ്ങിയവ അവയില്‍ പ്രധാനപ്പെട്ടതാണ്‌.
ജില്ലാ കലക്‌ടറേറ്റ്‌, സിവില്‍സ്റ്റേഷന്‍, ജില്ലാ കോടതി, ജില്ലാ പഞ്ചായത്ത്‌ ആസ്ഥാനം, ജില്ലാ വ്യവസായ കേന്ദ്രം, മുനിസിപ്പല്‍ സ്റ്റേഡിയം, വാട്ടര്‍ അതോറിറ്റി ആസ്ഥാനം, 110 കെ.വി. സബ്‌സ്റ്റേഷന്‍, ഫോറസ്റ്റ്‌ ഓഫീസ്‌, ഇന്‍കംടാക്‌സ്‌ ഓഫീസ്‌, വിദ്യാനഗര്‍ പൊലീസ്‌സ്റ്റേഷന്‍ അങ്ങനെ എണ്ണമറ്റ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ ഇവിടെ അങ്ങിങ്ങായി ചിതറിക്കിടക്കുന്നു. ഒപ്പം നിരവധി റെസിഡന്‍ഷ്യല്‍ കോളനികളും ഫ്‌ളാറ്റ്‌ സമുച്ചയങ്ങളും സ്വകാര്യാസ്‌പത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാനഗറിന്റെ കാഴ്‌ചക്ക്‌ നിറം പകരുന്നു.
അമ്മയുടെ മുലപ്പാലിനായി കേഴുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ കുട്ടിയെ ദൃശ്യവല്‍ക്കരിക്കുന്ന, എന്‍ഡോസള്‍ഫാന്റെ ഭീകര ചിത്രം തുറന്നുകാട്ടുന്ന ശില്‍പം ജില്ലാ പഞ്ചായത്ത്‌ ആസ്ഥാനത്തിന്‌ മുന്നില്‍ ഒരുങ്ങുന്നുണ്ട്‌. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഈ കോണ്‍ക്രീറ്റ്‌ ശില്‍പം നിര്‍മ്മിക്കുന്നത്‌ പ്രശസ്‌ത ശില്‍പി കാനായി കുഞ്ഞിരാമനാണ്‌.
(Published in Utharadesam with Jabir kunnil)

Km irshad

About Km irshad

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
No comments:
Write comments

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner