Thursday, November 1, 2012

പഴമയും പാരമ്പര്യവും പറഞ്ഞ്‌ കളനാട്‌

    1:31:00 AM   No comments

ഉത്തരദേശത്തെ കാണാകാഴ്‌ചകള്‍-13


ഴമയുടെയും പാരമ്പര്യത്തിന്റെയും പെരുമ ഏറെ പറയാനുള്ള നാടാണ്‌ കളനാട്‌. ചെമനാട്‌, ഉദുമ പഞ്ചായത്തുകളിലായി വിശാലമായി പരന്നുകിടക്കുന്നതാണ്‌ ഈ പ്രദേശം.
1649ല്‍ ഇക്കേരി ശിവപ്പ നായക്കിന്റെ കീഴിലായിരുന്നു ഈ പ്രദേശം. പെരുമാക്കന്മാരുടെ കീഴിലായിരുന്ന ഈ പ്രദേശത്തെ ഒരു പടയോട്ടത്തിലൂടെ നായ്‌ക്കര്‍ പിടിച്ചെടുക്കുകയായിരുന്നു. പിന്നീട്‌ മൈസൂര്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഹൈദരാലി പിടിച്ചെടുത്തതോടെ ഈ പ്രദേശം ഏറെ വളരുകയായിരുന്നുവെന്ന്‌ ചരിത്രം പറയുന്നു.
ബേക്കല്‍ താലൂക്കിന്റെ ഭാഗമായിരുന്നു ആദ്യകാലത്ത്‌ കളനാട്‌. 1792ല്‍ ബ്രിട്ടീഷുകാര്‍ ടിപ്പുസുല്‍ത്താനെ പരാജയപ്പെടുത്തി ഈ പ്രദേശമുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ബോംബെ സംസ്ഥാനത്തോട്‌ ചേര്‍ത്തു. പിന്നീട്‌ മദ്രാസ്‌ സംസ്ഥാനത്തിലെ തെക്കന്‍ കര്‍ണാടകത്തിന്റെ ഭാഗമായി ഈ പ്രദേശത്തെ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. അതോടെ ഭാഷാപരമായി ഈ പ്രദേശം പിന്നോട്ട്‌ പോവുകയായിരുന്നു. മലയാളവും കന്നടയും കൂടിക്കലര്‍ന്ന ഭാഷയും സംസ്‌കാരവുമൊക്കെയായി മാറാനത്‌ വഴിവെച്ചു. 1956ലെ കേരളപ്പിറവിക്ക്‌ ശേഷമാണ്‌ ഈ പ്രദേശത്തിന്‌ സ്വന്തമായ മേല്‍വിലാസമുണ്ടായതെന്ന്‌ പഴമക്കാര്‍ പറയുന്നു.

ഗള്‍ഫ്‌ മേഖലകള്‍ പച്ചപിടിച്ച കാലം തൊട്ടേ കളനാട്ടുകാരുടെ പ്രധാന ജീവിതമാര്‍ഗ്ഗമായത്‌ മാറിയിരുന്നു. 1965-70 കാലം തൊട്ടാണ്‌ ഈ പ്രദേശത്തുകാര്‍ ഗള്‍ഫിലേക്ക്‌ ചേക്കേറിത്തുടങ്ങിയത്‌. ഇന്ന്‌ കളനാട്ട്‌ കാണുന്ന പുരോഗതിക്കും വികസന കാഴ്‌ചകള്‍ക്കും ഗള്‍ഫിലെ ഇന്നാട്ടുകാര്‍ വഹിച്ച പങ്ക്‌ നിസ്‌തുലമാണ്‌. സാമ്പത്തികമായി കടുത്ത ദുരിതം നേരിട്ട പഴയ കാലത്ത്‌ കളനാട്ടിലെ പലരും കുടക്‌ കുന്നുകളില്‍ ഉപജീവനമാര്‍ഗം തേടിയെത്തിയതായും അവരില്‍ പലരും പനി പിടിച്ച്‌ തിരിച്ചെത്തിയതായും ഇവിടത്തെ പഴമക്കാര്‍ പറയുന്നു. പിന്നീട്‌ സിങ്കപ്പൂരിനെയും സിലോണിനെയും ആാശ്രയിച്ചവരും ഏറെയായിരുന്നു.
പുകയില കൃഷിയും ചെറുകിട കച്ചവടവുമായിരുന്നു ആദ്യകാലത്ത്‌ ഈ പ്രദേശത്തുകാരുടെ പ്രധാന വരുമാനമാര്‍ഗം. കര്‍ണാടകയില്‍ പോയി കന്നുകാലികളെ കൊണ്ടുവന്ന്‌ വില്‍ക്കുന്നവരും ഉണ്ടായിരുന്നു. തൊപ്പി തുന്നി വരുമാനമാര്‍ഗം കണ്ടെത്തിയിരുന്ന സ്‌ത്രീകളും ഏറെയായിരുന്നു. കാസര്‍കോട്ടെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൊന്നാണിത്‌. ഏകദേശം അറുപത്‌ ശതമാനത്തോളം മുസ്ലിംകളും ബാക്കി ഹിന്ദുക്കളുമാണ്‌. പൂര്‍ണമായും സൗഹാര്‍ദ്ദം നിലനിര്‍ത്തുന്ന ഈ നാട്ടില്‍ ഏഴ്‌ മുസ്ലിം പള്ളികളും നാല്‌ ഹൈന്ദവ ക്ഷേത്രങ്ങളും കളനാട്ടിലുണ്ട്‌. 

കളനാട്ടെ പ്രധാന പള്ളിക്ക്‌ നൂറ്റാണ്ടിലേറെ പഴക്കമുണ്ട്‌. 1890-1900 കാലഘട്ടത്തിലാണ്‌ ഇവിടെ ആദ്യമായി നിസ്‌കാരപ്പള്ളി നിര്‍മ്മിച്ചതെന്ന്‌ പറയപ്പെടുന്നു. ഓലമേഞ്ഞ ഒറ്റമുറി പള്ളിയായിരുന്നു അത്‌. ഏകദേശം 20 വര്‍ഷത്തോളം ഈ പള്ളി നിലനിന്നിരുന്നുവത്രെ. അതിന്‌ ശേഷം ഓടുമേഞ്ഞ പള്ളി നിലവില്‍ വന്നു. ഈ പള്ളി പൂര്‍ണമായും നാട്ടുകാരുടെ അധ്വാനത്തിലാണ്‌ രൂപംകൊണ്ടത്‌. ബ്രിട്ടീഷുകാരുടെ ഭരണ കാലത്തായിരുന്നു അത്‌. പള്ളി നിര്‍മ്മാണത്തിനായി കടത്തിക്കൊണ്ടുവന്ന ഭീമന്‍ മരത്തടി വെള്ളപ്പൊലീസുകാര്‍ തടഞ്ഞുവെച്ച സംഭവം ഇന്നും പഴമക്കാരുടെ ഓര്‍മ്മയിലുണ്ട്‌. ഈ മരത്തടിയില്‍ നിന്ന്‌ രൂപപ്പെടുത്തിയ ഭീമന്‍ ഫില്ലറുകള്‍ അടുത്തകാലം വരെ പള്ളിയിലുണ്ടായിരുന്നു. പിന്നീട്‌ ആധുനിക സജ്ജീകരണങ്ങളോടെയും കൂടുതല്‍ സൗകര്യത്തോടെയും പുതുക്കി പണിയുകയായിരുന്നു. ഈ പള്ളിക്ക്‌ കീഴില്‍ 1984ഓടെ ദര്‍സ്‌ ആരംഭിച്ചു. ഈ ദര്‍സില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏറെപേര്‍ പഠിക്കാനെത്തിയിരുന്നു.

1969ല്‍ ജമാഅത്ത്‌ വക കെട്ടിടത്തില്‍ കളനാട്‌ ഗവ: എല്‍.പി. സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. പിന്നീട്‌ 1996ല്‍ ജമാഅത്തിന്റെ കീഴിലും സ്‌കൂള്‍ തുടങ്ങി. ഇപ്പോള്‍ നാല്‌ സ്‌കൂളുകള്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. എങ്കിലും ഹൈസ്‌കൂള്‍ സൗകര്യമുള്ള സ്‌കൂള്‍ ഇല്ലാത്തതിനാല്‍ തുടര്‍ പഠനത്തിന്‌ സമീപ പ്രദേശങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്‌.
ചന്ദ്രഗിരിപ്പുഴയുടെ കൈവഴിയായി ഒഴുകുന്ന നൂമ്പിലെ പുഴയും പ്രകൃതി സൗന്ദര്യത്തിന്റെ പച്ചപ്പൊരുക്കുന്ന കാഴ്‌ചകളും കളനാടിന്‌ ഗ്രാമീണ സൗന്ദര്യം നല്‍കുന്നു.
(published in utharadesham with jabir kunnil)

Km irshad

About Km irshad

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
No comments:
Write comments

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner