Tuesday, October 30, 2012

ഗതകാലപ്രൗഢിയില്‍ തലയുയര്‍ത്തി കുമ്പള

    12:22:00 AM   1 comment

ഉത്തരദേശത്തെ കാണാകാഴ്‌ചകള്‍-11


പ്രൗഢമായ രാജവാഴ്‌ചയുടെ പാരമ്പര്യം പറയാനുള്ള കുമ്പളയ്‌ക്ക്‌ രാജഭരണമൊക്കെ അവസാനിച്ചെങ്കിലും അതിന്റെ തലയെടുപ്പും പ്രൗഢിയും അവസാനിക്കുന്നില്ല. അനില്‍ കുമ്പള എന്ന ക്രിക്കറ്റ്‌ താരത്തിലൂടെ ലോകം കേട്ടറിഞ്ഞ നാട്ടുപേരാണിത്‌. കുമ്പളയില്‍ അടിവേരുള്ള കൂടുതല്‍ വിശദീകരണങ്ങള്‍ ആവശ്യമില്ലാത്ത ഈ കായികതാരത്തിലൂടെ തന്റെ രാജ്യാന്തര പ്രശസ്‌തിക്കൊപ്പം ഈ കൊച്ചു പട്ടണത്തിന്റെ പേരും ലോകത്തോളം ഉയരുകയായിരുന്നു.
കോലത്തിരി സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു കുമ്പള. കോലത്തിരി രാജ്യം ക്ഷയിച്ചപ്പോള്‍ വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്നു. 1645ല്‍ ശിവപ്പ നായക്‌ കാസര്‍കോട്‌ പ്രദേശവും കുമ്പള ഭരണകൂടത്തിന്റെ ഭാഗമാക്കിയതോടെ രാജ്യം വിശാലമായി. മായിപ്പാടി കോവിലകമായിരുന്നു ഈ രാജ്യത്തിന്റെ ആസ്ഥാനം.
1763ല്‍ ഹൈദരലിയുടെ അധീനത്തിലാവുകയും പിന്നീട്‌ ടിപ്പുസുല്‍ത്താന്‍ മരണപ്പെടുകയും ചെയ്‌തതോടെ ഈ നാട്ടുരാജ്യം അനാഥമായി.
13-ാം നൂറ്റാണ്ടില്‍ മലബാറിലെത്തിയ ക്വിഡ്‌നിയും 1514ല്‍ ബര്‍ബോസ എന്ന പോര്‍ച്ചുഗീസ്‌ സഞ്ചാരിയും 18-ാം നൂറ്റാണ്ടില്‍ ടിപ്പുവിന്റെ പതനത്തിന്‌ ശേഷം ബ്രിട്ടീഷ്‌ കമ്പനിയുടെ കൈവശം വന്ന പ്രദേശങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ ബ്രിട്ടീഷ്‌ ഗവര്‍ണര്‍ ജനറല്‍ വെല്ലസ്ലി നിയോഗിച്ച ഉദ്യോഗസ്ഥനായ ബുക്കാനര്‍ തുടങ്ങിയവരൊക്കെ കുമ്പള സന്ദര്‍ശിച്ചതായി ചരിത്രത്തില്‍ കാണാം. ഇതില്‍ ബര്‍ബോസ നീണ്ടകാലം നീണ്ടകാലം കുമ്പളയില്‍ തങ്ങി ആ പ്രദേശത്തെക്കുറിച്ച്‌ പഠിക്കുകയും രേഖപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌.
നിരവധി സ്‌മാരകങ്ങളും കോട്ടകളും ആരാധനാലയങ്ങളും രാജഭരണകാലത്ത്‌ ഇവിടെ സ്ഥാപിക്കുകയുണ്ടായി. അവയില്‍ പ്രധാനപ്പെട്ട ആരിക്കാടി കോട്ട ഇന്ന്‌ നാശത്തിന്റെ വക്കിലേക്ക്‌ നീങ്ങുമ്പോഴും പഴയ പ്രതാപം വിളിച്ചോതുന്നുണ്ട്‌. 
യക്ഷഗാന കുലപതി പാര്‍ത്ഥസുബ്ബയ്യയുടെ നാടുകൂടിയാണ്‌ കുമ്പള. കെ. ബാലകൃഷ്‌ണന്‍ `കാസര്‍കോടന്‍ ഗ്രാമങ്ങളിലൂടെ' എന്ന പുസ്‌തകത്തില്‍ പറയുന്നതുപോലെ ഇന്ന്‌ കുമ്പള ഒരു കോസ്‌മോ പൊളിറ്റന്‍ ഗ്രാമമാണ്‌. ഭാഷകളുടെ വിളനിലം, മാര്‍വാടികളും തെലുങ്കരും തമിഴരും കന്നട സംസാരിക്കുന്നവരുമെല്ലാം തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം.
അറബിക്കടലും ദേശീയപാതയും കൊങ്കണ്‍ റെയില്‍വെയുമെല്ലാം കുമ്പളയെ തൊട്ടുരുമ്മി കടന്നുപോകുന്നു. അല്ലെങ്കില്‍ കുമ്പള ഇവയോടൊട്ടി നില്‍ക്കുന്നുവെന്നും പറയാം.
മറ്റുപട്ടണങ്ങള്‍ പോലെ കുമ്പളയും കോണ്‍ക്രീറ്റ്‌ യുഗത്തിലേക്ക്‌ വഴിമാറിയ കാഴ്‌ച തുറന്നുകാട്ടുന്നുണ്ട്‌. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിംഗ്‌ കോംപ്ലക്‌സുകള്‍, ബാങ്കുകള്‍ അങ്ങനെ പലതും അതിവേഗം മാറുന്ന കുമ്പളയുടെ മുഖഛായ തുറന്നുകാട്ടുന്നു.
പ്രസിദ്ധമായ അനന്തപുരം ക്ഷേത്രവും തൊട്ടടുത്തുള്ള കിന്‍ഫ്രയും എച്ച്‌.എ.എല്ലുമെല്ലാം കുമ്പളയുടെ പ്രൗഢിക്ക്‌ തിലകച്ചാര്‍ത്താവുന്നു. `കുമ്പളവെടി' എന്നറിയപ്പെടുന്ന ശ്രീ ഗോപാലകൃഷ്‌ണ ക്ഷേത്രത്തില്‍ നടക്കുന്ന ക്ഷേത്രോത്സവം ഈ നാടിന്റെ തന്നെ പൊതു ഉത്സവമാണ്‌. കുമ്പള, കുമ്പോല്‍ മഖാം ഉറൂസുകളും ഏറെ പ്രശസ്‌തമാണ്‌.

അനന്തപുരം
കുമ്പള-ബദിയടുക്ക റൂട്ടില്‍ നായിക്കാപ്പില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ തെക്കോട്ടുപോയാല്‍ അനന്തപുരത്തെത്താം. പ്രസിദ്ധമായ അനന്തപത്മനാഭ ക്ഷേത്രം ഇവിടെയാണ്‌. പാറപ്രദേശം വെട്ടിച്ചുണ്ടായിക്കിയ ഒരു സ്ഥലത്തിന്റെ മധ്യത്തില്‍ 800 അടിയോളം നീളവും വീതിയുമുള്ള ചതുരാകൃതിയിലുള്ള ഒരു തടാകത്തിന്റെ മധ്യത്തിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. കേരളത്തിലെ ഏക തടാകക്ഷേത്രമായിട്ടാണ്‌ ഇവിടം അറിയപ്പെടുന്നത്‌. ശ്രീ കോവിലിന്റെ ഭിത്തികളില്‍ കാണുന്ന കലാഭംഗിയാര്‍ന്ന ചുവര്‍ ചിത്രങ്ങള്‍ ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്‌.
പച്ചപ്പും കുന്നിന്‍ചെരുവുകളും പാറക്കൂട്ടങ്ങളുമടങ്ങിയ വശ്യമനോഹരകാഴ്‌ചകള്‍ സമ്മാനിക്കുന്ന അനന്തപുരം പ്രധാന ടൂറിസ്റ്റുകേന്ദ്രമായി അറിയപ്പെടുന്നു.


ആരിക്കാടി കോട്ട
മംഗലാപുരം ദേശീയപാതയില്‍ കുമ്പളയില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആരിക്കാടി കോട്ടയിലെത്താം. കോട്ടയുടെ നാടായ കാസര്‍കോട്ടെ ഏറ്റവും വടക്കേ അറ്റത്തുള്ള കോട്ടയാണിത്‌. ടിപ്പുസുല്‍ത്താന്റെ കാലത്ത്‌ കെട്ടിയതാണിതെന്നാണ്‌ പലരും വിശ്വസിച്ചുവരുന്നത്‌. കുമ്പള രാജവംശത്തിന്റെ ആസ്ഥാനത്തിനുവേണ്ടിയാണിത്‌ നിര്‍മ്മിച്ചതെന്നും പറയപ്പെടുന്നു.
എന്നാല്‍ എ.ഡി. 1608ല്‍ ഇക്കേരി ഹിരിയ വെങ്കടപ്പ നായക്‌ കെട്ടിയതാണ്‌ കുമ്പളയിലെ ആരിക്കാടി കോട്ടയെന്നാണ്‌ ചരിത്രത്തില്‍ കാണപ്പെടുന്നത്‌. കോട്ടയുടെ കവാടത്തില്‍ നായക്‌ കെട്ടിയ കോട്ടയെന്ന്‌ കന്നടയില്‍ ആലേഖനം ചെയ്‌ത ഒരു ശിലാലിഖിതം ഉണ്ടായിരുന്നുവെന്ന്‌ സൗത്ത്‌ കാനറ ഡിസ്‌ട്രിക്‌ട്‌ മാന്വല്‍ രണ്ടാം വാള്യത്തില്‍ സ്റ്റുവര്‍ട്ട്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.
ഇന്നീ കോട്ട ദ്രവിച്ച്‌ നാമാവശേഷമാവാന്‍ ഒരുങ്ങിനില്‍ക്കുമ്പോഴും പ്രധാന നിരീക്ഷണകേന്ദ്രം ഒരു കോട്ടവും കൂടാതെ നിലനില്‍ക്കുന്നു. ഇതിന്റെ മുകളില്‍ നിന്ന്‌ കാണുന്ന ചുറ്റുവട്ട കാഴ്‌ചകള്‍ ഏറെ മനോഹരമാണ്‌.
(published in utharadesham with jabir kunnil)

Km irshad

About Km irshad

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
1 comment:
Write comments

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner