Advertise Here

വിദേശം

Thursday, April 20, 2017

നിത്യാനന്ദ ഷേണായിയുടെ നാട്ടില്‍!

    2:24:00 AM   No comments


വിഷുക്കൈനീട്ടമായെത്തിയ മമ്മൂട്ടിയുടെ രഞ്ജിത്ത് ചിത്രം 'പുത്തന്‍ പണ'ത്തില്‍ മലയാളിക്ക് അത്ര പരിചിതമല്ലാത്ത ഭാഷാ ശൈലിയുമായി കുമ്പളക്കാരന്‍ നിത്യാനന്ദ ഷേണായി ആയാണ് 
എത്തിയിരിക്കുന്നത്. മലയാള സിനിമയില്‍ തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം
 ഭാഷാശൈലികളൊക്കെ മുമ്പ് പരീക്ഷിക്കപ്പെട്ടതാണെങ്കിലും ഒരു പക്കാ കാസറഗോഡന്‍ 
ഭാഷാശൈലി ഇതാദ്യമാണ്.

ലുക്കിലും ഗെറ്റപ്പിലും ഭാഷാശൈലിയിലുമൊക്കെ ഒരു തനി കുമ്പളക്കാരനായി പരകായ പ്രവേശം
 നടത്താന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിരിക്കുന്നു. നിത്യാനന്ദഷേണായിയുടെ കുമ്പളയിലേക്ക് നമുക്കൊരു യാത്ര പോയാലോ ?
ഈ പേര് അധിക ഇന്ത്യക്കാരും കേട്ടിരിക്കും, അനില്‍ കുംബ്ലെ എന്ന പ്രശസ്തനായ ക്രിക്കറ്റ് 
താരത്തിന്റെ ജന്മ ദേശമാണിത്; സ്വന്തം ജന്മനാടിനെ പേരിനൊപ്പം കൂടെ കൂട്ടുകയും ചെയ്തു 
അദ്ദേഹം. അദ്ദേഹത്തോടുള്ള ഈ നാടിന്റെ ആദരവായ് ആ പേരില്‍ ഒരു റോഡുമുണ്ട് കുമ്പളയില്‍.
കാസറഗോഡിന്റെ സപ്തഭാഷ വൈവിധ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു കോസ്‌മോ പോളിറ്റന്‍ 
സംസ്‌കാരം ഉള്‍കൊള്ളുന്ന, കാസറഗോഡ് നഗരത്തില്‍ നിന്ന് പതിനൊന്ന് കിലോമീറ്റര്‍ അകലെയുള്ള
 ചെറു ടൗണാണ് കുമ്പള.
കേരളത്തിലെ ഒരേയൊരു തടാക ക്ഷേത്രമായ അനന്തപുരം തടാക ക്ഷേത്രം ഇവിടെയാണ്. 
കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള കോട്ടയായ ആരിക്കാടി കോട്ടയും.  ഉത്തര 
മലബാറിലെ പ്രധാന മാപ്പിള തെയ്യങ്ങളിലൊന്നായ ആലിതെയ്യം അരങ്ങേറുന്നത് ആരിക്കാടിയിലാണ്
കൂടാതെ ഇവിടെത്തെ ശ്രീ കണിപ്പുര ക്ഷേത്രത്തിലെ വെടിയുത്സവം ജാതിമത ഭേദമന്യേ നാടിന്റെ 
ഉത്സവമാണ്.
അനന്തപുരം ക്ഷേത്രം  
തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് ഈ ക്ഷേത്രം. മനോഹരമായ തടാകത്തിലാണിത്. ശ്രീ കോവിലിന്റെ പുറം ചുമരിലെ ചുവര്‍ ചിത്രങ്ങള്‍ അജന്ത, എല്ലോറ ചിത്രങ്ങളോട് സാമ്യമുള്ളവയാണ്.
കടുശര്‍ക്കരയോഗമെന്ന പുരാതന വിഗ്രഹ ശൈലിയിലാണ് ഇവിടത്തെ വിഗ്രഹം നിര്‍മിച്ചിരുന്നത്. പിന്നെടെപ്പോഴോ പഞ്ചലോഹ വിഗ്രഹത്തിലേക്ക് വഴിമാറി വീണ്ടും കടുശര്‍ക്കരയോഗത്തിലേക്ക് തന്നെ വിഗ്രഹത്തെ മാറ്റി സ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു.
കുമ്പള - ബദിയടുക്ക റൂട്ടില്‍ നായിക്കാപ്പിലൂടെ ഒരു കിലോമീറ്റര്‍ തെക്കോട്ടു പോയാല്‍ അനന്തപുരത്തെത്താം, വര്‍ഷകാലത്ത് ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് ക്ഷേത്രവും കുന്നിന്‍ചെരുവുകളും, പാറക്കെട്ടുകളുമൊക്കെ സമ്മാനിക്കുന്നത് വശ്യമനോഹരമായ കാഴ്ചാനുഭവമാണ്.
ക്ഷേത്ര തടാകത്തില്‍ ഒരു മുതലയുണ്ട്, പേര് ബബ്ബിയ്യ. കഴിഞ്ഞ അറുപത്തിയഞ്ച് വര്‍ഷത്തോളമായി ഈ മുതല മാംസാഹാരം കഴിക്കാതെ, മനുഷ്യരെ ഉപദ്രവിക്കാതെ, പൂജരിമ്മാര്‍ നല്‍കുന്ന നിവേദ്യച്ചോര്‍ മാത്രം കഴിച്ച് ഇവിടെ കഴിയുന്നു.
 ആരിക്കാടി കോട്ട
മംഗലാപുരം ദേശീയപാതയില്‍ കുമ്പളയില്‍ നിന്ന് ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ കോട്ടയിലെത്താം. കോട്ടയുടെ നാടായ കാസര്‍കോട്ടെ ഏറ്റവും വടക്കേ അറ്റത്തുള്ള കോട്ടയാണിത്. ടിപ്പുസുല്‍ത്താന്റെ കാലത്ത് നിര്‍മ്മിച്ചതാണെന്നാണ് പരക്കെ വിശ്വസിച്ചുവരുന്നത്. കുമ്പള രാജവംശത്തിന്റെ ആസ്ഥാനത്തിനുവേണ്ടിയാണിത് നിര്‍മ്മിച്ചതെന്നും പറയപ്പെടുന്നു.
എന്നാല്‍ എ.ഡി. 1608ല്‍ ഇക്കേരി ഹിരിയ വെങ്കടപ്പ നായക് കെട്ടിയതാണ് കുമ്പളയിലെ ആരിക്കാടി കോട്ടയെന്നാണ് ചരിത്ര രേഖകളിലുള്ളത്. കോട്ടയുടെ കവാടത്തില്‍ നായക് നിര്‍മ്മിച്ച കോട്ടയെന്ന് കന്നടയില്‍ ആലേഖനം ചെയ്ത ഒരു ശിലാലിഖിതം ഉണ്ടായിരുന്നുവെന്ന് സൗത്ത് കാനറ ഡിസ്ട്രിക്ട് മാന്വല്‍ രണ്ടാം വാള്യത്തില്‍ സ്റ്റുവര്‍ട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് ഈ കോട്ട ദ്രവിച്ച് നശിക്കുമ്പോഴും കോട്ടയുടെ പ്രധാന നിരീക്ഷണകേന്ദ്രം ഒരു കോട്ടവും കൂടാതെ നിലനില്‍ക്കുന്നു. ഇതിന്റെ മുകളില്‍ നിന്ന് കാണുന്ന അറബിക്കടലിന്റെയും, കുമ്പളപ്പുഴയുടെയും  കാഴ്ചകള്‍ മനോഹരമാണ്. അടുത്തിടെ കോട്ടയുടെ പരിസരത്ത് പുരാവസ്തു വകുപ്പ് നടത്തിയ ഖനനത്തില്‍ പുരാതന കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടത്തിയിരുന്നു.
ആലി തെയ്യം
ആരിക്കടി കോട്ടക്ക് തൊട്ടടുത്താണ് ആലിച്ചാമുണ്ഡി അല്ലെങ്കില്‍  ആലി ഭൂതം എന്നറിയപ്പെടുന്ന ആലി തെയ്യം അരങ്ങേറുന്നത് ഉത്തര മലബാറിലെ മത സൗഹാര്‍ദ്ദത്തിന്റെ കഥകള്‍ പറയുന്ന മാപ്പിള തെയ്യങ്ങളില്‍ പ്രധാനി.  
മുഖത്ത് കരിതേച്ച്, തലയില്‍ സ്വര്‍ണ്ണ നിറമുള്ള നീളന്‍ തൊപ്പിയും കഴുത്തില്‍ പൂമാലകളും ചുവന്ന സില്‍ക്ക് മുണ്ടും ധരിച്ചു കയ്യില്‍ ചൂരല്‍ വടിയുമായിട്ടാണ് ആലി തെയ്യത്തിന്റെ പുറപ്പാട്.  ആരിക്കാടി പാടാര്‍കുളങ്ങര ഭഗവതി സ്ഥാനത്ത് മീന മാസത്തില്‍ നടക്കുന്ന തെയ്യാട്ടത്തില്‍ ആലി തെയ്യം കെട്ടിയാടുന്നു. കാവിന്റെ ഇടതു ഭാഗത്ത് പ്രത്യേക സ്ഥാനത്തിരുന്നാണ് ആലി തെയ്യം അനുഗ്രഹിക്കുന്നത്. തുളു നാട്ടിലെ മറ്റു ചില തീയ്യ തറവാട്ടുകളിലും ഈ തെയ്യം കെട്ടിയാടാറുണ്ട്. ആലിഭൂതസ്ഥാനം എന്നാണ് ഈ തെയ്യം കെട്ടിയാടുന്ന കാവിനെ വിളിക്കാറുള്ളത്. 
ഉഗ്ര ദുര്‍മാന്ത്രികനായിരുന്ന ആലി കുമ്പള നാട്ടിനെയും കുമ്പള അരീക്കാടിയിലെ തീയ്യ തറവാട്ടുകാരെയും ഏറെ വിഷമിപ്പിച്ചയാളായിരുന്നു. തീയ്യ തറവാട്ടിലെ സുന്ദരിയായ കന്യകയെ ആലി വലയില്‍ വീഴ്ത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തറവാട്ട് കാരണവര്‍ കുലപരദേവതയായ പാടാര്‍ കുളങ്ങര ഭഗവതിയെ പ്രാര്‍ഥിക്കുകയും പാടാര്‍ കുളങ്ങര ഭഗവതി ഈ ദൌത്യം പുതിയ ഭഗവതിയെ ഏല്‍പ്പിക്കുകയും ചെയ്തുവത്രേ. സുന്ദരിയായി വേഷം മാറിയ പുതിയ ഭഗവതി ആലിയ പാറക്കുളത്തില്‍ ഒന്നിച്ചു കുളിക്കാന്‍ ക്ഷണിക്കുകയും നീരാട്ടിനിടയില്‍ ആലിയുടെ അരയില്‍ കെട്ടിയ ഉറുക്കും തണ്ടും കൈക്കലാക്കുകയും തല്‍സ്വരൂപമെടുത്ത് ആലിയെ വകവരുത്തുകയും ചെയ്തുവത്രേ.
ആരിക്കാടിയിലെ ഛത്രംപള്ളത്തു വെച്ച് നടന്ന ഈ സംഭവത്തിനു ശേഷം നാട്ടില്‍ ദുര്‍നിമിത്തങ്ങള്‍ ഏറി വരികയും തുടര്‍ന്ന് നടത്തിയ പ്രശ്‌ന വിധി പ്രകാരം ദൈവക്കരുവായ ആലിക്ക് കെട്ടിക്കോലം കല്‍പ്പിക്കുകയും ചെയ്തുവത്രേ. ഇതാണ് ആലിതെയ്യവുമായി ബന്ധപ്പെട്ട ഐതിഹ്യം.

Published in asinet 
http://www.asianetnews.tv/magazine/kumbala-travelogue-by-km-irshad

Wednesday, December 2, 2015

ബൈലോക്കുപ്പയിലെ സുവര്‍ണ്ണ ക്ഷേത്രവും മക്കയിലെ റോഹങ്ക്യന്‍ സെറ്റില്‍മെന്റും .

    12:12:00 PM   No comments

രണ്ടു യാത്രകള്‍; ഒന്ന്‍ കര്ണാടകയിലെ മൈസൂര്‍ ജില്ലയില്പ്പെടുന്ന ടിബറ്റന്‍ സെറ്റില്‍മെന്റായ ബൈലോക്കുപ്പയിലേക്ക്, മറ്റൊന്ന് മുസ്ലിം ലോകത്തിന്‍റെ ആത്മീയ ആസ്ഥാനമായ മക്ക നഗരത്തിലെ അല്‍നെക്കാസ ജില്ലയിലെ പേരറിയാത്ത കുന്നുകള്‍ക്ക് മുകളില്‍ കെട്ടിപ്പൊക്കിയ റോഹങ്ക്യന്‍ ബര്‍മീസ് അധിവാസ കേന്ദ്രത്തിലേക്ക്.
രണ്ടു ഹിമാലയന്‍ രാജ്യങ്ങളിലെ കുറിയരായ കുറെ മനുഷ്യര്‍ ഇവിടെങ്ങളില്‍ അധിവസിക്കുന്നു. (മ്യാന്മാര്‍ പൂര്‍ണ്ണമായും ഒരു ഹിമാലയന്‍ രാജ്യമല്ലങ്കിലും ഇവരുടെ ജന്മ നാടായ അറഖാന്‍ വേര്‍തിരിക്കുന്നത് ഹിമാലയന്‍ പര്‍വ്വത നിരകളാണ്) രാഷ്ട്രീയ പരമായ കാരണങ്ങളാല്‍ സ്വന്തം നാട്ടില്‍ നിന്ന്‍ ആട്ടിയോടിക്കപ്പെട്ടവര്‍.
കൂര്‍ഗിന്‍റെ ആസ്ഥാനമായ മടിക്കേരി നഗരത്തില്‍ നിന്ന്‍ 30 കിലോമീറ്റര്‍ മാറി കുശാല്‍ നഗര്‍ പിന്നിട്ട് ബൈലോക്കുപ്പയിലേക്കുള്ള റോഡില്‍ കയറുമ്പോള്‍തന്നെ മുകളില്‍ വര്‍ണ്ണ ക്കൊടികള്‍ വലിച്ചു കെട്ടിയിരിക്കുന്നു, അലങ്കാരത്തുണികള്‍ പതിച്ച മതിലുകള്‍; അതുവരെ കണ്ട ഭൂപ്രകൃതിയേ അല്ല ഇനിയങ്ങോട്ട്. പെടുന്നനെ വേറെയേതോ രാജ്യത്തെത്തിയ പ്രതീതി, 3210 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന വിശാലമായ കച്ചവട കേന്ദ്രങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, മത സ്ഥാപനങ്ങളുമടങ്ങുന്ന ഒരു കൊച്ച് ടിബറ്റ്‌.
അല്‍നെക്കാസ മറ്റൊരു കാഴ്ചയാണ് കപ്പലുകള്‍ക്ക് ലൈറ്റ് ഹൌസ് കരയിലേക്ക് വഴികാട്ടുന്നത് പോലെ മക്കയിലെ മലനിരകള്‍ക്കപ്പുറത്ത് ഹറമെവിടെയാണന്ന്‍ കാണിക്കാനെന്ന പോലെ വിദൂരതയില്‍ തല ഉയര്‍ത്തി് നില്‍ക്കുന്ന മക്ക ക്ലോക്ക് ടവര്‍, കുന്നുകള്‍ക്ക് മുകളില്‍ അട്ടിയിട്ടിരിക്കുന്നത് പോലോത്ത ഒരായിരം വീടുകള്‍, ദൂരെ നിന്ന്‍ മനോഹര കാഴ്ചയാണത്; കുന്നിന്‍ ചെരുവുകളില്‍ മാത്രമല്ല ഇതിന്‍റെ ചുറ്റു ഭാഗത്തൊക്കയായി അല്‍നെക്കാസയില്‍ രണ്ട് ലക്ഷത്തിലധികം റോഹങ്ക്യന്‍ അഭയാര്‍ഥി‍കളുണ്ടത്രെ.


രണ്ടും പാലയനമായിരുന്നു ഒന്ന്‍ എത്തിച്ചേര്‍ന്നത് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാലായനങ്ങളിലൊന്ന്‍ നടന്ന മലനിരകളള്‍ക്കിടയിലാണ്, മറ്റൊന്ന് തെക്കേ ഇന്ത്യയിലെ സമുദ്ര നിരപ്പില്‍ നിന്ന്‍ 2600 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കുടക് മലകളിലും.
കോടമഞ്ഞ് പുതച്ച പാതകള്‍ക്കപ്പുറത്ത് പുതിയൊരു ലോകം തീരത്തിരിക്കുകയാണ് ടിബറ്റില്‍ നിന്ന്‍ ചൈനീസ് അധിനിവേശ കാലത്ത് വേരോടെ പറിച്ചു നടപ്പെട്ട കുറെ മനുഷ്യര്‍. 1960ലാണ് ഇന്ത്യ ഗവണ്മെണ്ട് രാജ്യത്തെ ഏറ്റവും വലിയ ടിബറ്റന്‍ അഭയാര്‍ഥി‍ കേന്ദ്രം ഇവിടെ ആരംഭിക്കുന്നത്, മൂവായിരമായിരുന്നു അടിസ്ഥാന ജനസംഖ്യയെങ്കിലും ഇന്നത് പതിനായിരത്തിലധികമാണ്.
ആറു ലക്ഷത്തോളം റോഹങ്ക്യന്‍ അഭയാര്‍ത്ഥികളുണ്ടത്രെ സൌദിയില്‍, അതില്‍ നല്ലൊരു ഭാഗം അല്‍നെക്കാസയിലും, മക്കയിലെയും, ജിദ്ദയിലെയും മറ്റു പ്രാന്തപ്രദേശങ്ങളിലും കഴിയുന്നുണ്ട്.

കമ്പനിയിലെ സുഹൃത്ത് മുഹമ്മദലി ജിന്നയുമൊത്താണ് അല്‍ നെക്കാസയിലെ ഇഷ്ടിക കട്ടകളാല്‍ തീര്‍ത്ത ചുവന്ന വീടുകള്ക്കിടയില്‍ എത്തിയത്. പേര് കേട്ട് ഞെട്ടണ്ട ജിന്ന ഒരു പാവമാണ്, അറഖാനെയും ബംഗ്ലാദേശിനെയും അതിരിട്ടൊഴുകുന്ന നാഫ് നദി കടന്ന്‍ ബംഗ്ലാദേശിലെത്തി അവിടെത്തെ പാസ്പോര്‍ട്ടി്ലാണ് ജിന്ന സൌദിയിലെത്തിയത്. പുതുതായി ഇവിടെയെത്തുന്നവരെക്കെ അങ്ങെനെത്തന്നെയാണ് വരുന്നത്, വിമാനത്താവളത്തില്‍ വെച്ച് പാസ്പോര്‍ട്ടുകള്‍ സൗദി അതികൃതര്‍ വാങ്ങിക്കും പിന്നീട് ഒരു തിരിച്ചു പോക്ക് സാധ്യമല്ല. ശിഷ്ട കാലം സൗദി ഭരണകൂടം അനുവദിച്ചു നല്കുന്ന താമസ രേഖയോടെയോ അതില്ലാതെയോ ഇവിടെ കഴിഞ്ഞു കൂടും.
സുവര്‍ണ്ണ ക്ഷേത്രത്തിന്‍റെ പിറകുവശത്തെ വിശാലമായ പുല്‍ത്തതകിടിയിലിരുന്ന്‍ താഷി എന്ന ബുദ്ധ ഭിക്ഷുവിനോട് ഒരുപാട് നേരം സംസാരിച്ചു, താഷി പറയുന്നത് അവരിവിടെ കടന്നു വരുന്ന കാലത്തവര്‍ക്ക് അധികമൊന്നും വിധ്യാഭ്യാസമുണ്ടായിരുന്നില്ല; ഇന്നവര്‍ക്കറിയാം ചൈനയെ തങ്ങളുടെ നാട്ടില്‍ നിന്ന്‍ ആട്ടിയോടിക്കണമെങ്കില്‍ തങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിലൂടെ മാത്രമേ സാധ്യമാവുള്ളൂന്ന്‍, അതിനുള്ള പ്രവത്തനങ്ങള്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്നു. ടിബറ്റന്‍സ് ഒരു തിരച്ചു പോക്ക് സ്വപ്നം കാണുന്നുണ്ട് അതിനായീ അവര്‍ ശ്രമിക്കുന്നു. വിദൂര സ്വപ്നങ്ങളില്‍പ്പോലും ഒരു തിരിച്ചു പോക്ക് ജിന്നയുടെയോ പരിചയപ്പെട്ട ഏതെങ്കിലും ബര്‍മ്മീസ് കുടിയേറ്റക്കാര്‍ക്കി്ടയിലോ ഇല്ല.
ടിബറ്റുകാര്‍ അവരുടെ ആവാസ വ്യവസ്ഥിതിയില്‍ നിന്ന്‍ വേരോടെ പഴുതറുത്ത് കൊണ്ട് വന്നു നട്ടവരാണങ്കില്‍ ബര്‍മ്മക്കാര്‍ വേരറുത്തതിനു ശേഷം ജീവന്‍ ബാക്കിയുള്ള വിഭാഗമാണ്‌.
ടിബറ്റിനും, സിറിയക്കും, യമനും, ഫലസ്തീനുമൊക്കെ സുഹൃത്തു രാജ്യങ്ങളുണ്ട് എന്നാല്‍ അറഖാനിലെ ഈ ജനതയെ സ്വന്തം രാജ്യത്തെ ബുദ്ധ സൈനീക ഭരണകൂടം പൌരത്വം റദ്ദാക്കി പുറംതള്ളുമ്പോള്‍ സ്വീകരിക്കാന്‍ പോലും ലോകത്തൊരുരാജ്യവുമില്ല, തൊട്ടടുത്ത ബംഗ്ലാദേശ് ആണങ്കില്‍ ഒരു ദരിദ്ര രാജ്യവും. പിന്നെ കിട്ടുന്ന ഏതെങ്കിലുമൊരിടത്ത് എങ്ങെനെയെങ്കിലും ജീവിക്കുക എന്നത് മാത്രമായിരിക്കും അവരുടെ സ്വപ്നം.
കഴിഞ്ഞ പാലായന കാലത്ത് ഗത്യന്തരമില്ലാതെ പഴയതും പകുതി തകര്‍ന്ന ബോട്ടുകളിലും കയറി എതെങ്കിലു കര തേടി കടലിലലഞ്ഞ കുറെ മനുഷ്യര്‍ക്ക് തായിലാണ്ടും,മലേഷ്യയും, ഇന്തോനേഷ്യയും അഭയം നല്‍കാതെ അവസാനം ഫിലിപ്പിയന്‍സ് അഭയം നല്‍കിയ ഒരു വാര്‍ത്ത നമ്മളെക്കെ വായിച്ചു മറന്നിരിക്കുന്നു.


ഒരിക്കല്‍ ജിന്ന പറഞ്ഞതോര്‍ക്കുന്നു, കഴിഞ്ഞ ദിവസം രാത്രി അവന്‍റെ വീടിനു തീവ്രവാദികള്‍ തീയിട്ടെത്രെ.. ഒന്ന്‍ ആശ്വസിപ്പിക്കാന്‍ പോലും കഴിയാതെ നിര്‍വികാരനായി കേട്ടുനില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.
ഒരു പക്ഷെ അന്നു രാത്രി തന്‍റെ വീടിനെയോര്‍ത്ത് അവനെത്രെ കരഞ്ഞിരിക്കണം?!
എത്ര ഐലാന്‍ കുര്‍ദിമാര്‍ അറിയപ്പെടാത്ത ഏതെല്ലാം തീരങ്ങളില്‍ ജീവന്‍ പറന്നു പോയ ശരീരമായി അടഞ്ഞിരിക്കാം, ആ കരകളിലൊന്നും കാത്തിരുന്ന ഫോട്ടോഗ്രാഫര്‍മാരില്ലാത്തത് കൊണ്ടു എത്രയെത്ര കുഞ്ഞുങ്ങള്‍ ആരോരുമറിയാതെ ആറടി മണ്ണില്‍ അകപ്പെട്ടിരിക്കാം..?
പടിഞ്ഞാറോട്ടുള്ള കുടിയേറ്റം മാത്രമാണ് ലോകത്തിനു വിശയമാകുന്നത്, മാദ്ധ്യമങ്ങള്ക്ക് വാര്‍ത്ത യാവുന്നത്.
ശാന്തത മുറ്റി നില്കുകന്ന ചുറ്റുവട്ടങ്ങളില്‍ ടിബറ്റന്‍ ആത്മീയതയില്‍ ലയിച്ച് മനോഹരമായ ഒരു ദിവസം പങ്കുവെക്കാന്‍ കഴിയും കുശാല്‍ നഗറിലെത്തുന്ന ഒരു യാത്രികന്,
കൃത്യമായ ഒരു സംവിധാനമുണ്ട് ഈ സെറ്റില്മെന്റിലെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും , എന്തിനു ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാല ആസ്ഥാനമായി ഒരു ടിബറ്റന്‍ പ്രധാനമന്ത്രിയും അതിനു കീഴിലുള്ള ഭരണ സംവിധാനവുമുണ്ടിവര്‍ക്ക്

ബര്‍മ്മീസ് അഭയാര്‍ഥി്കള്‍ക്കുള്ള വിദ്യാഭ്യാസ തൊഴില്‍ പരിശീലന രംഗത്തെ ‘മക്ക മാതൃക’ പ്രശംസിക്കപ്പെട്ട ഒന്നാണങ്കിലും, കൃത്യമായ ഒരു സംവിധാനത്തിനകത്ത് വ്യാപിച്ച് കിടക്കുന്ന ഒന്നല്ല ഇവരുടെ ജീവിതം. പലപ്പോഴും സൌദിയിലെ നിയമങ്ങളോടു കലഹിച്ചും അതിനോട് പൊരുത്തപ്പെടാന്‍ കഴിയാതെ ഇവിടെത്തെ ജയിലറക്കകത്താവുന്ന അഭയാര്‍ത്ഥികളുടെ എണ്ണവും വളരെ വലുതാണത്രെ.
അല്‍നെക്കാസ കുന്നുകള്‍ ദൂരക്കഴ്ചയില്‍ മാത്രമാണ് മനോഹരമെങ്കില്‍ സുവര്‍ണ്ണ ക്ഷേത്രവും പരിസരവും അകവും പുറവും സഞാരികളെ ആകര്‍ഷി്ക്കുന്ന മനോഹര ഇടമാണ്.
മുളകിട്ടു വില്‍ക്കുന്ന കുടകിന്‍റെ സ്വന്തം ഓറഞ്ഞും, തീയില്‍ പൊള്ളിച്ചെടുക്കുന്ന ചോളവും സുന്ദരക്കാഴ്ചകള്‍ക്കപ്പുറം വായില്‍ വെള്ളമൂറുന്ന ഓര്മ്മയായി എന്നും നിലനില്‍ക്കും .

Sunday, September 13, 2015

ഒരു കാന്‍വാസില്‍ നാല് രാജ്യങ്ങള്‍, ഹഖല്‍ മനോഹരമായ ഒരു ചിത്രം

    7:07:00 AM   5 comments

 
ചെങ്കടലിന്‍റെ തീരത്തുകൂടിയുള്ള നീണ്ടു നിവര്‍ന്നുക്കിടക്കുന്ന പാത, തീരദേശ പാത, മരുഭൂമിയില്‍ കടലിനോട് സമാന്തരമായി നിര്‍മ്മിക്കപ്പെട്ട റോഡിന്‍റെ അറ്റം ആകാശത്ത് ചെന്നവസാനിക്കുന്ന പ്രതീതി സൃഷ്ടിക്കുന്നു.
ഈ ആറ്റം കാണാ പാതയിലൂടെ ജിദ്ദയില്‍ നിന്ന്‍ അബ്ദുല്‍ റഹ്മാന്‍ക്കയും, സിദ്ദീകും, നൌഫലും, ഞാനുമടങ്ങുന്ന നാല്‍വര്‍ സംഘം പുറപ്പടുമ്പോള്‍ ആയിരത്തി നൂറ്റി അമ്പത് കിലോമീറ്റര്‍ അപ്പുറത്തുള്ള ഹഖല്‍ ഒരു ലക്ഷ്യസ്ഥാനമേ ആയിരുന്നില്ല; ടൊയോട്ട യാരിസ് വണ്ടിയില്‍ ഇത്തരമൊരു ദീര്‍ഘയാത്ര കുറച്ചുകടുപ്പമാണ്. തബുക്ക് വരെയെങ്കിലും ഒന്ന്‍ പോവണം എന്നതായിരുന്നു പദ്ധതി.

ഹഖലും അഖബ കടലിടുക്കുമെക്കെ ചര്‍ച്ചയില്‍ കയറി വന്നെങ്കിലും അവിടേക്കുള്ള ദൂരം ഒരു പ്രധിസന്ധിയായി മുന്നില്‍ നിന്നു. നീണ്ടു കിടക്കുന്ന പാതയിലൂടെയുള്ള ഡ്രൈവിംഗ് സുഖകരമാണങ്കിലും വരണ്ടുണങ്ങിയ മരുഭൂമിയിലെ പുറംക്കാഴ്ചകള്‍ വിരസമായിരുന്നു.
ഈ പാതയില്‍ ആകയുള്ള തടസ്സം “ക്യാമല്‍ ക്രോസിംഗ്” ബോര്‍ഡുകളാണ്, അതിവേഗതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കെ ഏത് നിമിഷവും നമുക്ക് മുന്നിലേക്ക് ഒട്ടകം അല്ലെങ്കില്‍ ഒരൊട്ടകകൂട്ടം പ്രത്യക്ഷപ്പെടാം, ഹൈവേകളില്‍ ഉള്ളത് പോലെ റോഡിന്‍റെ ഇരുവശവും കമ്പിവേലികളില്ല. ഒരുപാട് തവണ ഞങ്ങളുടെ വണ്ടിയുടെ മുന്നിലും ഒട്ടകം വന്നു നില്‍ക്കുന്നതോ,റോഡ്‌ ക്രോസ്സിങ്ങോ ഉണ്ടായി, മുന്‍പേ കണ്ടത്കൊണ്ട് മാത്രം അപകടമൊഴിവായതാണ്. വണ്ടി ഒട്ടകത്തിന്‍റെ നീളന്‍ കാലുകളിലിടിച്ചാല്‍ അത് വണ്ടിക്ക് മുകളിലേക്ക് മറിയും, അങ്ങെനെ സംഭവിച്ചാല്‍  വണ്ടിയില്‍ നിന്ന്‍ ജീവനോടെ രക്ഷപ്പെടുക അസാധ്യമാണ്. ഇങ്ങെനെയുള്ള അപകടങ്ങള്‍ ഇത്തരം റോഡുകളില്‍ സാധാരണമാണ്.

രാത്രി വൈകി ആരംഭിച്ച യാത്ര പ്രഭാതത്തില്‍ ‘ദുബാ’ യിലെ ഒരു ഹോട്ടലില്‍ അവസാനിച്ചു, ഉറക്കച്ചടവോടെയാണങ്കിലും ദുബാ’യിലെ മനോഹര പ്രഭാതം ആസ്വദിച്ച് ഹോട്ടല്‍ മുറിയില്‍ കുറച്ച് നേരം വിശ്രമിച്ചതിനു ശേഷം വീണ്ടും യാത്ര തുടര്‍ന്നു.
ചെങ്കടലിന്‍റെ മണമുള്ള കാറ്റ് പുറത്തടിച്ച് വീശുന്നുണ്ട്, ചുവപ്പും കറുപ്പും വെളുപ്പും നിറത്തിലുള്ള പാറക്കെട്ടുകള്‍ തല ഉയര്‍ത്തി നില്‍ക്കുന്നു. അവ പെടുന്നനെ മരുഭൂമിയുടെ വന്യമായ തീഷ്ണതയിലേക്ക് വഴിമാറുന്നു.


മരുപ്പാതകളും മലമ്പാതകളും താണ്ടി അഖലില്‍ എത്തിയപ്പോള്‍ തീര്‍ച്ചയായും തോന്നി ഇവിടെ വന്നിരുന്നില്ലായിരുന്നെങ്കില്‍ അതൊരു നഷ്ടമാകുമായിരുന്നെന്ന്‍.
മരുഭൂമിയുടെ ഉള്ളുണര്ത്തുന്ന കാഴ്ചകളുടെ അത്ഭുതലോകമാണ് മുന്‍പില്‍, പ്രകൃതിയുടെ വിരല്‍പ്പാടുകള്‍ പതിഞ്ഞുക്കിടക്കുന്ന പ്രദേശം  അതിനപ്പുറം രാജ്യ, ഭൂഖണ്ടാതിരുകള്‍ വരെ ഉള്‍പ്പെടുന്ന തന്ത്രപ്രാധാനയിടം. റോഡ്‌ നേരെ ചെന്നവസാനിച്ചത് ഒരു ചെക്ക് പോസ്റ്റിലാണ്, ദുറാ ബോര്‍ഡര്‍ ക്രോസിംഗ് ഇതിനപ്പുറത്ത് ഇനി പോവണമെങ്കില്‍ ജോര്‍ദാന്‍ വിസ വേണം, ആളൊഴിഞ്ഞ ഒരതിര്‍ത്തി ചെക്ക്പോസ്റ്റ്‌, തുറന്നുവെച്ച ഗേറ്റിനപ്പുറത്ത് ഒരു പൊലീസ് വണ്ടിയുണ്ട്, റോഡിനിരുവശവും കുറെ  ഓഫീസ് കെട്ടിടങ്ങള്‍, തോക്കു ചൂണ്ടി നില്‍ക്കുന്ന പട്ടാളക്കാരൊന്നുമില്ല.
നീളന്‍ കുര്‍ത്തയിട്ട കുറച്ച് പാകിസ്ഥാനികള്‍ റോഡിനോഡ് ചേര്‍ന്നുള്ള ഓഫീസ് കേട്ടിടത്ത്ത്തിന്‍റെ വരാന്തയില്‍ തങ്ങളുടെ സ്വതസിദ്ധ ശൈലിയില്‍ കുത്തിയിരിക്കുന്നുണ്ട്, അവരോട് ആ ഗേറ്റിനകത്തൂടെ പോകാന്‍ പറ്റുമോ എന്ന്‍ ചോദിച്ചപ്പോള്‍ ‘മാഫിമുഷ്കില പോയിക്കോളു.. എന്ന്‍ പറഞ്ഞു, പക്ഷെ ആ ‘മാഫിമുഷ്കിലയെ’ അത്ര വിശ്വാസം പോരാത്തത് കൊണ്ട് അവിടെന്ന്‍ യൂ ടേര്‍ണടിച്ചു, പിന്നീടറിഞ്ഞു റിഎന്‍ റി  വിസയും ജോര്‍ദാന്‍ വിസയുമില്ലാതെ ആ ഗേറ്റിലൂടെ പൊയരുന്നെങ്കില്‍ പെടുമായിരുന്നു.
ചെക്ക്പോസ്റ്റ്‌ കഴിഞ്ഞ് പോയിക്കഴിഞ്ഞാല്‍ ആദ്യം എത്തിച്ചേരുന്നത് ജോര്‍ദാനിലെ ഒരേയൊരു തുറമുഖ നഗരമായ അഖബയിലാണ്. ഞങ്ങളുടെ തൊട്ടുമുന്‍പില്‍ നീലപ്പരവതാനി വിരിച്ചുക്കിടക്കുന്ന കടലിന്‍റെ പേരും അത് തന്നെയാണ് അഖബ കടലിടുക്ക്. ഈ അഖബയിലെ ജലം ഇവിടെ  അതിരുടുന്നത് മുഖാമുഖമായി നില്‍ക്കുന്ന നാല് രാജ്യങ്ങളെയാണ്. സൗദി, ഈജിപ്ത്, ജോര്‍ദാന്‍, ഇസ്രയേല്‍. ഒരു രാജ്യത്തിരുന്ന് മറ്റ് മുന്ന് രാജ്യങ്ങളെ വീക്ഷിക്കുക ആശ്ചര്യകരമായ കാഴ്ചത്തന്നെയാണത്.
ഈജിപ്തിന്‍റെ പ്രസിദ്ധമായ സീനായ് മല നിരകളും ടാബ നഗരവും, ഇസ്രായേലിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന, അറബ് ഉപരോധം മറികടക്കാന്‍  വേണ്ടി പണിത ഈലത്ത് തുറമുഖവും നഗരവും.
ഹഖല്‍ സൌദിയുടെ വടക്ക് കിഴക്കന്‍ പ്രവിശ്യയായ തബൂക്കിന്‍റെ പരിധിയില്‍പ്പെടുന്ന ഒരു ചെറിയ നഗരം. സൗദി ഗവണ്മെന്‍റ് ടുറിസത്തെ കാര്യമായി പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും ഹഖലിന്‍റെ ഈ തീരങ്ങളില്‍ ഒരുപാട് റിസോര്‍ട്ടുകളും ടുറിസ്റ്റു ബംഗ്ലാവുകളുമുണ്ട്.
ഹഖലിന്‍റെ രാത്രിക്ക് പറഞ്ഞറീക്കാന്‍ പറ്റാത്ത സൌന്ദര്യമാണന്ന്‍ പറഞ്ഞു കേട്ടത് കൊണ്ട് പവിഴപ്പുറ്റുകള്‍ നിറഞ്ഞ തെളിഞ്ഞ ബീച്ചില്‍ രാത്രിയാവാന്‍ വേണ്ടി കാത്തിരിക്കുകയാണ്. സമയം 7.30 ആയിട്ടും സീനായ് കുന്നുകള്‍ക്ക് മീതെ സൂര്യന്‍ പോകാന്‍ മടിച്ചുനില്‍ക്കുന്നു.
അതിമനോഹരമാണാക്കഴ്ച സീനായുടെ കുന്നിന്‍ വിടവുകളിലൂടെ ചക്രവാളത്തിലേക്കിറങ്ങിപ്പോവുന്ന അസ്തമയ സൂര്യന്‍.



പെട്രോള്‍ പമ്പില്‍ വെച്ച് പരിചയപ്പെട്ട മലയാളി സുഹൃത്താണ് ആ വ്യൂ പോയിന്റിനെക്കുറിച്ച് പറഞ്ഞു തന്നത്. ബീച്ചിനോട് ചേര്‍ന്നുള്ള വലിയ കുന്നിന്‍ മുകളില്‍ പ്രശന്തമായന്തരീക്ഷത്ത്തില്‍ ഒരു കെട്ടിടവും ചുറ്റുമതില്‍ക്കെട്ടി അതിനോട് ചേര്‍ന്ന് ഇരിപ്പിടങ്ങളും.
ഈ പെട്രോള്‍ പമ്പില്‍ നിന്ന്‍ വന്നതാണന്ന്‍ പറഞ്ഞാല്‍ സെക്യൂരിറ്റിക്കാരന്‍ അകത്തേക്ക് വണ്ടി കടത്തിവിടുമെന്ന്‍ നേരത്തെ പരിചയപ്പെട്ട  സുഹൃത്ത് പറഞ്ഞതനുസരിച്ച് കുന്ന് കയറുമ്പോള്‍ ആ സെക്യൂരിറ്റിക്കാരന്‍ താഴോട്ടിറങ്ങിവരുന്നുണ്ട്, ഞങ്ങള്‍ കാര്യങ്ങള്‍ പാരഞ്ഞപ്പോള്‍ അയാള്‍ കുറച്ച് നേരത്തേക്ക്  വേറെവിടെയോ പോവുകയാണ് വ്യൂ പോയിന്‍റിലേക്കുള്ള ഗേറ്റിന്‍റെ റിമോര്‍ട്ട് തിരിച്ച് വരുമ്പോള്‍ തന്നാല്‍ മതിയെന്ന്‍ പറഞ്ഞ് ഞങ്ങളുടെ കയ്യില്ത്തന്നു  താഴോട്ടിറങ്ങിപ്പോയി. എന്തിനാണ് അപരിചിതരായ ഞങ്ങളെ അയാള്‍ വിശ്വസിച്ചുവെന്നറിയില്ല.
ഇങ്ങിനെയുള്ള സംഭവങ്ങള്‍ യാത്രയില്‍ പലപ്പോഴും ഉണ്ടാവുന്നതാണ്, തബൂക്കിലൂടെ തിരിച്ചു വരുന്ന വഴി ഞങ്ങളുടെ വണ്ടിക്ക് ചെറിയൊരു  ആക്സിഡണ്ട് പറ്റി, ഞങ്ങളെല്ലാവരും അന്ധാളിച്ചു നില്‍ക്കെ കുറച്ച്  മുന്പ് മാത്രം മുപരിചയപ്പെട്ട സാബു ചേട്ടന്‍ പഞ്ചറായ ഞങ്ങളുടെ വണ്ടിയുടെ ടയര്‍ മാറ്റാന്‍ സഹായിച്ചതും നൌഫലിന് ചെറിയ  മുറിവ് പറ്റിയതിനാല്‍ അദ്ദേഹത്തിന്‍റെ ഭാര്യ ജോലി ചെയ്യുന്ന ഹോസ്പിറ്റലില്‍ കൊണ്ട് പോയി  മരുന്ന് വെച്ചതും, അവിടെത്തെ പരിചയമുള്ള പോലിസുകാരനോട് സംസാരിച്ച് ഞങ്ങളുടെ യാത്ര സുഖകരമാക്കിയോതുമൊക്കെ.  
പിന്നീട് ആലോചിക്കുമ്പോള്‍ എന്തിനായിരുന്നു ആ മനുഷ്യന്‍ ഞങ്ങള്‍ക്ക് വേണ്ടി  ഇതെക്കെ ചെയ്തെതെന്നാലോചിക്കാറുണ്ട്. അവര്‍ക്കൊക്കെ അപരിചിതര്‍ എന്ന നിലക്ക് ഞങ്ങളെ അവഗണിക്കാമായിരുന്നു.
ഈ ഭൂമിയുടെ മനോഹാരിത തന്നെ ഇത്തരം നല്ല മനുഷ്യരാണ്.

വ്യൂ പോയിന്‍റില്‍ ഞങ്ങള്‍ മാത്രമേയുള്ളൂ, ഇതൊരു പോതുയിടം അല്ലായെന്ന്‍ തോന്നുന്നു. അസ്തമയ സൂര്യന്‍റെ ചെങ്കിരണങ്ങള്‍  തട്ടി കുങ്കുമപ്പു  വിതറിയത് പോലെ ചുമന്നിരുന്ന ചെങ്കടലിന്‍റെ ആകാശത്തേക്ക് മെല്ലെ ശവ്വാലമ്പിളി  ഉദിച്ചുവരുന്നുണ്ട്.
തഴുകിത്തലോടി കടന്നു പോവുന്ന തണുത്ത കാറ്റേറ്റ് ചരിത്രം  സംഭവിച്ചടുത്തിരുന്ന്‍ ആ ചരിത്രം കേള്‍ക്കുക എന്നത്  അനിര്‍വചിനിയമായ  ഒരവസ്ഥയാണ്.
ഒരു സിഗരറ്റ് പുതച്ച്  വിദൂരതയില്‍ സീനായ്  കുന്നുകളെ  നോക്കി അബ്ദുറഹ്മാന്‍ ക്ക പണ്ടു മൂസ നബിക്ക് (മോസസിന്) വേദഗ്രന്ഥം നല്‍കപ്പെട്ട കഥ മുതല്‍  ഇങ്ങ് ഇസ്രായേല്‍ അധിനിവേശം വരെയുള്ള കഥകള്‍ പറഞ്ഞു  തുടങ്ങി, തിരുത്താനും കൂട്ടിച്ചേര്‍ക്കാനും  സിദ്ദീഖും  കൂടി ആയപ്പോള്‍  ഞാനും  നൌഫലും നല്ല കേള്‍വിക്കാര്‍  മാത്രമായി .
ഖുര്‍ഹാനും ബൈബിളും പറയുന്ന, മൂസയും കുടുംബവും ഈ സീനയുടെ ദക്ഷിണ ഭാഗത്ത് കൂടി  സഞ്ചരിക്കുമ്പോഴാണ് അകലെ  ഒരു  വെളിച്ചം  കണ്ടത്, അവിടെപ്പോയി കുറച്ചു  തീ കൊണ്ടുവരുകയാണങ്കില്‍  കുട്ടികള്‍ക്കും  കുടുംബത്തിനും രാത്രി ശൈത്യത്തില്‍ നിന്ന്‍ രക്ഷപ്പെടാനുള്ള ഏര്‍പ്പാടുകള്‍  ചെയ്യാമെന്നായിരുന്നു  മൂസ കരുതിയത്, ഏറ്റവും   ചുരുങ്ങിയത് മുന്നോട്ട് സഞ്ചരിക്കാനുള്ള വഴി മ്മനസ്സിലാകുകയെങ്കിലും ചെയ്യുമെല്ലോ എന്ന്‍ കരുതി മുന്നോട്ട് പോയ അദ്ദേഹത്തിന്ന്‍  മോക്ഷത്തിലേക്കുള്ള വഴി  കൂടി  അവിടെന്ന്‍ ലഭിക്കുകയായിരുന്നു.
പിന്നീട് ഒരുപാട് ചരിത്ര സംഭവങ്ങള്‍ക്ക് ഈ തീരങ്ങള്‍ സാക്ഷിയായി. റോമക്കാര്‍ ഒരിക്കല്‍ സൈനീക  താവളമാക്കി, അറബ്-ഇസ്രയേല്‍ സംഘട്ടനം ആരംഭിച്ചതോടെ ഈ ഉള്‍ക്കടലിന്‍റെ പ്രാധാന്യം വളരെയധികം വര്‍ദ്ധിച്ചു. ഷറാം അല്‍ ഷേക്കും, ഈലാത്തും, അഖബ തുറമുഖവുമെല്ലാം  അന്താരാഷ്ട്ര തലത്തില്‍ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു.
1949 മുതല്‍  പലകാലത്തായി ഈജിപ്തും ഇസ്രയീലുമൊക്കെ ഈ ഉള്‍ക്കടല്‍ പിടിച്ചെടുത്ത്  ഗതാഗത സ്വാതന്ത്രം നിരോധിക്കുകയുണ്ടായി. പുറമേക്ക് ശാന്തമായി കിടക്കുകയാണങ്കിലും നിരന്തരമായ  സംഘര്‍ഷങ്ങള്‍ക്ക്  ഇന്നും വേദിയാവുന്നു അഖബ ഉള്‍ക്കടല്‍.
സീനയില്‍ ഇസ്രയേല്‍ നേടിയ അതിപത്യം മുതല്‍ ഗാസ മുനമ്പും, ബൈത്തുല്‍ മുഖദ്ദിസുംവരെ  അങ്ങെനെ മധ്യപൌര്യസ്ഥ ദേശത്തിന്‍റെ എഴുതപ്പെട്ടതും എഴുതപ്പെടാത്തതുമായ ചരിത്രം ഹഖലിന്‍റെ കാറ്റേറ്റിരുന്നു  കേള്‍ക്കാന്‍ സാധിച്ചു.

ഓരോ രാജ്യവും തങ്ങളുടെ തീരത്തെ പരമാവധി  വെളിച്ചത്തില്‍ കുളിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. സൌദിയുടെ  തീരത്തുള്ള കുന്നുകള്‍ക്ക് മുകളില്‍ വരെ ദേശിയ പതാകയും, ഖുര്‍ഹാന്‍ സൂക്തങ്ങളും ആലേഖനം ചെയ്ത് അതിന്ന്‍ ലൈറ്റിംഗ് ചെയ്തിരിക്കുന്നു. പ്രകാശത്തില്‍ കുളിച്ച് നില്‍കുന്ന ഈ കാഴ്ചകള്‍ തന്നെയാണ് ഹഖലിന്‍റെ  രാത്രിയെ മനോഹരമാക്കുന്നത്.


ഹഖലിന്‍റെ മനോഹാരിത ആവോളം ആസ്വദിച്ച് തീരത്ത് കൂടി മടങ്ങുമ്പോള്‍ ഒന്ന്‍ നീന്തിയിട്ടു പോകാമെന്നു  പറഞ്ഞ് വിളിച്ചതാണ് മനോഹരമായ പവിഴ മണല്‍ വിരിച്ച ബീച്ചുകള്‍, ആ ക്ഷണം ‘പിന്നീടൊരിക്കലി’ലേക്ക് മാറ്റിവെച്ച് മടങ്ങുകയാണ് ജിദ്ദയിലേക്ക്. 








Saturday, July 25, 2015

അത്തര്‍ മണക്കുന്ന പുരാതന ഹജ്ജ് പാത

    1:40:00 PM   3 comments


ഈ വഴികളിലൊക്കെ ഇന്ന് ഒരുപാട് സൈന്‍ ബോര്ഡുകള്‍ കാണാം ഹിസ്ടോറിക്കല്‍ ഹജ്ജ് റൂട്ടിന്റെ കിഴക്കും പടിഞ്ഞാറും തെക്കുമൊക്കെ അടയാളപ്പെടുത്തിയ ബോര്ഡുുകള്‍, ശാഫിഹ് മസ്ജിദും, നസീഫ് ഹൗസും, മ്യൂസിയവുമൊക്കെ അടയാളപ്പെടുത്തിയവ.
രണ്ടര വര്ഷംട മുന്പ് ഞാനാദ്യം വരുമ്പോള്‍ ഇതൊന്നുമുണ്ടായിരുന്നില്ല ഇതിനിടയിലെപ്പോഴോ ആയിരത്തിലധികം വര്ഷം പഴക്കമുള്ള ഈ പാതയും തെരുവും യുനോസ്കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടംനേടി അതിനു ശേഷം വന്നതാണ് ഈ സൂചനഫലകങ്ങള്‍.
ഒരുപാട് വൈകുന്നേരങ്ങളില്‍ പല ആവിശ്യങ്ങള്ക്കും് ഒരാവിശ്യവുമില്ലാതെയും ഈ പുരാതന പാതയിലൂടെ അതിന്റെു ചുറ്റുവട്ടങ്ങളിലൂടെ കടന്നു പോയിറ്റുണ്ട്. ലോകത്തിലെ മറ്റേത് മാര്ക്കറ്റിലൂടെ കടന്നു പോവുന്നത് പോലെ നമുക്കിതിലൂടെ കടന്നു പോവാം പക്ഷെ ഒന്ന്‍ ആ പഴയ കെട്ടിടങ്ങളിലേക്ക് വഴിയോരത്തേക്ക് സൂക്ഷിച്ച് നോക്കിയാല്‍ നമുക്ക് പലതും കാണാം പലതും.


നീണ്ട ജലയാത്രക്കൊടുവില്‍ ചെങ്കടലിന്‍റെ തീരത്ത് കപ്പലിറങ്ങി ഒട്ടകപ്പുറത്തും കഴുതപ്പുറത്തും കാല്‍ നടയായും മക്കയിലേക്ക് പോയിരുന്ന പരശതം ഹജ്ജ് തീര്ത്ഥാടകാരെ, തങ്ങളുടെ നാടുകളില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷ്യ വസ്തുക്കളും സുഗന്ധവ്യഞ്ജനങ്ങളും വിറ്റ്‌ ഹജ്ജ് കഴിയുന്നത് വരെ പിടിച്ചു നില്ക്കാനുള്ള വക കണ്ടത്തുന്ന കച്ചവടക്കാരെ, ഇന്നത്തെ ടാക്സിക്കാരെപ്പോലെ തീര്‍ഥാടകര്‍ക്ക് തങ്ങളുടെ ഒടകങ്ങളും, കുതിരകളും, കഴുതകളും വാടകക്കോ വില്ക്കാകനോ വേണ്ടി വിലപേശല്‍ നടത്തുന്നവര്‍,
ഹജ്ജിനെത്തി തിരിച്ചു പോകാന്‍ കഴിയാതെ ഈ നഗരത്തില്‍ തന്നെ സ്ഥിര താമസമാക്കി ഇവിടെ നിന്ന്താന്നെ കല്യാണം കഴിച്ച് ഇവിടെത്തുകാരായിത്തീര്ന്ന വ്യത്യസ്ത ഭൂവിഭാഗങ്ങളില്‍ നിന്നുള്ള മനുഷ്യരെ, അവരുടെ പിന്തലമുറക്കാരെ.
അബ്ബാസിയ്യ ഭരണകാലം തൊട്ട് ഈജിപ്തിലെ ഫാതിമിയ്യകള്‍, പറങ്കികള്‍, മംലൂക്കുകള്‍, ഓട്ടോമന്‍ സാമ്രാജ്യം, സൗദ് രാജവംശം ഇങ്ങെനെ അതീശ്വത്തത്തിന്‍റെ ഒരു വലിയ ഗതകാല പ്രൌഡി ഈ വഴിയോരത്തിനുണ്ട്. ഹിജാസി വാസ്തു വിദ്യയുടെ ചാരുതി, സ്പാനിഷ് ഈജിപ്ഷ്യന്‍ സങ്കലനത്തോടെയുള്ള ഇസ്ലാമിക വാസ്തു വിദ്യയുടെ തുടിപ്പുകള്‍ മേളിച്ച പഴയ കെട്ടിടങ്ങള്‍.
പരമ്പാരാഗത ഓട്ടോമന്‍ രീതിയില്‍ നിര്മ്മി ച്ച രണ്ടു കവാടങ്ങള്‍ ഇവിടെത്തെ പ്രധാന ലാന്‍റ്മാര്‍ക്ക്കളാണ്. ബാബ്മക്കയും, ബാബ്ശരീഫും അഥവാ മക്കഗേറ്റും മദീനഗേറ്റും. രണ്ടു പുണ്യ നഗരങ്ങളിലേക്കുള്ള ഗേറ്റ് വേകള്‍.
ഈ നഗരത്തിന്റെമ സംരക്ഷണാര്ത്ഥം ഉണ്ടായിരുന്ന മതിലിന്ന്‍ മറ്റ് രണ്ടു കവാടങ്ങള്‍ കൂടി ഉണ്ടായിരുന്നെത്രേ ശാം ഗേറ്റും മഗാരിബ് ഗേറ്റും, 1947ല്‍ മതില്‍ പൊളിച്ചു നീക്കിയതോടെ അവ അപ്രത്യക്ഷമായി.
അത്തറും കുന്തിരിക്കവും മണക്കുന്ന തെരുവുകള്‍, ഏലവും ഇഞ്ചിയും കുരുമുളകും കുന്നുകൂട്ടിയിട്ടിരിക്കുന്ന കടകള്‍. പ്രധാന തെരുവില്‍ നിന്ന്‍ കൈവഴിപോലെ വസ്ത്രങ്ങളുടെയും ഈന്തപ്പഴങ്ങളുടെയും സൂക്കുകളായി മാറിയ ഇടനാഴികള്‍.
പഴയകാലത്ത് വ്യത്യസ്ത ദേശങ്ങളില്‍ നിന്നെത്തിയുരുന്ന തീര്‍ഥാടകര്‍ക്ക് അവരുടെ രാജ്യത്തെ നാണയങ്ങള്‍ മാറ്റി ഇവിടെത്തെ നാണയങ്ങള്‍ നല്കിയുരുന്ന മണി എക്സ്ചേഞ്ഞുകള്‍ ഇവിടെ പ്രവര്ത്തിച്ചിരുന്നെത്രെ, അതിന്ന്‍ രൂപാന്തരം സംഭവിച്ച് വലിയ മണി ട്രാന്സ്ഫര്‍ ആന്റ്െ എക്സ്ച്ചേഞ്ച് കേന്ദ്രങ്ങളായി മാറിയിരിക്കുന്നു; മറ്റെവിടെയും കിട്ടാത്ത വിനിമയ നിരക്കില്‍ പണമയക്കാന്‍ പറ്റുന്നത് കൊണ്ട് പ്രാവിസികളുടെ ഇഷ്ട ഇടം കൂടിയാണിവിടം.
വാസ്തു ശില്പ കല ഇഷ്ടപ്പെടുന്നവരുടെ സ്വപ്ന നഗരമാണ് ബലദ്. ഫോട്ടോഗ്രാഫിയുടെ അനന്തമായ സാധ്യതകളുള്ള ഒരു ഏരിയ, സ്ട്രീറ്റ് ഫോട്ടോഗ്രാഫി, ആര്ക്കിടെക്ചര്‍, ഫുഡ് പോര്ട്ടറൈറ്റ് അങ്ങെനെ എന്തും ഇവിടെ നിന്ന്‍ ക്യാമറയിലാക്കാം.
തകര്ന്നു നില്ക്കു ന്ന കെട്ടിടങ്ങള്‍, തകര്ന്ന് ‍ വീഴാറായ വീടുകള്‍, പഴയത് പോലെത്തന്നെ പുനര്‍ നിര്മ്മിച്ച കെട്ടിടങ്ങള്‍, പഴമയും പുതുമയും സമ്മേളിക്കുന്ന പ്രൌഡി.
2500 വര്‍ഷം പഴക്കമുണ്ട് ഈ നഗരത്തിന്, പൌരാണിക ജിദ്ദ എന്നാല്‍ ബലദും സമീപ പ്രദേശങ്ങളും മാത്രമാണ്. പുണ്യ നഗരങ്ങളുടെ ഔദ്യോദിക തുറമുഖമാക്കിയതില്പ്പിന്നെ ലോകത്തിന്‍റെ നാനാഭാഗത്തു നിന്നുമുള്ള തീര്ഥാടക പ്രവാഹം ജിദ്ദ വഴിയായി, ഈ തീര്ഥാടകരുമായുള്ള സമ്പര്ക്കം ഈ പ്രദേശത്തിന്റെ സാമുഹിക, മത, കച്ചവട, സാംസ്കാരിക മേഘലയിലാകെ സ്വാധീനം ചെലുത്തി. കടല്‍ വഴി വരുന്നവരുടെയും, കരവഴി ഹജ്ജിനു വരുന്ന വരുടെയും വഴിത്താവളമായിരുന്നു ബലദും അനുബന്ധ പ്രദേശങ്ങളും.

നഗരത്തിലെ പുതിയ കാഴ്ചകള്‍, മനുഷ്യരെ നോക്കി നില്ക്കെ സൂര്യന്‍ ബലദിലെ പൌരാണിക കെട്ടിടങ്ങളുടെ മേല്പ്പടവുകളില്‍ തട്ടി പ്രഭ മങ്ങി ചെങ്കടലിലേക്ക് പോയി മറഞ്ഞിരിക്കുന്നു. പള്ളി മിനാരങ്ങളില്‍ നിന്ന്‍ മഗ്രിബ് ബാങ്കിന്‍റെ വശ്യമായ വിളി, കടകള്‍ നമസ്കാരത്തിന്നു വേണ്ടി താല്കാ്ലികമായി അടഞ്ഞു. തെരുവുകളില്‍ ഓളത്തോടെ ഒഴുകിയിരുന്ന ജനസഞ്ചയം ചിതറിയത് പോലെ മസ്ജിദുകള്‍ അന്വേഷിച്ച് പോവുന്നു. പിന്നെ കുറച്ച് നേരത്തേക്ക് നിശ്ചലമായ തെരുവ് നമസ്കാരനന്തരം പഴയത് പോലെയാകുന്ന കാഴ്ച.
ഈ ഭാഗത്തെ ഏറ്റവും മനോഹരമായ തെരുവാണ് ജിദ്ദ ഹിസ്‌റ്റോറിക്കല്‍ ഫെസ്റ്റിവല്‍ നടക്കുന്ന സ്ട്രീറ്റ്, ഒന്നൊന്നര കിലോമീറ്റര്‍ പൌരാണികതയുടെ പ്രൌഡിക്കൊപ്പം സഞ്ചരിക്കാന്‍ കഴിയുന്ന സ്ട്രീറ്റ്; അത് ചെന്നവസാനിക്കുന്നടിത്ത് ഒരു മ്യൂസിയമുണ്ട്. അതിഗംഭീരമായ ഒരു തനത് നിര്മ്മിതി. അതിനകത്ത് കയറണമെന്ന്‍ പല പ്രാവിശ്യം ആഗ്രഹിച്ചതാണ്‌, ഒഴിവു ദിവസങ്ങളിലൊക്കെ ഫാമിലിയെ മാത്രമേ അകത്തേക്ക് കടത്തി വിടുകയുള്ളു പക്ഷെ ഒരു ദിവസം കയറി നോക്കി, പുറം കാഴ്ച്ച പോലെ മനോഹരമല്ല അകം, ഒരു വലിയ ഒറ്റമുറി മ്യൂസിയം, ബലദിന്റെെ ഹിസ്‌റ്റോറിക്കല്‍ ഏരിയയില്‍ നിന്ന്‍ ഖനനം ചെയ്തെടുത്ത ചില വസ്തുക്കളുടെ ശേഖരവും ചില പഴയ ചിത്രങ്ങളും മാത്രമേ അവിടെയുള്ളു; അതും അറബിയില്‍ മാത്രം വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ ഫലകങ്ങള്ക്കൊംപ്പം.
ഈ തെരുവിലെ ഓരോ പഴയ വീടുകളെയും മനോഹരമാക്കുന്നത് അതിന്റെി പ്രതേക ഡിസൈനിലുള്ള ജനാലുകളാണ്; അകത്ത് നിന്ന്‍ നോക്കിയാല്‍ പുറംലോകം കാണാവുന്നതും തിരിച്ച് നോക്കിയാല്‍ കാണാത്തതുമായ ചിത്രപ്പണികളോടു കൂടിയ പ്രതേക നിര്മ്മാണ രീതി. ആ ജനാലുകള്ക്ക് പിറകിലിരുന്ന്‍ ഈ തെരുവ് നോക്കി നിന്നിരുന്ന സുന്ദരികളൊന്നും ഇന്നവിടെയില്ല, അവരൊക്കെ എന്നേ അപ്രത്യക്ഷമായിരിക്കുന്നു പലതിലും ആള്താതമസമില്ല ചിലതിലൊക്കെ ആഫ്രിക്കയില്‍ നിന്നൊക്കെയുള്ള കുടിയേറ്റക്കാര്‍ താമസിക്കുന്നു.
ഈ കുടിയേറ്റത്തിന്റെ് മറ്റൊരു ദുരന്തം ഈ പുരാതന നഗരം അനുഭവിച്ച് കൊണ്ടിരിക്കുന്നു, വലിയൊരു ഭിക്ഷാടന മാഫിയ ഇവിടം കയ്യടക്കിരിക്കുന്നു. അലിവ് തോന്നി എതെങ്കിലുമൊരാള്ക്ക് നമ്മളെന്തെങ്കിലും നല്കിയാല്‍ എവിടെ നിന്ന്‍ വന്നു ഇവരെക്കെ എന്ന്‍ ആലോചിക്കുന്നതിനു മുന്പേു ഒരു വലിയ സംഘം നിങ്ങളെ പിടിമുറിക്കിയിരിക്കും പിന്നെ എല്ലാവര്ക്കും കൊടുത്താലേ രക്ഷയുള്ളൂ.
അതുപോലെ ഇവിടെത്തെ തെരുവ് കച്ചവടവും രസകരമാണ് നമുക്കെത്രെ വേണേലും ഇവരോട് വിലപേശാം പറഞ്ഞ വിലയുടെ എത്രെയോ കുറവില്‍ നമുക്ക് സാധനം വാങ്ങിക്കുകയും ചെയ്യാം. ഹജ്ജ് ഉംറ തീര്ത്താ ടാകരുടെ പ്രധാന പര്ച്ചേകസിംഗ് കേന്ദ്രം കൂടിയാണിവിടം.
ഈജിപ്ഷ്യന്‍, എത്യോപ്യന്‍, ഇന്ത്യന്‍ മാര്ക്കറ്റുകളുടെ പരിച്ചേധമായ തെരുവിലൂടെ രണ്ടാം ഖലീഫ ഉമറിന്‍റെ കാലത്ത് പണികഴിപ്പിച്ച ശാഫീഹ് മസ്ജിന്റെെ ഓരത്ത്കൂടി ബലദിന്റൊ പ്രധാന ചത്വരത്തില്‍ എത്തിച്ചേരുമ്പോള്‍ ജിദ്ദയുടെ പുതിയ ഗന്ധം നമ്മെ തേടിയെത്തും. എല്ലാ നഗരങ്ങള്ക്കും വ്യതസ്തമായ ഗന്ധം ഉണ്ടായിരിക്കും പുതിയ ബലദിന്റെത അല്ലങ്കില്‍ ജിദ്ദയുടെ ഗന്ധം അത് ബ്രോസ്റ്റഡ് ചിക്കന്‍റെതായി മാറിയിരിക്കുന്നു. ലോകോത്തരവും പ്രാദേശികവുമായ ബ്രാന്റുകള്‍ അതോടൊപ്പം ജിദ്ദയുടെ മാത്രമായ അല്‍ ബൈക്ക് പോലോത്തവയും ചേര്ന്നൊരുക്കുന്ന പുതിയൊരു ഗന്ധം.
പുതുതായി നിര്മ്മിക്കപെട്ട ഒരുപാടു ശില്പങ്ങളുണ്ടുവിടെ, ജിദ്ദയുടെ മറ്റു ഭാഗങ്ങള്‍ പോലെത്തന്നെ അതിനു താഴയൊക്കെ ഒരുപാട് പേര്‍‍ ഇരിക്കുന്നുണ്ട്‌ അവരുടെ മുഖഭാവം ശ്രദ്ധിച്ചാലറിയാം അവരിതൊന്നും കാണുന്നില്ല, ഇതിന്റെു സൌന്ദര്യമൊന്നും അവര്‍ കണ്ടിട്ടില്ല കാരണം അവരുടെ മനസ്സൊക്കെ ഇന്ത്യയിലോ, പാകിസ്ഥാനിലോ, ബംഗ്ലാദേശിലോ, യമനിലോ, ഫിലിപ്പിയന്സിലോ, അതുമല്ലെങ്കില്‍ മറ്റേതെങ്കിലും ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലോ ആണ്.







    









Thursday, February 12, 2015

വ്യത്യസ്ഥം വിചിത്രം കാസ്രോട്

    12:02:00 PM   20 comments
കാസറഗോഡ്  ഒരു കവാടമാണ്. കടന്നുവരവിന്റെ കവാടം; കടന്നുപോക്കിന്റെ കവാടമല്ല. കടന്നുവന്നവരും അവരുടെ സംസ്‌കാരവും ഏറെക്കുറെ അവിടെത്തന്നെ സ്ഥായി നേടിയ നാട്. വിജയനഗരസാമ്രാജ്യം, ഇക്കേരി നായ്ക്കന്മാര്‍, ബേഡന്നൂര്‍ നായ്ക്കന്മാര്‍, ഹൈദരാലി- ടിപ്പുസുല്‍ത്താന്‍-ഇവരുടെ പടയോട്ടങ്ങളും അധിനിവേശവുമാണ് കന്നട, തുളു, മലയാളം, ഭാഷകള്‍ക്ക് പുറമെ ബ്യാരി, ഉര്‍ദു, കൊങ്കിണി, മറാത്തി ഭാഷകളെ ഇവിടെ കൊണ്ടുവന്നതും ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയാക്കിയതും. തെയ്യങ്ങള്‍ കടന്നുവന്നതും ഈ കവാടത്തിലൂടെ തന്നെ.




ഉരുനിര്‍മാണം പഴങ്കഥയായെങ്കിലും ഉരുനിര്‍മാണത്തിനുപയോഗിക്കുന്ന പുന്നമരങ്ങള്‍ ചന്ദ്രഗിരിക്കരയില്‍ ഇപ്പോഴും പൂത്തുനില്‍ക്കുന്നു. ഉരു പാരമ്പര്യമെന്നോണം ഏറ്റവുമധികം മര്‍ച്ചന്റ് നേവിക്കാരുള്ള സ്ഥലവും കാസര്‍ക്കോട് തന്നെ. നാഷണല്‍ യൂണിയന്‍ ഓഫ് സീ ഫെറേര്‍സ് ഓഫ് ഇന്ത്യയുടെ ആസ്ഥാന മന്ദിരം ഉദുമയിലെ കോട്ടിക്കുളത്താണ്. പിന്നെ ഉപ്പള അറിയെപ്പെടുന്നത് തന്നെ കപ്പൽ ഗ്രാമം എന്നാണു, ഓരോ വീട്ടിൽ നീന്നും ചുരുങ്ങിയത് ഒരാളെങ്കിലും കപ്പൽ ജോലിക്കാരനായി ഉണ്ടാവും.



മലയാളം,തുളു, കന്നട ഇവയാണ് കാസറഗോഡ്ന്റെ പ്രധാന ഭാഷകള്‍, ഇവയലധികം വാക്കുകള്‍ക്കും കൗതുകകരമായ സമാനതകളുണ്ട്.
വാക്കുകളില്‍ ചിലത്
മലയാളം - വില, എതിര്‍, കോഴി , പെണ്ണ്, വേണ്ട
തുളു - ബിലെ , എദിര് , കോറി , പൊണ്ണ് , ബോഡ്ചി
കന്നട - ബെലെ , എദുറു , കോളി , ഹെണ്ണു , ബേഡ

ഈ മൂന്ന് ഭാഷകളും മറ്റു ഭാഷകളും ചര്ന്ന ഒരു സങ്കര ഭാഷയാണ് കസരഗോടിന്റെ 'ഔദ്യോധിക' ഭാഷ.
കൂടാതെ കൊങ്കിണിയും, ബ്യാരിയും, മറാത്തിയും ഉറുദുവും.




കേരളത്തിലെ പുകയിലപ്പാടങ്ങള് പുല്ലൂര്‍-പെരിയ, അജാനൂര്‍, പള്ളിക്കര പഞ്ചായത്തുകളിലെ ഗ്രാമങ്ങളിലാണ്, 300 ഹെക്ടര്‍ സ്ഥലമെങ്കിലും ഇന്ന് പുകയിലക്കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്.
കര്‍ണാടകയാണ് ഈ കാഞ്ഞങ്ങാടന്‍ പുകയിലയുടെ പ്രധാന വിപണന മേഖല. പുകയിലച്ചെടികള്‍ ഏക്കറുകണക്കിന് പടര്‍ന്നുകിടക്കുന്ന കാഴ്ച നേരിട്ടുകാണാനും അറിയാനുമായി ഇവിടെ നിരവധി പേരെത്തുന്നു.



കേരളത്തിലെ ഒരേയൊരു തടാക ക്ഷത്രമായ കാസറഗോഡ് അനന്തപുരം ക്ഷേത്രത്തിലെ തടാകത്തിലെ അന്തേവാസിയായ 'ബബ്ബിയ' എന്ന മുതല, കഴിഞ്ഞ 65 വര്‍ഷത്തോളമായി ഈ മുതല മാംസാഹാരം കഴിക്കാതെ ഈ തടാകത്തില്‍ കഴിയുന്നു, കുമ്പള-ബദിയടുക്ക റൂട്ടില്‍ നായിക്കാപ്പില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ തെക്കോട്ടുപോയാല്‍ അനന്തപുരത്തെത്താം. 



പാറക്കെട്ടുകള്‍ക്കിടയിലുള്ള  32 ഏക്കര്‍ സ്ഥലം വര്‍ഷങ്ങളുടെ പ്രയത്നം കൊണ്ട് കൊടുംകാടാക്കിയ കരീം നാട്ടുകാര്‍ക്ക് ഫോറസ്റ്റ് കരീം ആണ്. 32 ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ച ഈ കാടിനെക്കുറിച്ച് ലോകത്തെ എല്ലാ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും ഇന്നറിയാം. കാസര്‍കോട് ജില്ലയിലെ നീലേശ്വരം പരപ്പ പുലിയന്‍കുളത്ത് ഒരു കാലത്തു വേനലില്‍ പച്ചപ്പുകാണാന്‍ കഴിയില്ലായിരുന്നു. നീലേശ്വരത്തെ കോട്ടപ്പുറം കടലോരഗ്രാമത്തില്‍ സാധാരണ വീട്ടില്‍ ജനിച്ചു വളര്‍ന്ന കരീം പുലിയന്‍ കുളത്ത് എത്തുന്നത് 1977ല്‍. ഗള്‍ഫിലെ മണലാരണ്യത്തെ പച്ചപ്പണിയിക്കാന്‍ ദുബായ് ഭരണാധികാരി  ഷൈക്ക് സായിദ് നടത്തുന്ന പരിശ്രമങ്ങളായിരുന്നു കരീമിന്റെ പ്രചോദനം. 50 സെന്റില്‍ തുടങ്ങി ഇപ്പോള്‍ 32 ഏക്കറില്‍. മുന്നൂറിലധികം ചെടികള്‍, കാട്ടുജീവികള്‍, പക്ഷികള്‍, ഇഴജന്തുക്കള്‍ എന്നിങ്ങനെ കരീം വിചാരിക്കാത്ത രീതിയിലേക്ക് കാടു വളര്‍ന്നു. സ്വകാര്യ വ്യക്തി സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യകാട് എന്ന ബഹുമതിയ്ക്കും അര്‍ഹനായി.

സ്വന്തമായി നട്ടുവളര്‍ത്തിയ കാടും ഉടമയും പതുക്കെ പതുക്കെ പുറംലോകത്തിന്റെ ശ്രദ്ധയില്‍പ്പെടാന്‍ തുടങ്ങി. 1998ല്‍ സഹാറ പരിവാര്‍ അവാര്‍ഡ് ലഭിച്ചതോടെ കരീം രാജ്യാന്തര തലത്തില്‍ അറിയപ്പെടാന്‍ തുടങ്ങി. അമിതാഭ് ബച്ചനില്‍ നിന്നായിരുന്നു അന്ന് അവാര്‍ഡ് വാങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ധാരാളം പരിസ്ഥിതി പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഈ കാടുകാണാന്‍ എന്നും വരും. പലരും ഒരാഴ്ച താമസിച്ച ശേഷമേ മടങ്ങിപോകൂ. കാട്ടരുവികളുടെ കുളിര്‍മ വിട്ടുപോകാന്‍ ഇവിടെയെത്തുന്നവര്‍ക്കാവില്ല




വിവാഹത്തിന് വരന്‍ വധുവിന്‍െറ അമ്മക്ക് വധുവിലയായി രണ്ടു രൂപ നല്‍കണം. വിവാഹദിവസം വധുവിന്‍െറ വീട്ടുകാര്‍ക്ക് വരന്‍െറവീട്ടുകാര്‍ അരി, തുണി, വെറ്റില, അടക്ക എന്നീ സാധനങ്ങള്‍ കൊടുക്കണം. വിവാഹം വധുവിന്‍െറ വീട്ടില്‍. കറുത്ത കല്ലുകള്‍ കോര്‍ത്തുണ്ടാക്കിയ മാല വരന്‍ വധുവിനെ അണിയിക്കും. ഇതാണ് വിവാഹത്തിന്‍െറ പ്രധാന ചടങ്ങ്. അതിനുശേഷം, വധൂവരന്മാര്‍ വിളമ്പിയചോറിനുമുന്നില്‍, ഒരു പായില്‍ ഇരിക്കും. മുതിര്‍ന്നവരും ക്ഷണിക്കപ്പട്ടവരും അവരുടെ തലയില്‍ അരിയിട്ട് അനുഗ്രഹിക്കും.

കേരളത്തില്‍ ജനസംഖ്യ ഏതാണ്ട് 1,500ഓളം മാത്രമുള്ള കൊറഗരുടെ വിവാഹ ചടങ്ങാണിത്‌,
കാസര്‍കോട് ജില്ലയിലെ പെരഡാള, ബേള, മഞ്ചേശ്വരം, മംഗലപ്പാടി എന്നീ സ്ഥലങ്ങളിലാണിവരുള്ളത്




വര്‍ഷങ്ങള്‍ക്കു മുമ്പ് മലബാറിൽ , പ്രത്യേകിച്ച് കാസറഗോഡ് മേഖലയിലെ മുസ്‌ലിം വീടുകള്‍ കേന്ദ്രീകരിച്ചു ഗൃഹ സന്ദര്‍ശനം നടത്തിയിരുന്ന ഒരു വിഭാഗം സഞ്ചാരികളായിരുന്നു കലീബമാര്‍.
നീട്ടി വളര്‍ത്തിയ താടിയും, പച്ച തലേകെട്ടും, തോളില്‍ മാറാപ്പും, കയ്യില്‍ ചുരുട്ടിപിടിച്ച കൊടിയുമായി എത്തിയിരുന്ന കലീബ ഇന്നത്തെ തലമുറക്ക് അന്യം നിന്നുപോയ ഒരു കാഴ്ചയാണ്
ഒറ്റയ്ക്കും, കൂട്ടായും ചിലപ്പോള്‍ കുഞ്ഞുകുട്ടി പരിവാരവുമായിട്ടാണ് കലീബയുടെ വരവ്. കയ്യില്‍ ദഫോ, അറവനയോ കൊണ്ട് നടക്കുമായിരുന്നു. വീടുകളില്‍ കോളിംഗ് ബെല്ലുകള്‍ അത്രയൊന്നും സജീവമല്ലാതിരുന്ന പഴയ കാലം. വീട്ടുമുറ്റത്തെത്തുന്ന കലീബ തന്റെ ആഗമനം അറിയിക്കാന്‍ കയ്യിലെ അറവനയില്‍ മുട്ടി ശബ്ദമുണ്ടാക്കി ബൈത്തുകള്‍ പാടും.

അജ്മീര്‍, നാഗൂര്‍, ഏര്‍വാടി, തുടങ്ങിയ അറിയപ്പെടുന്ന ജാറങ്ങളിലേക്കും മഖ്ബറകളിലേക്കും, ദര്‍ഗ്ഗകളിലേക്കും കാണിക്കയും, നേര്‍ച്ചയും സംഭാവനകളും വിശ്വാസികളില്‍ നിന്നും ശേഖരിച്ചു എത്തിച്ചു കൊടുക്കുന്ന മദ്ധ്യവര്‍ത്തികളായിരുന്നു ഈ കലീബമാര്‍.
ഇന്ന് കലീബയുടെ വരവ് പാടെ നിലച്ചിരിക്കുന്നു. നാട്ടിന്‍ പുറത്തെ ജീവിത ചുറ്റുപാടുകള്‍ മാറിയതിനാലും മത വിശ്വാസങ്ങളെ കുറിച്ച് കൂടുതല്‍ അവബോധം സമൂഹത്തില്‍ ഉണ്ടായതിനാലും ഇവരുടെ പ്രവര്‍ത്തന മേഖല ഇല്ലാതായി എന്ന് പറയാം.


(ഇത്ഇവിടെ അവസാനിക്കുന്നില്ല; പുതിയ വിവരങ്ങള്‍ ലഭ്യമാവുന്ന മുറക്ക് അപ്ഡേറ്റ് ചെയ്യുന്നതാണ്. ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍)

Monday, December 1, 2014

സ്വര്‍ഗത്തിലേക്കൊരു യാത്ര...

    5:14:00 AM   16 comments
സ്വര്‍ഗ;  പേര് പോലെ സ്വര്‍ഗമല്ല ഇന്നീ പ്രദേശം, നരകമാണ്, നരകമാക്കിയതാണ്. ഭരണംകൂടം സ്വന്തം ജനതയ്ക്കു നേരെ നിര്‍ദ്ദയം ഒരുക്കിയ രാസായുധ പ്രയോഗത്തിന്റെ ബാക്കിപത്രം.
കേരളത്തിന്റെ ഏറ്റവും വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന, അരുവികളും, നീരുറവകളും, വെള്ളച്ചാട്ടങ്ങളുമൊക്കെ കൂടിച്ചേര്‍ന്ന സ്വര്‍ഗ തുല്ല്യമായ പ്രദേശമായിരുന്നു ഇത്. ഈ ഗ്രാമത്തിന്റെ പവിത്ര നിശബ്ദതയെ ഭേദിച്ചു കൊണ്ട് ഒരുപാട് തവണ ഹെലിക്കോപ്റ്ററുകള്‍ ഈ നാടിന് മേല്‍ വിശം ചീറ്റി. ഇവിടത്തെ മണ്ണും, വെള്ളവും ജീവിതവും നശിപ്പിച്ചു.

എന്റൊസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ച് അറിയാനും വായിക്കാനും തുടങ്ങിയ കാലം മുതല്‍ കേള്‍ക്കുന്ന പേരാണ് എന്‍മകജയും സ്വര്‍ഗയുമൊക്കെ , ഇതിനെതിരെയുള്ള സമരത്തിന്റെയൊക്കെ ചെറിയ ഭാഗമായിട്ടുണ്ടെങ്കിലും അടുത്ത പ്രദേശമായിട്ട് പോലും ഇവിടെയെന്നും പോയിരുന്നില്ല.

വെക്കേഷന്‍ കാലത്തെ ലക്ഷ്യമില്ലാത്ത യാത്രകളിലൊരുദിനം കുമ്പള സീതാംഗോളി പെര്‍ള വഴി സ്വര്‍ഗത്തിലേക്കാക്കി. കൂടെ നവാഫും ഉവൈസും,ബാസിയും.ലക്ഷ്യം വെറുതെ ഈ പ്രദേശങ്ങളിലൊക്കെ ഒന്ന് കറങ്ങുക എന്ന് മാത്രം. സീതാംഗോളിയിലും, അംഗടിമുഗറിലേക്കുമെത്തുമ്പോള്‍ തന്നെ കര്‍ണ്ണാടകയോട് ചേര്‍ന്ന് നില്‍ക്കുന്ന സഹ്യസാനുക്കള് കാണാം. പെര്‍ളയിലെ വാണിജ്യ നികുതി ചെക്ക് പോസ്റ്റിനോട് ചേര്‍ന്ന് റോഡിലൂടെ സ്വര്‍ഗയിലേക്ക്.
ഈ മേഖലയിലാണ് 5000 ഏക്കറില്‍ പരന്നു കിടക്കുന്ന സര്‍ക്കാര്‍ തോട്ടം ; പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എന്ന സര്‍ക്കാര്‍ സ്ഥാപനം പറങ്കി  മരങ്ങള്‍ക്കായി പണിത തോട്ടങ്ങള്‍.
ഈ തോട്ടങ്ങള്‍ക്ക് മേലെയാണ് ആ സ്ഥാപനം ഹെലിക്കോപ്റ്ററുപയോഗിച്ച് എന്റോസള്‍ഫാന്‍ എന്ന മാരക കീടനാശിനി തളിച്ചത്. അന്നവര്‍ ഈ പറങ്കി മരങ്ങള്‍ക്കിടയിലുള്ള മനുഷ്യരെ കണ്ടില്ല, മറ്റു ജീവികളെ കണ്ടില്ല, പുഴകളും കുളങ്ങളും മറ്റു ജല സ്രോതസ്സുകളേയും കണാതെ വര്‍ഷങ്ങളോളം തുടര്‍ന്നു ഈ മരുന്നടി.
നാലു ഭാഗത്തും കുന്നുകളാല്‍ ചുറ്റപ്പെട്ട പാത്രത്തിന്റെ ആകൃതിയാണത്രെ ഈ പ്രദേശത്തിന്ന്, അത്‌കൊണ്ട് കുന്നിന്‍ മുകളില്‍ തളിച്ച എന്റോസള്‍ഫാന്‍ ഒലിച്ചിറങ്ങി താഴ്വാരത്തെ ജലസ്രോതസ്സുകളെ വിഷലിപ്തമാക്കി. ഇവിടെത്തെ കോടക്കേരിത്തോടില്‍ മത്സ്യമില്ലാതായി, പരിസരങ്ങളില്‍ ജീവന്റെ തുടിപ്പുകള്‍ ഇല്ലാതായി; കുഞ്ഞുങ്ങള്‍ വൈകല്യത്തോടെ ജനിച്ചുവീണപ്പോഴുമൊക്കെ ആദ്യം ഇവിടെത്തുക്കാര്‍ വിശ്വസിച്ചിരുന്നത് ഇവരുടെ കുലദൈവമായ ജടധാരിയുടെ കോപമാണന്നായിരുന്നെത്രെ.


പെര്‍ല ടൗണില്‍ നിന്ന് അവിചാരിതമായി കണ്ടുമുട്ടിയ ബാസിയുടെ സുഹൃത്ത് മഷൂദും ഞങ്ങളോടൊപ്പം ചേര്‍ന്നു, ചേര്‍ന്നതല്ല നിര്‍ബന്ധിച്ച് കൂടെ കൂട്ടിയതാണ്, ഞങ്ങള്‍ക്ക് വഴികാട്ടിയായി.
സ്വര്‍ഗയ്ക്ക് ചുറ്റും കാണാനുള്ളതൊക്കെ കാട്ടിത്തരാമെന്ന് മഷൂദ് ഏറ്റു. കാണാനുള്ള കാഴ്ച്ചകളല്ല കാണാതിരിക്കാനാഗ്രഹിക്കുന്ന കാഴ്ചകള്‍. ഭരണംകൂടം അറിഞ്ഞ് കൊണ്ട് സ്വന്തം ജനതയ്ക്ക് നേരെ നടത്തിയ ഭീകരപ്രവര്‍ത്തനത്തിന്റെ ഇരകളുള്ള ഇടമായ സ്വാന്തനം ബഡ്‌സ് സ്‌ക്കൂള്‍. രണ്ടാം ഭോപ്പാല്‍ ദുരന്തമായി കണക്കാക്കാവുന്ന ഈ ദുരന്തത്തിന്റെ ജീവിച്ചിരിക്കുന്ന 45 ഓളം ഇരകള്‍ ഇവിടെ ദിവസവും  വന്നു പോവുന്നു. എന്‍മകജെ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഈ പഞ്ചായത്തില്‍ ജീവന്‍ ബാക്കിയുള്ള 478 മനുഷ്യ ജീവിതങ്ങളുണ്ട് ആകെ. മനുഷ്യനായി പിറന്ന് പുഴുവിന് സമാനമായി മരിക്കേണ്ടിവന്നവര്‍ എത്രയോ.

ഇവിടെ കൂറെ കുട്ടികളുണ്ട്, അവര്‍ ആര്‍ത്തുല്ലസിക്കുന്ന ബഹളമയമില്ല, ബുദ്ധിവൈകല്ല്യമുള്ള, തല ഉടലിനേക്കാള്‍ വലുതായ ശബ്ദത്തിന്റെയും, കാഴ്ചയുടെയും ലോകത്ത് നിന്ന് അകന്ന് കഴിയുന്ന ഒരു പറ്റം കുഞ്ഞുങ്ങള്‍.
ഇങ്ങനെയൊരു 'കാഴ്ച്ച' ഈ യത്രയുടെ ലക്ഷ്യമായിരുന്നില്ല, ഈ പ്രദേശത്തു കൂടി വെറുതെ കറങ്ങുക എന്നല്ലാതെ. മഷൂദാണ് ഇവിടെ കൊണ്ട് വന്നത്. ആ വാര്‍ഡിന്റെ മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആയിഷയെ വിളിച്ചതും അവര്‍ വളരെപ്പെട്ടന്ന് അവിടെയെത്തിയതും. അവരോടൊപ്പമാണ് ഈ കുഞ്ഞുങ്ങളെ കണ്ടത്. പഞ്ചായത്തതികൃതര്‍ക്കൊപ്പമല്ലാതെ സ്‌കൂള്‍ സന്ദര്‍ശിക്കാനനുവാധമില്ലത്രെ.
വൈസ് പ്രസിഡന്റിന്റെ സമീപനങ്ങളില്‍ നിന്നും, വാക്കുകളില്‍ നിന്നും അവര്‍ ഇവിടെത്തെ ജീവിതങ്ങള്‍ക്ക് വേണ്ടി ഒരുപാട് ചെയ്യാനാഗ്രഹിക്കുന്നുവെന്ന് ബോധ്യമായി.സ്‌കൂളിന്റെ പ്രിന്‍സിപ്പള്‍ മറിയമ്മും അവിടെത്തെ ബാക്കി സ്റ്റാഫിനെയും പരിചയപ്പെട്ടപ്പോള്‍, അവിടെത്തെ പ്രവര്‍ത്തനമറിഞ്ഞപ്പോള്‍, ഈ നിസ്സാഹയര്‍ക്കൊപ്പം നില്‍ക്കാന്‍ ഇങ്ങനേയും ചില നല്ല മനുഷ്യരുണ്ടല്ലോ എന്നോര്ത്ത് ചാരിഥാര്ത്യം തോന്നി.  


ഇവിടെ ദുരന്തത്തിന്റെ ഇരകളായത് പിറന്ന് വീഴുന്നതിന് മുമ്പ് തന്നെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെ വിഷത്തിന്റെ കൈപ്പ് നീര് കുടിക്കേണ്ടിവന്ന കുഞ്ഞുങ്ങള്‍ മുതല്‍ ഈ പ്രദേശത്തെ തേനിച്ചകളും തവളകളെയും വരെ എന്‍ഡോസള്‍ഫാന്‍ വെറുതെ വിട്ടില്ല. മനുഷ്യരെയും പ്രകൃതിയെയും ജീവിതത്തെയും മുറിവേല്‍പ്പിച്ച ആ രാസായുധ പ്രയോഗത്തിന്റെ കെടുതിയില്‍പ്പെട്ട അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും നിലവിളികള്‍ ഈ പ്രദേശത്ത് നില്‍ക്കാതെ തുടരുന്നു.

കോടേരിത്തോടും പിന്നിട്ട് വിചനമായ സ്വര്‍ഗവഴിറ്റിലൂടെ വണ്ടി മുന്നോട്ട് നീങ്ങുകയാണ്.
തിരിച്ചു പോവുന്നത് ബദിയടുക്ക കാസര്‍കോട് വഴിയായതിനാല്‍ മഷൂദിനെ തിരിച്ചയച്ചിരുന്നു. വഴിയരികില്‍ ഒറ്റയ്‌ക്കൊരാള്‍ ഒരു ഊന്നു വടിയും പിടിച്ച് കൂട്ടിന് ഒരു നായയോടൊപ്പം ആരെയോ കാത്തിരിക്കുന്നത് പോലെ;
വഴി നിര്‍ത്താനായി വണ്ടി നിര്‍ത്തി; പേര് കൃഷ്ണനായിക്, പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ 18 വര്‍ഷത്തോളം എന്റോസള്‍ഫാന്‍ കലക്കി ഹെലികോപ്റ്ററില്‍ കയറ്റിക്കൊടുക്കുന്നതായിരുന്നു ജോലി. ഒവൈസിന് തുളു അറിയുന്നതിനാല്‍ കൃഷ്ണനായിക് ഒരുപാട് കാര്യങ്ങള്‍ സംസാരിക്കാന്‍ തയ്യാറായി. തുളുവിലും തുളു കലര്‍ന്ന മലയാളത്തിലുമായി തന്റെ 'സര്‍വ്വീസ് ഹിസ്റ്ററി' കൃഷ്ണനായിക് പറഞ്ഞു തന്നു. ഈ നാടിന്റെ ഈ അവസ്ഥയില്‍ ദുഖവും താന്‍ ചെയ്ത ജോലിയില്‍ കുറ്റബോധവുമാണ് നായികിന്,



അദ്ദേഹത്തോയും വാലാട്ടി നില്‍ക്കുന്ന ആ നായയെയും അവിടെത്തന്നെ ഉപേക്ഷിച്ച് വഴിയും ചോദിച്ച് ഞങ്ങള്‍ യാത്ര തുടരുകയാണ്. 
വഴിയരികിലൊക്കെ പറങ്കി മരങ്ങള്‍ റബര്‍ തൈകള്‍ക്ക് വഴി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചകള്‍ കാണാം. മലഞ്ചെരുവിലെ പി.സി.കെയുടെ തോട്ടങ്ങളിലൊക്കെ കയറിയിട്ട് വലിച്ച് കെട്ടി നിര്‍ത്തിയിരുന്ന റബര്‍ തൈകള്‍.
ദുരന്തത്തിന്റെ കാരണക്കാരായ സാക്ഷികളായ പറങ്കി മരങ്ങള്‍ കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പൂര്‍ണമായും ഇവിടെ നിന്ന് ഇല്ലാതായേക്കാം.
'അര ജീവിതങ്ങള്‍ക്കൊരു സ്വര്‍ഗം' എന്ന ഡോക്യുമെന്ററി തൊട്ട് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനെതിരെ സമരം നയിക്കുന്ന എം.എ റഹ്മാന്‍ ഈയിടെ എന്റോസള്‍ഫാന്‍ ബാധിത പ്രദേശത്തൂടെ നടത്തിയ യാത്രയില്‍ പറയുന്നുണ്ട്. ഇവിടെ ജീവിതം തിരിച്ചു വരികയാണ്. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് മണ്ണും, മനുഷ്യനും പുതുനാമ്പുകള്‍ തേടുകയാണ്. ഇരകളായ ഒരു ജനത അതിജീവനത്തിന്റെ വഴികള്‍ തേടുകയാണ്. 

പെഡ്രയും വാണിനഗറുമൊക്കെ ഈ ദുരന്തത്തിന്റെ അലയൊലികള്‍ക്കിടയില്‍ സ്വര്‍ഗത്തോടൊപ്പം ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളിലുമൊക്കെ നിറഞ്ഞ് നിന്ന പേരുകള്‍ തന്നെയാണ്.
പെഡ്രയിലെ ശ്രീ പെഡ്രയും വാണിനഗറില്‍ ഇരകള്‍ക്കായി ക്ലിനിക് നടത്തുന്ന ഡോ.വൈ.എസ്.മോഹന്‍ കുമാറുമൊക്കെ ഈ പ്രദേശത്ത് നിന്ന് തന്നെ ഈ ദുരന്തത്തിനെതിരെ ശബ്ദമുയര്‍ത്തിയവരാണ്.

കാനനപാതയിലൂടെയാണ് തിരികെയുള്ള യാത്ര, ഈ പ്രദേശത്ത് ജീവിച്ചിരുന്ന ഗോത്രവര്‍ഗ്ഗക്കാരെ കുടിയിറക്കി സമതലത്തില്‍ കൊണ്ടുപോയി അവരെ 'ബന്ധി'യാക്കിയാണത്രെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നിലവില്‍ വന്നത്. 
പെഡ്രയും വാണിനഗറിലേക്ക് തിരിയുന്ന വഴിയും പിന്നീട് ഈ പ്രദേശത്ത് നിന്ന് പുറത്ത് കടക്കുകയാണ്. 
വലിയ നൊമ്പരപ്പെടുത്തലുകളുണ്ടാക്കിയ ഒരു ചെറിയ യാത്ര ഇവിടെ അവസാനിക്കുകയാണ്...
                                                       ***********
ഇന്ന് ഈ യാത്ര കുറിച്ചിടുമ്പോള്‍ സ്വര്‍ഗത്തിന്റെ സമീപത്തെവിടെയോ നിന്നുള്ള വെറും 45 ദിവസം മാത്രം പ്രായമുള്ള ഒരു പിഞ്ച് കുഞ്ഞ് കൂടി മംഗലാപുരം ഗവ:ആശുപത്രിയിൽ വെച്ച്  സ്വര്‍ഗസ്ഥനായ വാര്‍ത്ത കൂടി വായിക്കേണ്ടി വന്നു.






വാണിജ്യ നികുതി ചെക്ക് പോസ്റ്റ്‌  പെർള 
എന്മകജെ എന്ന് ശിലാഫലകമുള്ള ഒരു റോഡ്‌ 
പി.സി.കെയുടെ തോട്ടങ്ങൾ ക്കിടയിലൂടെയുള്ള വഴി 
പി.സി.കെയുടെ തോട്ടങ്ങൾ ക്കിടയിലൂടെ കടന്നു പോവുന്ന റോഡ് 

സ്വര്ഗയിലെ ഒരു സൈൻ ബോർഡ് 
സ്വാന്തനം ബഡ്സ് സ്കൂളിൻറെ ബസ്സ്‌ 
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആായിഷയുമൊത്ത് 
                           സ്വാന്തനം സ്കൂളിലെ കുട്ടികൾ വരച്ച ചിത്രങ്ങൾ                                                       
കൃഷ്ണ നായിക്കിനോപ്പം 
ഒരു സെൽഫി 
റോഡിനെ മുറിച്ച് കടന്നു പോവുന്ന ഒരു അരുവി 
പെഡ്രയിൽ 

Wednesday, October 22, 2014

ഒട്ടകം വന്ന മല, തകർന്നടിഞ്ഞ നഗരം

    3:44:00 AM   20 comments

മൊബൈലിൽ ഫോട്ടോ ഗാലറിയിലൂടെ വെറുതെ തെരഞ്ഞു നടക്കുമ്പോഴാണ് ഈ ഫോട്ടോകൾ വീണ്ടും കാണുന്നത് എഴുതാതെ പോയ ഒരു യാത്രയുടെ ഓർമ്മചിത്രങ്ങൾ ഒന്നൊന്നര വർഷം മുമ്പ് നടത്തിയ യാത്ര;
 പിന്നീട് പലപ്പോഴും ഈ യാത്രയെക്കുറിച്ച് എന്തെങ്കിലും കുറിച്ചടണമെന്നാഗ്രഹിച്ചിരുന്നെങ്കിലും എന്തോ കാരണത്താൽ നടക്കാതെ പോയി. 'മരുഭൂമിയുടെ ആത്മകഥ'യിൽ മുസാഫിർ ഈ പ്രദേശത്ത്കൂടി കടന്ന്പോയത് വായിച്ചപ്പോൾ ഞാനും ഇവിടെ പോയതാണല്ലോ എന്തെങ്കിലും എനിക്കും കുറിച്ചടണമെന്ന് വീണ്ടും തോന്നി; യാത്രക്കാരന്റെ വേഷമഴിച്ച് മുസാഫിർ കുടിയേറ്റക്കാരന്റെ വേഷത്തിലേക്ക് മാറിയതോടെ വീണ്ടും മറന്നു ഈ യാത്ര.

 പെരുന്നാൾ ലീവിന്ന് എവിടെയെങ്കിലും ട്രിപ്പ് പോവണമെന്ന് പ്ളാൻ ചെയ്തതാണ് കൂടെയുള്ളവർക്ക് പലകാരണങ്ങൾ, ഒന്നും നടക്കാതെ ഒറ്റക്ക് വിഷമിച്ചിരിക്കുമ്പോഴാണു പത്രത്തിൽ 'സ്വലിഹ് നബിയുടെ ഒട്ടകം പുറപ്പെട്ട പാറ', 'ഒട്ടകം വെള്ളം കുടിച്ച കിണർ', 'ആ സമൂഹം ജീവിച്ചിരുന്ന പ്രദേശ'ങ്ങളിലേക്കുള്ള ടൂറിന്റെ പരസ്യം കാണുന്നത് അതിലെ നമ്പറിൽ വിളിച്ച് നാളേയ്ക്ക് ഒരു സീറ്റ് റിസർവ്വും ചെയ്തു;
പിറ്റേന്ന് വൈകുന്നേരം ശറഫിയ്യയിൽ നിന്ന് രണ്ടു ബസ്സുകളിലായി 150 ഓളം ആളുകളുള്ള ഒരു വലിയ സംഘം.. മദീനയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ വടക്കായി അൽഹുല നഗരത്തിൽ നിന്നും 25 കിലോമീറ്റർ അകലെയുള്ള മദായിൻ സാലേഹ് ആണ് ലക്‌ഷ്യം.

    വഴിയിലെവിടെയോ വെച്ച് ബസ്സൊന്ന് നിർത്തി എല്ലാവരും പുറത്തിറങ്ങിയപ്പോഴാണ് ഫവാസിനെ പരിചയപ്പെടുന്നത്, എന്റെ നാട്ടുകാരാൻ, കഷ്ടിച്ച് വീട്ടിന്ന് 20 കിലോമീറ്റർ മാത്രം ദൂരം, പക്ഷെ മലയാളം നന്നായി സംസാരിക്കനറിയില്ല; ഉറുദുവാണു മാതൃഭാഷ. സ്വന്തം നാട്ടുകരനോട് പോലും മാതൃഭാഷ സംസാരിക്കനവാത്ത ഈ അവസ്ഥ ഒരു പക്ഷെ അത്യുത്തര കേരളക്കാർക്ക് മാത്രമുള്ള പ്രതേകതയായിരിക്കും, പിന്നീട് ഫവാസിയിരുന്നു ഈ യാത്രയിലെ എന്റെ 'സഹയാത്രികൻ'.

   രാവിലെയെപ്പൊഴോ അൽഹുലാ നഗരത്തിലെത്തിയിരിക്കുന്നു, ലക്ഷ്യസ്ഥാനത്തേക്കിനി വളരെ കുറച്ച് ദൂരമെയുള്ളു, ഒന്ന് റിഫ്രെഷ് ആയതിനു ശേഷം യാത്ര തുടർന്നു, ചുറ്റും ഭീകരമായ രീതിയിൽ തകർന്നടിഞ്ഞ മലനിരകൾ, ഇതേവരെ എവിടെയും കണ്ടു പരിചയമില്ലാത്ത ഭൂപ്രകൃതി, മനുഷ്യവാസമോ, ജീവന്റെ തുടിപ്പുകളൊ ഇല്ല.  വല്ലാത്തൊരു ഭീതിയോടെയല്ലാതെ ഒരു യാത്രികനും ഇതുവഴി കടന്നു പോവില്ല.
 യുനൊസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെടുന്ന പ്രദേശം എന്ന വലിയ ബോർഡ്, കുറ്റൻ കവാടം, കവടത്തിനകത്തായി പല നിറത്തിലുള്ള പതാകകൾ, ഞങ്ങളുടെ രണ്ടു ബസ്സുകളുടെയും ഡ്രൈവർമാർ ഗേറ്റിനു മുമ്പിലുള്ള ചെക്കിങ്ങ് കൌണ്ടറിൽ അകത്തേക്കുള്ള പാസ്സിനായി യാത്രക്കാരുടെ രേഖകളുമായി ക്യു നിൽക്കുകയാണ്...    ബസ്സ്‌ ഗേറ്റിലൂടെ കുറച്ച് മുന്നോട്ട് നീങ്ങുമ്പോൾ ആദ്യം കാണുന്നത് ഒരു റയിൽവേ ട്രാക്കിന്റെ അവശിഷ്ടങ്ങൾ, പഴയ ആവിവണ്ടിയുടെ ഒരു പുന:സൃഷ്ടിച്ച മാതൃക, പിന്നെ ഒരു ചെറിയ റയിൽവേ മ്യൂസിയവും പഴയ തുർക്കി-മക്ക റൈൽവെ പ്രൊജക്ടിന്റെ ഭാഗമായുള്ള ഹിജാസ് റൈൽവെയുടെ ഡമാസ്ക്കസ്-മദീന പാത കടന്നു പോയിരുന്ന വഴിയാണിത്, പുരാതന സിൽക്ക് റൂട്ടിലെ ഒരു പ്രധാന ഇടം.  1908ൽ പണിയാരമ്പിച്ച് 1913ൽ സർവ്വീസ് തുടങ്ങിയ ഈ റയിൽവേ പിന്നീട് രാജ്യങ്ങൾ തമ്മിലുണ്ടായ ആഭ്യന്തര കലഹങ്ങളിലും, ലോകമഹായുദ്ദങ്ങൾക്കിടെയുണ്ടായ നിരന്തരാക്രമണങ്ങളിലൂടെയും തകർക്കപ്പെട്ടു. 1960 വെരെ പ്രവർത്തിച്ചിരുന്ന ഈ പാതയുടെ ഭാഗമായിരുന്ന ഡമാസ്ക്കസിലെ പ്രധാന സ്റ്റേഷൻ 2004ആണ് അടച്ചു പൂട്ടിയത്. റെയിൽവേ കടന്നു പോയിരുന്ന തുർക്കി,ജോർദാൻ, സിറിയ, സൗദി അറേബ്യ ഈ രാജ്യങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള പുതിയ റെയിൽവേ പ്രോജെക്ടിന്റെ പ്രഖ്യാപനം അടുത്തിടെ തുർക്കിയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും അതിന്റെ ഇപ്പോഴെത്തെ സ്ഥിതിയെന്താണന്നറിയില്ല.

 ഇനിയാണ് മദായിൻ സാലേയുടെ യഥാർത്ഥ അട്രാക്ഷൻസ് കാണാൻ പോവുന്നത്, 4000 വർഷം മുൻപുള്ള ഒരു ജനതയുടെ എൻജിനിയറിങ്ങിലെ അതി വൈദഗ്ദ്യം നിഴലിച്ചു നിൽക്കുന്ന നിർമ്മിതികൾ. കുറ്റൻ പാറകൾ തുരന്നുണ്ടാക്കിയ ഭവനങ്ങളും കെട്ടിടങ്ങളും, ഞങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്ന ഈ ഏരിയയിൽ മാത്രം 131 ഇത്തരം കുറ്റൻ ശിലാ ഭവനങ്ങളുണ്ട്.ഓരോന്നിനെ കുറിച്ചും ചെറുവിവരണങ്ങള്‍ നല്‍കുന്ന ഫലകങ്ങള്‍ എല്ലായിടത്തും സ്ഥാപിച്ചിരിക്കുന്നു ഭീകര സൗന്ദര്യമെന്ന് ഒരു സ്ഥലത്തെ വിശേഷിപ്പിക്കാൻ കഴിയുമെങ്കിൽ അത് മദായിൻ സ്വാലിഹ് ആണന്ന് മുമ്പെവിടെയോ വായിച്ചത് അക്ഷരാർഥത്തിൽ ശരിയാണന്നു ബോധ്യപ്പെട്ടു. അതിഭീകരമായ മലകൾക്കിടയിൽ നിർമ്മിക്കപ്പെട്ട ഭീകര നിർമ്മിതികൾ. "മലഞ്ജെരുവിൽ പാറകൾ തുരന്നവർ" എന്ന് ഖുർഹാൻ ഇവിടെ ജീവിച്ചിരുന്നവരെ കുറിച്ച് പറയുന്നുണ്ട്, ആ ജനതക്ക് നിയോഗിക്കപ്പെട്ടെ പ്രവാചകനായിരുന്നു സ്വാലിഹ് നബി. ധിക്കാരികളായ സമൂദ് ജനത സ്വാലിഹ് നബിയോട് പ്രവാചകനാണന്നെതിനുള്ള ദൃഷ്ടാന്തമായി പാറയിൽ നിന്ന് ഒരു ഒട്ടകത്തെ പുറപ്പെടുവിപ്പിച്ച് തരണമെന്നും, അത് നൽകിയപ്പോൾ അതിനെ അവർ കൊല്ലുകയും ചെയ്തു. ഞങ്ങളുടെ ഗൈഡ് ഒട്ടകം വന്ന പാറയും ഒട്ടകം വെള്ളംക്കുടിച്ചിരുന്ന കിണറും കാട്ടിത്തന്നു.

 ദൈവ കല്പന ധിക്കരിച്ച ഈ ജനതെയെ ഒരു ഘോര ശബ്ധത്തോടെ നശിപ്പിക്കപ്പെടുകയായിരുന്നെത്രെ; ആ ഘോര ശബ്ദത്തിന്റെ,ദുരന്തത്തിന്റെ അലയൊലികൾ ഇപ്പോഴും ഇവിടെ അലയടിക്കുന്നത് പോലോത്ത ഒരനുഭവമായിരിക്കും ഈ പ്രദേശം സന്ദർശകരിൽ ഉണ്ടാക്കുക. ഇതിനെക്കുറിച്ച് ഖുർഹാൻ പറയുന്നത് "കരിങ്കൽ കൊട്ടാരങ്ങളോ, പാറകൾ തുരന്നുണ്ടാക്കിയ മണിമന്തിരങ്ങളോ ഈ ആപത്തിൽ നിന്ന് അവരെ രക്ഷിച്ചില്ല". എന്നാണ്.
ഒരു പകൽ മുഴുവനും മനുഷ്യ ചരിത്രത്തിന്‍െറ ഈ അവശേഷിപ്പുകൾക്കിടയിലും ഇതിനു ചുറ്റുമുള്ള പ്രദേശങ്ങളിലും ചിലവിട്ട്   തിരിച്ചു പോവുകയാണ് ആളൊഴിഞ്ഞ പുരാതന നഗരം വിട്ട് ആളുകൾ ഒരിക്കലും ഒഴിയാത്ത ഒരു നഗര വീഥിയിലൂടെ..മദീനയിലൂടെ.. പ്രവാചകന്റെ ചാരത്ത് കൂടി..


നിര നിരയായിക്കിടക്കുന്ന ശിലാഭാവനങ്ങൾ 
ഞങ്ങളുടെ യാത്ര സംഘത്തിലുള്ളവർ  ബസ്സിറങ്ങി കാഴ്ച്ചകളുടെ അരികിലേക്ക് 

അത്ര മോടിയില്ലാത്ത മറ്റൊരു ബ്ളോക്ക് 
ഉയരത്തിലുള്ള വീടുകൾക്കരികിൽ കയറിയിരിക്കുന്നവർ 
മുകളിലേക്ക് കയറാനുള്ള എന്റെ ഒരു ശ്രമം
പാറകൾക്കിടയിലെ പിളർപ്പ്- അദ്ദിവാൻ 



കവാടത്തിനരികിലുള്ള ബോർഡ്‌  

ഒട്ടകം വെള്ളം കുടിച്ചിരുന്ന കിണർ 

ഒട്ടകം വന്ന മല യാത്ര സംഘത്തിനു ഗൈഡ് കാട്ടിത്തരുന്നു  


ശിലാഭാവനങ്ങൾക്കകത്ത് കയറിയിറങ്ങുന്നവർ


അദ്ദി-വാൻ 



ഗുഡ്ബൈ മദായിൻ സ്വലിഹ്.....


Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner