Tuesday, October 23, 2012

മധൂര്‍ കാസര്‍കോടിന്റെ മധുര;

    2:11:00 AM   4 comments

ഉത്തരദേശത്തെ കാണാകാഴ്‌ചകള്‍-8
ക്ഷേത്ര വിശേഷണംകൊണ്ട്‌ രാജ്യത്ത്‌ കീര്‍ത്തികേട്ട പേരാണ്‌ മധുര. ആ അര്‍ത്ഥത്തില്‍ മധൂരിനെ കാസര്‍കോടിന്റെ മധുര എന്ന്‌ വിശേഷിപ്പിക്കാം. കാരണം ഏറെ ശ്രദ്ധേയമായ ഒരുപാട്‌ ചരിത്രംകൊണ്ട്‌ കീര്‍ത്തികേട്ട ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം ഇവിടെയാണ്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ദിനേന നൂറുകണക്കിനാളുകള്‍ തീര്‍ത്ഥാടനത്തിനെത്തുന്ന ഉത്തരകേരളത്തിലെ ഏറ്റവും പ്രശസ്‌തമായ ക്ഷേത്രങ്ങളിലൊന്ന്‌.
കാസര്‍കോട്‌ നഗരത്തില്‍ നിന്ന്‌ ഏഴ്‌ കിലോമീറ്റര്‍ വടക്കായാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. പ്രകൃതിയുടെ പച്ചപ്പ്‌ തീര്‍ത്ത മനോഹരമായ സ്ഥലത്ത്‌ നിറഞ്ഞൊഴുകുന്ന മധുവാഹിനി പുഴയുടെ തീരത്ത്‌ അരയാല്‍ വൃക്ഷത്തിന്റെ സാമിപ്യത്തോടെ കെട്ടിലും മട്ടിലും സൗന്ദര്യം വിളിച്ചോതുന്ന തരത്തിലാണ്‌ ഈ ക്ഷേത്രം നിലകൊള്ളുന്നത്‌. 
മൂന്നുനിലകളായാണ്‌ സിദ്ധിവിനായക ക്ഷേത്രം പണിതിട്ടുള്ളത്‌. മുകളിലത്തെ രണ്ട്‌ നിലകളിലെയും മേല്‍ക്കൂരകള്‍ ചെമ്പുകൊണ്ട്‌ നിര്‍മ്മിച്ചതിനാല്‍ സദാ തിളങ്ങിനില്‍ക്കുന്നു. താഴത്തെ നിലയിലെ മേല്‍ക്കൂര പൂര്‍വ്വ ഭംഗിയോടെ ഓടുകൊണ്ട്‌ തീര്‍ത്തതാണ്‌.
വൈവിധ്യമാര്‍ന്ന കൊത്തുപണികളാല്‍ മനോഹരമായ കാഴ്‌ചകളൊരുക്കിയാണ്‌ ക്ഷേത്രത്തിന്റെ അകവും നിലകൊള്ളുന്നത്‌. ക്ഷേത്ര മണ്ഡപങ്ങളുടെ അകത്ത്‌ മുഖമണ്ഡപങ്ങളുടെ മേല്‍ഭാഗത്ത്‌ നവഗ്രഹങ്ങളുടെ മനോഹരമായ രൂപങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്‌. അപൂര്‍വ്വമായ കൊത്തുപണികള്‍കൊണ്ട്‌ ആരെയും ആകര്‍ഷിക്കുന്ന തരത്തിലാണ്‌ മുഖമണ്ഡപത്തിന്റെ തൂണുകള്‍ സ്ഥാപിച്ചിട്ടുള്ളത്‌. 

കാശി വിശ്വനാഥന്‍, ശ്രീ ശാസ്‌താവ്‌, ശ്രീദുര്‍ഗ, ശ്രീ സുബ്രഹ്‌മണ്യന്‍ എന്നീ പേരുകളില്‍ കോവിലങ്ങളും നാദമണ്ഡപവും അരിക്കൊട്ടികയും യാഗ, മുഖമണ്ഡപവും ക്ഷേത്രത്തിലുണ്ട്‌. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഭാഗത്ത്‌ ഗോപുരം നിലകൊള്ളുന്നു. ഇതിന്റെ കീഴില്‍ നിരവധി ഉപക്ഷേത്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്‌.
രാജവംശവുമായി നേരിട്ടുബന്ധമുള്ള മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം പഴയ കുമ്പള സീമയിലെ അതിപുരാതനമായ ക്ഷേത്രങ്ങളില്‍ ഒന്നായാണ്‌ അറിയപ്പെടുന്നത്‌. മധൂര്‍ എന്ന പേര്‌ തന്നെയുണ്ടായത്‌ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണത്രെ.
നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ മദറു എന്ന സ്‌ത്രീ കത്തിയുപയോഗിച്ച്‌ കിഴങ്ങെടുക്കുമ്പോള്‍ കത്തി കല്ലിന്മേല്‍ തട്ടിയെന്നും ആ സമയത്ത്‌ കല്ലില്‍ നിന്ന്‌ രക്തം വന്നുവെന്നും പേടിച്ചോടിയ മദറു ഇക്കാര്യം രാജാവിനോടും മറ്റും വിവരിച്ചെന്നും പറയപ്പെടുന്നു.
രാജാവ്‌ സംഭവം ക്ഷേത്ര തന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയെന്നും കല്ല്‌ ശിവലിംഗമാണെന്ന്‌ തന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അതെടുത്ത്‌ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠിച്ചതായും പറയപ്പെടുന്നു. ആ കല്ല്‌ ഇപ്പോഴും മധൂര്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുണ്ടത്രെ. ഈ സംഭവത്തെതുടര്‍ന്ന്‌ മദറുവിന്റെ ഊര്‌ മധൂര്‌ എന്ന്‌ ഉരുത്തിരിഞ്ഞ്‌ സ്ഥലപ്പേരുണ്ടായതെന്നാണ്‌ പ്രചാരത്തിലുള്ളത്‌.
കോട്ടക്കണി കുഞ്ചാര്‍ എന്ന സ്ഥലത്ത്‌ ഭീമന്റെ കാല്‍പാടുണ്ട്‌ എന്ന്‌ പറയപ്പെടുന്ന സ്ഥലവും ഏറെ പ്രശസ്‌തമാണ്‌. ഇവിടത്തെ കാല്‍പാടുകള്‍ കാണാന്‍ ദിനേന ഏറെപേര്‍ ഇവിടെയെത്തുന്നു. കോട്ടക്കണിയില്‍ മായില രാജാവിന്റെ കാലത്ത്‌ നിര്‍മ്മിച്ച ഒരു കോട്ട അടുത്തകാലംവരെ ഉണ്ടായിരുന്നുവത്രെ. രാജ്യത്തെ അക്രമിക്കാന്‍ വരുന്ന ശത്രുക്കളെ കാണാന്‍ വേണ്ടി കോട്ടയ്‌ക്കൊപ്പം ബത്തേരിയും നിര്‍മ്മിച്ചിരുന്നു. ആ ബത്തേരിയുടെ അവശിഷ്‌ടങ്ങള്‍ ഇപ്പോഴും അവിടെ കാണപ്പെടുന്നു.

മധൂരിലെ ഏറെ പ്രശസ്‌തമായ മറ്റൊരു ചരിത്രസ്‌മാരകമാണ്‌ മായിപ്പാടി കോവിലകം. മധൂരില്‍ നിന്ന്‌ മൂന്ന്‌ കിലോമീറ്ററും കാസര്‍കോട്‌ നഗരത്തില്‍ നിന്ന്‌ 8 കിലോമീറ്ററും ദൂരെയായി കാസര്‍കോട്‌-സീതാംഗോളി റൂട്ടിലാണ്‌ മായിപ്പാടി കൊട്ടാരം നിലനില്‍ക്കുന്നത്‌. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പുണ്ടായിരുന്ന കുമ്പള രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഇത്‌. മധൂര്‍, അഡൂര്‍, , മുജംകാവ്‌, കുമ്പള തുടങ്ങിയ ക്ഷേത്രങ്ങളുടെ സംരക്ഷണം ഈ രാജഭരണത്തിന്റെ കീഴിലാണ്‌.
കൂഡ്‌ലു ശ്രീ ഗോപാലകൃഷ്‌ണ ക്ഷേത്രം, ശിവമംഗലം ശിവക്ഷേത്രം, വിഷ്‌ണുമംഗലം മഹാവിഷ്‌ണുക്ഷേത്രം, ദേവരഗുഡ്ഡെ ശ്രീ ഷൈല മഹാദേവ ക്ഷേത്രം, പുളിക്കൂര്‍ മഹാദേവ ക്ഷേത്രം, പറക്കില ശ്രീ മഹാദേവ ശാസ്‌താവിനായക ക്ഷേത്രം, മീപ്പുഗുരി ശ്രീ ദുര്‍ഗാപരമേശ്വരി ക്ഷേത്രം, അറന്തോട്‌ ശ്രീ മഹാദേവ ക്ഷേത്രം, കുതിരപ്പാടി ശ്രീ സുബ്രഹ്‌മണ്യക്ഷേത്രം, മധൂര്‍ ശ്രീ കാളികാംബാ മഠം തുടങ്ങിയവ മധൂര്‍ പഞ്ചായത്ത്‌ പരിധിയിലെ പ്രമുഖ ക്ഷേത്രങ്ങളാണ്‌.
പട്‌ള ജുമാമസ്‌ജിദ്‌, ചൂരി പഴയ ജുമാമസ്‌ജിദ്‌, ചൂരി പുതിയ ജുമാമസ്‌ജിദ്‌, മധൂര്‍ ജുമാമസ്‌ജിദ്‌, മഞ്ചത്തടുക്ക, ശ്രീബാഗില്‍ ജുമാമസ്‌ജിദുകള്‍ തുടങ്ങിയ ഒട്ടനവധി മുസ്ലിം പള്ളികളും ഈ പ്രദേശത്തുണ്ട്‌. 

പതിറ്റാണ്ടുകളുടെ പഴക്കമുള്ള അധ്യാപക പരിശീലനകേന്ദ്രം ഉള്‍പ്പെടെയുള്ള മായിപ്പാടി ഡയറ്റ്‌, പട്‌ള ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പ്രമുഖ സ്വാതന്ത്ര്യസമര സേനാനി ബംബ്രാണ ശിവപ്പ നായക്‌ പ്രാഥമിക വിദ്യാഭ്യാസം നേടിയ ഷിറിബാഗിലു വെല്‍ഫെയര്‍ എല്‍.പി. സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളും നിരവധി പ്രൈവറ്റ്‌ സ്‌കൂളുകളും ഇന്നാട്ടിലെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്ക്‌ ചിറക്‌ നല്‍കുന്നു.
(published in utharadesham with jabir kunnil)

Km irshad

About Km irshad

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
4 comments:
Write comments
 1. ഇത്ര നല്ല എഴുത്തിന് എന്തുകൊണ്ട് വായനക്കാർ കുറയുന്നു എന്ന് എനിക്കു മനസ്സിലാവുന്നില്ല.....

  അറിയാത്ത സമുദ്രങ്ങളേക്കാൾ എനിക്കിഷ്ടം അറിയുന്ന നിളയെക്കുറിച്ച് എഴുതുവാനാണെന്ന് എം.ടി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സ്വന്തം പ്രദേശത്തെയും ചുറ്റുപാടുകളേയും ശരിക്കറിഞ്ഞുള്ള ഈ ഉദ്യമത്തെ അഭിനന്ദിക്കാതെ വയ്യ.....

  ഇർഷാദിന്റെ അനുമതിയോടെ ഈ ബ്ലോഗ് ഞാൻ എന്റെ കൂട്ടുകാർക്കിടയിൽ പരിചയപ്പെടുത്തുന്നു......

  ReplyDelete
  Replies
  1. പ്രദീപ്‌ സര്‍ നന്ദി..നന്ദി
   വന്നതിനു,
   വായിച്ചദിനു,
   അഭിനന്ദനങ്ങള്‍ക്ക്,
   ഷെയറിങ്ങിനു.....

   Delete
 2. കാസര്‍കോടിന്റെ ചരിത്രം എഴുതാന്‍ ഇറങ്ങിയ ഈ ഉദ്യമത്തിന് നന്ദി.....

  ReplyDelete

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner