Wednesday, October 31, 2012

ചന്ദ്രഗിരി: കാസര്‍കോടിന്‌ വിശേഷണം ചാര്‍ത്തിയ പുഴയും കോട്ടയും

    1:09:00 AM   No comments


ഉത്തരദേശത്തെ കാണാകാഴ്‌ചകള്‍-12
ചരിത്രം പറയാനുള്ള കുറേ കോട്ടകളും നിറഞ്ഞൊഴുകുന്ന നിരവധി പുഴകളും കാസര്‍കോടിന്റെ മാത്രം പ്രത്യേകതയാണ്‌. അവകളൊരുക്കുന്ന മനോഹര കാഴ്‌ചകള്‍ ഉത്തരദേശത്തെ സമ്പന്നമാക്കുന്നു. ഈ പ്രത്യേകതയുടെ എല്ലാ വശവും ചേര്‍ന്നുള്ള ഒറ്റ നാമമാണ്‌ ചന്ദ്രഗിരി. ചന്ദ്രഗിരി എന്ന വിശേഷണം ചേര്‍ക്കാതെ കാസര്‍കോടിന്റെ ചരിത്രവും ചിത്രവും പൂര്‍ണമാകില്ല. കാരണം കോട്ടകളുടെ സ്വന്തം നാടെന്ന കീര്‍ത്തികേട്ട നാട്ടിലെ പ്രധാന കോട്ടകളിലൊന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ പുഴകളൊഴുകുന്ന നാട്ടിലെ പ്രധാന പുഴയും അറിയപ്പെടുന്നത്‌ ഈ പേരിലാണ്‌. ചന്ദ്രഗിരി കോട്ടയും ചന്ദ്രഗിരി പുഴയെന്നുമാണ്‌ ഇവ അറിയപ്പെടുന്നത്‌. 
സമുദ്രനിരപ്പില്‍ നിന്ന്‌ നൂറ്റമ്പതോളം അടി ഉയരമുള്ളതാണ്‌ ചന്ദ്രഗിരി കോട്ട. ഏകദേശം ഏഴ്‌ ഏക്കര്‍ സര്‍ക്കാര്‍ സ്ഥലത്ത്‌ ചതുരാകൃതിയിലാണ്‌ ചന്ദ്രഗിരികോട്ട സ്ഥിതി ചെയ്യുന്നത്‌. തകര്‍ന്നുവീണ കെട്ടിടങ്ങളുടെയും മറ്റും അവശിഷ്‌ടങ്ങള്‍ മാത്രമേ ഇപ്പോള്‍ ചന്ദ്രഗിരി കോട്ടയിലുള്ളൂ. കുറച്ചൊക്കെ സര്‍ക്കാര്‍ നേതൃത്വത്തില്‍ പുനര്‍നിര്‍മ്മാണവും നടത്തിയിട്ടുണ്ട്‌. ബേക്കല്‍, ഹൊസ്‌ദുര്‍ഗ്‌, ആരിക്കാടി എന്നിവിടങ്ങളിലെ കോട്ടകളില്‍ കാണുന്നതുപോലുള്ള വലിയ കൊത്തളങ്ങള്‍ ചന്ദ്രഗിരി കോട്ടയിലില്ല. പലയിടത്തേയും കോട്ടകളിലേതുപോലെ ഒരു ഹനുമാന്‍ ക്ഷേത്രം ഈ കോട്ടയുടെ കവാടത്തിലുമുണ്ട്‌.
ചന്ദ്രഗിരികോട്ടയും ഇക്കേരി രാജാക്കന്മാരുടെ ആധിപത്യത്തിനും മുമ്പ്‌ തന്നെ നിലവില്‍ വന്നതായി സൗത്ത്‌ കാനറ മാന്വല്‍ ഒന്നാം വാള്യത്തില്‍ സ്റ്ററക്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. കവി ലിങ്കണ്ണയുടെ `കേളദി നൃപ വിജയം' എന്ന കാവ്യത്തിലും ഇക്കേരിയിലെ `ഐതിഹാസിക ഹിന്നിലെ' എന്ന കൃതിയിലും ഇക്കേരി രാജാക്കന്മാരുടെ കാലത്ത്‌ ചന്ദ്രഗിരി അടക്കമുള്ള ചില കോട്ടകള്‍ ശക്തിപ്പെടുത്തിയതായി പറയുന്നു. അത്‌ എ.ഡി. 1582-1629 കാലത്ത്‌ ഭരിച്ച ഹിരിയ വെങ്കടപ്പ നായകിന്റെ കാലത്തായിരുന്നുവത്രെ.എ.ഡി. 1645-60 കാലത്ത്‌ ഇക്കേരി ശിവപ്പ നായക്‌ ഇവിടെ അറബിക്കടലില്‍ ദ്വീപ്‌ പോലെ ഒന്ന്‌ സ്ഥാപിച്ച്‌ ഒരു കോട്ട കെട്ടിയതായും അതിന്‌ ബസവ രാജ ദുര്‍ഗ എന്ന്‌ പേരിട്ടതായും കേളദി ഗുണ്ട ജോയ്‌സ്‌ രചിച്ച `ബിദനൂരിന കേളദി നായക്കറു' എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ആ കോട്ട കടലില്‍ കൂടിയുള്ള ചരക്ക്‌ ഗതാഗതത്തിന്‌ ഒരു തടസ്സമായി മാറിയിരുന്നതായി ബോംബെ ഫാക്‌ടറി റിക്കാര്‍ഡുകള്‍ ഉദ്ധരിച്ചുകൊണ്ട്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.
ചന്ദ്രഗിരി കോട്ടയ്‌ക്ക്‌ കുറച്ച്‌ ദൂരെ ഇന്നത്തെ കളനാട്‌ റെയില്‍വെസ്റ്റേഷന്‌ സമീപത്തായി ചന്ദ്രഗിരി പുഴയോരത്ത്‌ തന്നെ പയോട്ട എന്ന ഒരു സ്ഥലനാമം ഉണ്ട്‌. പഴയകോട്ട എന്ന പേര്‌ ലോപിച്ച്‌ പയോട്ട എന്നായതായിരിക്കുമെന്ന്‌ പറയപ്പെടുന്നു. ഇവിടെ കോലത്തിരിയുടെ കാലത്ത്‌ കെട്ടിട കോട്ട ഉണ്ടായിരിക്കാമെന്നും പിന്നീട്‌ ആ കോട്ട ഇക്കേരി രാജാക്കന്മാരുടെ കാലത്ത്‌ അക്രമിച്ചു കീഴടക്കി പുതുക്കി പണിതതാണ്‌ ചന്ദ്രഗിരി കോട്ടയെന്നും പറയപ്പെടുന്നു. 
നീണ്ട യുദ്ധങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച സ്ഥലമാണ്‌ ചന്ദ്രഗിരി കോട്ടയെന്നും ചരിത്രത്തില്‍ പറയുന്നു. ഇക്കേരി ശിവപ്പ നായക്‌ കോലത്തിരിയുടെ പടയെ നേരിട്ടത്‌ ഈ കോട്ട കേന്ദ്രമാക്കിയായിരുന്നുവത്രെ.1645-60 കാലഘട്ടത്തില്‍ ഇരു സൈന്യങ്ങളും തമ്മില്‍ നിരവധി തവണ ഏറ്റുമുട്ടുകയുണ്ടായി. സാമൂതിരിയുടെ പടനായകനായ ചന്ദ്രശേഖര ഗുരുക്കളുടെ നേതൃത്വത്തില്‍ ഇക്കേരി പടയെ ഒരിക്കല്‍ തുരത്തിഓടിച്ചെങ്കിലും ശിവപ്പനായക്‌ കുറച്ചുകാലങ്ങള്‍ക്ക്‌ ശേഷം കോട്ട തിരിച്ചുപിടിക്കുകയായിരുന്നു. പിന്നീട്‌ ബസപ്പ നായക്‌ ചന്ദ്രഗിരി കോട്ട പിടിച്ചെടുക്കുകയും കോലത്തിരി സൈന്യത്തെ തുരത്തിയോടിക്കുകയും ചെയ്‌തു. ചന്ദ്രഗിരി കോട്ട കീഴടക്കിയാണ്‌ മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരാലി കോലത്ത്‌ നാട്ടിലേക്കുള്ള പടയോട്ടത്തിന്‌ തുടക്കം കുറിച്ചത്‌. ചന്ദ്രഗിരി കോട്ടയില്‍ ഇക്കേരി നായക്കന്മാരുടെ സൈന്യത്തെ നേരിട്ട ചന്ദ്രശേഖര ഗുരുക്കള്‍ കേരളത്തിലെ പ്രബല നായര്‍ തറവാടായ കോടോത്ത്‌ തറവാടിന്റെ സ്ഥാപകനായിരുന്നുവെന്ന്‌ പറയപ്പെടുന്നു. ഇന്ന്‌ ചന്ദ്രഗിരി കോട്ടയുടെ ചില ഭാഗങ്ങള്‍ മാത്രമേ അവശേഷിക്കുന്നുവെങ്കിലും കാഴ്‌ചകള്‍ തേടി ദിനേന ഇവിടെ എത്തുന്നത്‌ ഏറെപേരാണ്‌. ഇവിടെ നിന്നുള്ള സമീപത്തെ ചന്ദ്രഗിരിപ്പുഴയുടെയും ചുറ്റുവട്ടത്തെയും കാഴ്‌ചകള്‍ ഏറെ മനോഹരമാണ്‌. 
കേരളത്തിലെത്തന്നെ പ്രധാന നദികളില്‍ ഒന്നാണ്‌ ചന്ദ്രഗിരിപ്പുഴ. രണ്ട്‌ പുഴകള്‍ ഒന്നിച്ചുണ്ടായ നദിയാണിത്‌. കര്‍ണാടകയിലെ കൂര്‍ഗ്‌ ജില്ലയിലെ നിഷിനി മൊട്ടെയില്‍ നിന്ന്‌ പയസ്വിനി, ചന്ദ്രഗിരി എന്നീ പുഴകള്‍ ഉത്ഭവിച്ച്‌ പടിഞ്ഞാറ്‌ ഒഴുകി ആലൂര്‍ എന്ന സ്ഥലത്ത്‌ ഒന്നിക്കുന്നു. ആലൂരില്‍ നിന്ന്‌ വീണ്ടും ചന്ദ്രഗിരി എന്ന പേരില്‍ തന്നെ പടിഞ്ഞാര്‍ ഭാഗത്തേക്കൊഴുകി കാസര്‍കോട്‌ നഗരത്തിന്‌ തൊട്ട്‌ തെക്കുഭാഗത്തായി കടലില്‍ ചേരുന്നു. മൊത്തം 104 കിലോമീറ്റര്‍ നീളമുള്ള ഈ നദിയുടെ 50 കിലോമീറ്റര്‍ ഭാഗവും കാസര്‍കോട്ടാണൊഴുകുന്നത്‌. പഴയ തുളുനാടിന്റെയും മലയാളക്കരയുടെയും അതിര്‍ത്തിയായിരുന്നു ചന്ദ്രഗിരിപ്പുഴ. 
കടലില്‍ നിന്ന്‌ 10 കിലോമീറ്റര്‍ വരെ ദൂരം ഈ പുഴയില്‍ വേലിയേറ്റമുണ്ടാവാറുണ്ട്‌. കാസര്‍കോട്‌ നഗരത്തിനും ചുറ്റുവട്ടത്തെ പല പ്രദേശങ്ങള്‍ക്കും ചന്ദ്രഗിരിപ്പുഴയുടെ സാന്നിധ്യം പ്രത്യേക സൗന്ദര്യം നല്‍കുന്നു.
(published in utharadesham with jabir kunnil)


Km irshad

About Km irshad

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
No comments:
Write comments

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner