Wednesday, October 24, 2012

കാസര്‍കോടിന്‌ ലോക ശ്രദ്ധ നല്‍കി സി.പി.സി.ആര്‍.ഐ.

    1:55:00 AM   No comments

ഉത്തരദേശത്തെ കാണാകാഴ്‌ചകള്‍-9
തെങ്ങ്‌, കവുങ്ങ്‌, കൊക്കോ തുടങ്ങിയ കാര്‍ഷിക ഉല്‍പന്നങ്ങളെക്കുറിച്ചുള്ള ഗവേഷണത്താല്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച സ്ഥാപനമാണ്‌ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സി.പി.സി.ആര്‍.ഐ.). തോട്ടവിള ഗവേഷണ രംഗത്ത്‌ ലോകശ്രദ്ധയാകര്‍ഷിക്കുന്ന ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ച ഈ സ്ഥാപനം കാസര്‍കോട്‌-മംഗലാപുരം ദേശീയപാതയില്‍ എരിയാലിനും ചൗക്കിക്കുമിടയില്‍ അഭിമാനത്തോടെ തലയുയര്‍ത്തിനില്‍ക്കുന്നു.
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ കീഴില്‍ 1970ലാണ്‌ സി.പി.സി.ആര്‍.ഐ. ഇവിടെ പ്രവര്‍ത്തനമാരംഭിക്കുന്നത്‌. നേരത്തെ 1916ല്‍ തന്നെ മദ്രാസ്‌ പ്രവിശ്യയുടെ കീഴില്‍ ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഒരു തെങ്ങ്‌ ഗവേഷണ കേന്ദ്രം കാസര്‍കോട്ട്‌ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട്‌ ഏറെ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന പല ഗവേഷണ കേന്ദ്രങ്ങളെയും സംയോജിപ്പിച്ച്‌ ഇന്നത്തെ രീതിയിലേക്ക്‌ പുനഃസ്ഥാപിക്കുകയായിരുന്നു. കാസര്‍കോട്‌, കായംകുളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന തെങ്ങ്‌ ഗവേഷണ കേന്ദ്രങ്ങളും അതിന്റെ ഉപകേന്ദ്രങ്ങളുമൊക്കെ സംയോജിപ്പിച്ചാണ്‌ ഇവിടത്തെ തോട്ടവിള ഗവേഷണ കേന്ദ്രം വിപുലീകരിച്ചത്‌.
എന്നാല്‍ പിന്നീട്‌ കശുമാവ്‌, സുഗന്ധവ്യഞ്‌ജനങ്ങള്‍, എണ്ണപ്പന തുടങ്ങിയ കാര്‍ഷിക വിളകളെക്കുറിച്ച്‌ ഗവേഷണം നടത്താന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി സ്വതന്ത്ര കേന്ദ്രങ്ങള്‍ തുടങ്ങിയതോടെ ഇത്തരം വിളകളുടെ ഗവേഷണങ്ങള്‍ ഇവിടെ നിന്ന്‌ വേര്‍പ്പെടുത്തി. പിന്നീട്‌ തെങ്ങ്‌, കവുങ്ങ്‌, കൊക്കോ എന്നീ വിളകളെക്കുറിച്ചുള്ള ഗവേഷണം മാത്രമായി ഇവിടെ.
കായംകുളം, വിട്ടല്‍, മിനിക്കോയ്‌ എന്നിവിടങ്ങളില്‍ മൂന്ന്‌ പ്രാദേശിക കേന്ദ്രങ്ങള്‍ സി.പി.സി.ആര്‍.ഐക്ക്‌ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. കര്‍ണാടകയിലെ കിഡു, അസാമിലെ കാഹികുച്ചി, പശ്ചിമ ബംഗാളിലെ മൊഹിത്‌നഗര്‍ തുടങ്ങിയിടങ്ങളില്‍ ഇതിന്റെ കീഴില്‍ ഉപകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഏറെ ശ്രദ്ധേയമായ പൂര്‍വ്വ ഏഷ്യക്ക്‌ വേണ്ടിയുള്ള അന്താരാഷ്‌ട്ര നാളികേര ജനിതക ശേഖരം പരിപാലിച്ചുവരുന്നത്‌ സി.പി.സി.ആര്‍.ഐയുടെ കിഡുവിലെ ഉപകേന്ദ്രത്തിലാണ്‌. പനവര്‍ഗ വിളകളെക്കുറിച്ച്‌ ഗവേഷണം നടത്താനായുള്ള അഖിലേന്ത്യാ ഏകോപിത ഗവേഷണ പ്രൊജക്‌ടിന്റെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും ഈ തോട്ടവിള ഗവേഷണ കേന്ദ്രമാണ്‌.

ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ ഗവേഷണ രംഗത്ത്‌ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ സി.പി.സി.ആര്‍.ഐക്ക്‌ ആരംഭഘട്ടം തൊട്ടുതന്നെ കഴിഞ്ഞിട്ടുണ്ട്‌. ലോകത്തുതന്നെ തെങ്ങിന്റെ ഏറ്റവും വിപുലമായ ജനിതക ശേഖരണമുള്ളതും ഇവിടെയാണ്‌. 229 നാടന്‍ ഇനങ്ങളും 132 വിദേശ ജനിതക തെങ്ങുകളും ഈ ശേഖരണത്തില്‍പെടുന്നു. 
153 തരം കവുങ്ങിന്റെ ജനിതക ശേഖരണവും 185 ഇനങ്ങളോളം വരുന്ന കൊക്കോ ശേഖരണവും സി.പി.സി.ആര്‍.ഐയില്‍ പരിപാലിച്ചുവരുന്നു. 
ലക്ഷദ്വീപ്‌ ഓര്‍ഡിനറി (ചന്ദ്രകല്‍പ), ഫിലിപ്പൈന്‍സ്‌ ഓര്‍ഡിനറി (കേരചന്ദ്ര) എന്നീ നാടന്‍ ഇനം തെങ്ങുകള്‍ ഇവിടെ നിന്ന്‌ ഗവേഷണപരമായി പുറത്തിറക്കിയതാണ്‌. കേരസങ്കര, ചന്ദ്രസങ്കര, ചന്ദ്രലക്ഷ എന്നീ സങ്കരയിനം തെങ്ങുകളും ഇവിടെ നിന്ന്‌ പുറത്തിറക്കി. അത്യുല്‍പാദന ശേഷിയുള്ള മംഗള, സുമംഗള, ശ്രീമംഗള, മൊഹിത്‌നഗര്‍, സ്വര്‍ണമംഗല എന്നീ കവുങ്ങിനങ്ങളും അരിക്കനട്ട്‌ ഹൈബ്രിഡ്‌-1, വിട്ടല്‍ അരിക്കനെട്ട്‌ ഹൈബ്രിഡ്‌-2 തുടങ്ങിയ കുറിയ കവുങ്ങിനങ്ങളും ഇവിടെനിന്ന്‌ പുറത്തിറങ്ങിയതാണ്‌.

തെങ്ങോലയില്‍ നിന്നും മണ്ണി കമ്പോസ്റ്റുണ്ടാക്കുന്നതിനായി ലളിതവും ചെലവ്‌ കുറഞ്ഞതുമായ സാങ്കേതിക വിദ്യ ഇവിടെ നിന്നും വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. അതുകൂടാതെ തെങ്ങിന്റെയും കവുങ്ങിന്റെയും മറ്റു തോട്ടവിളകളുടെയുമൊക്കെ ഒരുപാട്‌ ജനിതക മാറ്റങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സി.പി.സി.ആര്‍.ഐക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.


സി.പി.സി.ആര്‍.ഐ. കേന്ദ്രീയ വിദ്യാലയം, കൃഷി വിജ്ഞാന കേന്ദ്രം, ചന്ദ്രഗിരി ഗസ്റ്റ്‌ഹൗസ്‌, നാളികേര മ്യൂസിയം, കാര്‍ഷിക സാങ്കേതിക വിവര കേന്ദ്രം, ഐ.ടി. സെന്റര്‍ ആന്റ്‌ ലൈബ്രറി തുടങ്ങിയവയും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്‌. ചൗക്കിയില്‍ 1980ല്‍ തുടങ്ങിയതാണ്‌ സി.പി.സി.ആര്‍.ഐ. കേന്ദ്രീയ വിദ്യാലയം. ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഇവിടെ നടക്കുന്നുണ്ട്‌. കലാ-കായിക-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഈ സ്‌കൂള്‍ നേതൃത്വം നല്‍കുന്നു. തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ്‌ ഈ സ്‌കൂള്‍ സ്ഥാപിക്കപ്പെട്ടത്‌. 5,500ലധികം പുസ്‌തകങ്ങളുള്ള എല്‍.സി.ഡി. സൗകര്യങ്ങളോടുകൂടിയുള്ള ലൈബ്രറിയും ഫിസിക്‌സ്‌, കെമിസ്‌ട്രി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്‌ ലാബുകള്‍, വിവിധ കായിക വിനോദങ്ങള്‍ക്കായുള്ള സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. 
1993 ജനുവരി 1ന്‌ സ്ഥാപിതമായതാണ്‌ സി.പി.സി.ആര്‍.ഐ. കൃഷി വിജ്ഞാന കേന്ദ്രം. ജില്ലയിലെ കര്‍ഷകര്‍ക്ക്‌ വേണ്ടിയുള്ള വിവിധ കാര്‍ഷിക പരിശീലന പരിപാടികള്‍ക്കും ഇത്‌ നേതൃത്വം നല്‍കുന്നു.

മൊഗ്രാല്‍പുത്തൂര്‍ കല്ലങ്കൈയില്‍ സി.പി.സി.ആര്‍.ഐക്ക്‌ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ജില്ലയിലെ തന്നെ പ്രധാന ഗസ്റ്റ്‌ഹൗസുകളിലൊന്നാണ്‌ ചന്ദ്രഗിരി ഗസ്റ്റഹൗസ്‌. ഒട്ടനവധി ഗവേഷണ നേട്ടങ്ങളുടെയും മറ്റും കഥ പറയാനൊരുങ്ങി നില്‍ക്കുന്ന സി.പി.സി.ആര്‍.ഐയിലെ കാഴ്‌ചകളും ഏറെ മനോഹരമാണ്‌. ഭംഗിയാര്‍ന്ന കെട്ടിടങ്ങളും വരിവരിയായി നിരന്നുനില്‍ക്കുന്ന തെങ്ങുകളും ഭംഗിയായി വെച്ചുപിടിപ്പിച്ച മറ്റു കാര്‍ഷിക വിളകളും ഇവിടെ എത്തുന്നവരെ ആകര്‍ഷിക്കുന്നു.
(published in utharadesham with jabir kunnil)



Unknown

About Unknown

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
No comments:
Write comments

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner