ഉത്തരദേശത്തെ കാണാകാഴ്‌ചകള്‍-12
സമുദ്രനിരപ്പില്‍ നിന്ന് നൂറ്റമ്പതോളം അടി ഉയരമുള്ളതാണ് ചന്ദ്രഗിരി കോട്ട. ഏകദേശം ഏഴ് ഏക്കര്‍ സര്‍ക്കാര്‍ സ്ഥലത്ത് ചതുരാകൃതിയിലാണ് ചന്ദ്രഗിരികോട്ട സ്ഥിതി ചെയ്യുന്നത്. തകര്‍ന്നുവീണ കെട്ടിടങ്ങളുടെയും മറ്റും അവശിഷ്‌ടങ്ങള്‍ മാത്രമേ ഇപ്പോള്‍ ചന്ദ്രഗിരി കോട്ടയിലുള്ളൂ. കുറച്ചൊക്കെ സര്‍ക്കാര്‍ നേതൃത്വത്തില്‍ പുനര്‍നിര്‍മ്മാണവും നടത്തിയിട്ടുണ്ട്. ബേക്കല്‍, ഹൊസ്‌ദുര്‍ഗ്, ആരിക്കാടി എന്നിവിടങ്ങളിലെ കോട്ടകളില്‍ കാണുന്നതുപോലുള്ള വലിയ കൊത്തളങ്ങള്‍ ചന്ദ്രഗിരി കോട്ടയിലില്ല. പലയിടത്തേയും കോട്ടകളിലേതുപോലെ ഒരു ഹനുമാന്‍ ക്ഷേത്രം ഈ കോട്ടയുടെ കവാടത്തിലുമുണ്ട്.
ചന്ദ്രഗിരികോട്ടയും ഇക്കേരി രാജാക്കന്മാരുടെ ആധിപത്യത്തിനും മുമ്പ് തന്നെ നിലവില്‍ വന്നതായി സൗത്ത് കാനറ മാന്വല്‍ ഒന്നാം വാള്യത്തില്‍ സ്റ്ററക് രേഖപ്പെടുത്തിയിട്ടുണ്ട്. കവി ലിങ്കണ്ണയുടെ `കേളദി നൃപ വിജയം' എന്ന കാവ്യത്തിലും ഇക്കേരിയിലെ `ഐതിഹാസിക ഹിന്നിലെ' എന്ന കൃതിയിലും ഇക്കേരി രാജാക്കന്മാരുടെ കാലത്ത് ചന്ദ്രഗിരി അടക്കമുള്ള ചില കോട്ടകള്‍ ശക്തിപ്പെടുത്തിയതായി പറയുന്നു. അത് എ.ഡി. 1582-1629 കാലത്ത് ഭരിച്ച ഹിരിയ വെങ്കടപ്പ നായകിന്റെ കാലത്തായിരുന്നുവത്രെ.
എ.ഡി. 1645-60 കാലത്ത് ഇക്കേരി ശിവപ്പ നായക് ഇവിടെ അറബിക്കടലില്‍ ദ്വീപ് പോലെ ഒന്ന് സ്ഥാപിച്ച് ഒരു കോട്ട കെട്ടിയതായും അതിന് ബസവ രാജ ദുര്‍ഗ എന്ന് പേരിട്ടതായും കേളദി ഗുണ്ട ജോയ്‌സ് രചിച്ച `ബിദനൂരിന കേളദി നായക്കറു' എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ കോട്ട കടലില്‍ കൂടിയുള്ള ചരക്ക് ഗതാഗതത്തിന് ഒരു തടസ്സമായി മാറിയിരുന്നതായി ബോംബെ ഫാക്‌ടറി റിക്കാര്‍ഡുകള്‍ ഉദ്ധരിച്ചുകൊണ്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ചന്ദ്രഗിരി കോട്ടയ്‌ക്ക് കുറച്ച് ദൂരെ ഇന്നത്തെ കളനാട് റെയില്‍വെസ്റ്റേഷന് സമീപത്തായി ചന്ദ്രഗിരി പുഴയോരത്ത് തന്നെ പയോട്ട എന്ന ഒരു സ്ഥലനാമം ഉണ്ട്. പഴയകോട്ട എന്ന പേര് ലോപിച്ച് പയോട്ട എന്നായതായിരിക്കുമെന്ന് പറയപ്പെടുന്നു. ഇവിടെ കോലത്തിരിയുടെ കാലത്ത് കെട്ടിട കോട്ട ഉണ്ടായിരിക്കാമെന്നും പിന്നീട് ആ കോട്ട ഇക്കേരി രാജാക്കന്മാരുടെ കാലത്ത് അക്രമിച്ചു കീഴടക്കി പുതുക്കി പണിതതാണ് ചന്ദ്രഗിരി കോട്ടയെന്നും പറയപ്പെടുന്നു.
നീണ്ട യുദ്ധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച സ്ഥലമാണ് ചന്ദ്രഗിരി കോട്ടയെന്നും ചരിത്രത്തില്‍ പറയുന്നു. ഇക്കേരി ശിവപ്പ നായക് കോലത്തിരിയുടെ പടയെ നേരിട്ടത് ഈ കോട്ട കേന്ദ്രമാക്കിയായിരുന്നുവത്രെ.
കേരളത്തിലെത്തന്നെ പ്രധാന നദികളില്‍ ഒന്നാണ് ചന്ദ്രഗിരിപ്പുഴ. രണ്ട് പുഴകള്‍ ഒന്നിച്ചുണ്ടായ നദിയാണിത്. കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലെ നിഷിനി മൊട്ടെയില്‍ നിന്ന് പയസ്വിനി, ചന്ദ്രഗിരി എന്നീ പുഴകള്‍ ഉത്ഭവിച്ച് പടിഞ്ഞാറ് ഒഴുകി ആലൂര്‍ എന്ന സ്ഥലത്ത് ഒന്നിക്കുന്നു. ആലൂരില്‍ നിന്ന് വീണ്ടും ചന്ദ്രഗിരി എന്ന പേരില്‍ തന്നെ പടിഞ്ഞാര്‍ ഭാഗത്തേക്കൊഴുകി കാസര്‍കോട് നഗരത്തിന് തൊട്ട് തെക്കുഭാഗത്തായി കടലില്‍ ചേരുന്നു. മൊത്തം 104 കിലോമീറ്റര്‍ നീളമുള്ള ഈ നദിയുടെ 50 കിലോമീറ്റര്‍ ഭാഗവും കാസര്‍കോട്ടാണൊഴുകുന്നത്. പഴയ തുളുനാടിന്റെയും മലയാളക്കരയുടെയും അതിര്‍ത്തിയായിരുന്നു ചന്ദ്രഗിരിപ്പുഴ.
കടലില്‍ നിന്ന് 10 കിലോമീറ്റര്‍ വരെ ദൂരം ഈ പുഴയില്‍ വേലിയേറ്റമുണ്ടാവാറുണ്ട്. കാസര്‍കോട് നഗരത്തിനും ചുറ്റുവട്ടത്തെ പല പ്രദേശങ്ങള്‍ക്കും ചന്ദ്രഗിരിപ്പുഴയുടെ സാന്നിധ്യം പ്രത്യേക സൗന്ദര്യം നല്‍കുന്നു.
No comments:
Write comments