Tuesday, November 6, 2012

കുന്നോളം കാഴ്‌ചകളൊരുക്കി പൊസടിഗുമ്പെ വിളിക്കുന്നു..

    7:10:00 AM   3 comments


ഉത്തരദേശത്തെ കാണാകാഴ്‌ചകള്‍-16
കുന്നിന്‍ കൂട്ടങ്ങള്‍ക്കിടയില്‍ അപൂര്‍വ്വ കാഴ്‌ചകളൊരുക്കി ആളുകളെ മാടിവിളിക്കുകയാണ്‌ പൊസടിഗുമ്പെ. മുകളിലേക്ക്‌ കയറുംതോറും കാഴ്‌ചയുടെ മനോഹാരിത വര്‍ധിച്ചു വരുന്ന അനുഭവം സമ്മാനിക്കുന്ന കുന്നില്‍ കൂട്ടങ്ങളാണിവിടെ. മൂന്ന്‌ വ്യത്യസ്‌ത രൂപത്തിലും വിസ്‌തൃതിയിലുമുള്ള കുന്നുകളാണ്‌ ഇവിടെ  കാഴ്‌ചകളൊരുക്കി സന്ദര്‍ശകരെ കാത്തുനില്‍ക്കുന്നത്‌.
എത്ര കണ്ടാലും മതിവരാത്ത, മടുപ്പ്‌ വരുത്താത്ത കാഴ്‌ചകളുടെ വശ്യതയൊരുക്കുന്ന ഇവിടേക്ക്‌ സൗന്ദര്യാസ്വാദനം തേടിയെത്തുന്നവര്‍ ഏറെയാണ്‌. പക്ഷെ അതിനനുസൃതമായ അടിസ്ഥാനസൗകര്യം ഇല്ലാത്തതുകാരണം ഈ പ്രദേശം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്‌. 
കാസര്‍കോട്‌ നഗരത്തില്‍ നിന്ന്‌ 30 കിലോമീറ്റര്‍ വടക്കുകിഴക്കായാണ്‌ പൊസടിഗുമ്പെ സ്ഥിതി ചെയ്യുന്നത്‌. സമീപ പ്രദേശങ്ങളായ അംഗടിമുഗര്‍, മഞ്ചേശ്വരം, പൈവളിഗെ എന്നിവിടങ്ങളില്‍ നിന്നൊക്കെ കാണുന്ന പൊസിഗുമ്പെയുടെ വിദൂര കാഴ്‌ച ഏതൊരാളെയും ഇവിടെയെത്തിക്കാന്‍ തോന്നിക്കും. പച്ചപ്പ്‌ നിറഞ്ഞ ആ കാഴ്‌ച ഏവരെയും ആകര്‍ഷിക്കും.
ഉപ്പള നയാബസാര്‍ വഴിയും ബന്തിയോട്ടുനിന്ന്‌ കിഴക്കോട്ടായും സീതാംഗോളി വഴിയും പൊസടിഗുമ്പെയില്‍ എത്തിച്ചേരാം. ചേവാറില്‍ നിന്ന്‌ തുടങ്ങി ധര്‍മ്മത്തടുക്ക വരെ നീണ്ടുനില്‍ക്കുന്ന പൊസടിഗുമ്പെ ട്രാക്കിംഗിന്‌ ഏറ്റവും അനുയോജ്യമായ പ്രദേശം കൂടിയാണ്.

സമുദ്ര നിരപ്പില്‍ നിന്ന്‌ 1800 മീറ്റര്‍ ഉയരത്തിലാണ്‌ ഇവിടുത്തെ ഏറ്റവും വലിയ കുന്ന്‌. ഇവിടുത്തെ കുന്നിന്‍ ചെരുവിലെ  കാടും കാഴ്‌ചക്കാരെ ഏറെ ആകര്‍ഷിക്കുന്നു.
 കുന്നിന്‍ മുകളില്‍ നിന്നുള്ള അറബിക്കടലിന്റെയും ചുറ്റുവട്ടത്തെയും മനോഹര കാഴ്‌ചകള്‍ എത്ര കണ്ടാലും മതിവരാത്ത തരത്തിലാണ്‌. ഈ കുന്നിന്‍ ചെരുവുകള്‍ക്ക്‌ കാന്തിക ശക്തിയുണ്ടായതായി പറയെപ്പെടുന്നു. വിമാനങ്ങളെയും മറ്റും താഴേക്ക്‌ ആകര്‍ഷിച്ചുവലിക്കുന്നതുകാരണം പിന്നീട്‌ ശാസ്‌ത്രീയമായ രീതിയില്‍ മാറ്റം വരുത്തുകയായിരുന്നുവത്രെ.

കാറ്റില്‍ നിന്ന്‌ വൈദ്യുതിയുല്‍പാദിപ്പിക്കാനുള്ള പദ്ധതി ഇവിടെ സ്ഥാപിക്കാന്‍ ആലോചന നടന്നെങ്കിലും പില്‍ക്കാലത്ത്‌ അതിനെക്കുറിച്ച് ചര്ച്ചകളുണ്ടായില്ല. അതുപോലെ  ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ പ്രമുഖ ടൂറിസ്റ്റ്‌ കേന്ദ്രമായ ബേക്കല്‍ കോട്ടയുമായി ബന്ധിപ്പിച്ച്‌ പുതിയ പദ്ധദികൾക്കുള്ള  ആലോചനകള്‍ നടന്നെങ്കിലും അതും നിലംതൊടാതെ നിര്‍ത്തുകയാണുണ്ടായത്‌.

പൊസടിഗുമ്പെയിലെ കാഴ്‌ചകളെ വര്‍ണിച്ചുകൊണ്ട്‌ പ്രശസ്‌ത കവി കയ്യാര്‍ കിഞ്ഞണ്ണ റൈ എഴുതിയ കവിത പ്രശസ്‌തമാണ്‌. ആ കവിത കേരളത്തിലെ എല്‍.പി. വിഭാഗം കന്നട വിദ്യാര്‍ത്ഥികള്‍ക്ക്‌ പാഠഭാഗമായിരുന്നു.
വാര്‍ ആന്റ്‌ ലൗ എന്ന ദിലീപ്‌ ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം നടന്നതും ഇവിടെയാണ്‌. അതും ഈ പ്രദേശത്തെ പുറംലോകം അറിയാന്‍ വഴിവെച്ചു.

 ധര്‍മ്മത്തടുക്കയാണ്‌ പൊസടിഗുമ്പെയുടെ ഏറ്റവും അടുത്തുള്ള പ്രധാന ചെറുപട്ടണം. ധര്‍മ്മത്തടുക്കയില്‍ നിന്ന്‌ കാല്‍നടയായാണ്‌ ഏറെപേരും പൊസടിഗുമ്പെയില്‍ എത്തുന്നത്‌.
സ്വകാര്യതയും സാഹസികതയും അനുഭവിക്കാന്‍ സാഹചര്യമൊരുക്കുന്ന ഇത്തരം ടൂറിസ്റ്റ്‌ കേന്ദ്രങ്ങള്‍ ഉത്തര കേരളത്തില്‍ നന്നെ കുറവാണ്‌. എന്നിട്ടും ബന്ധപ്പെട്ടവരുടെ അനാസ്ഥമൂലം വേണ്ടത്ര വികസനം ഒരുക്കാത്തത്‌ കാരണം ടൂറിസം ഭൂപടത്തില്‍ ഈ പ്രദേശത്തിന്‌ അര്‍ഹതപ്പെട്ട സ്ഥാനം ലഭിക്കാതെപോവുന്നു.
(published in utharadesham with jabir kunnil, Photo courtesy: Google)





Unknown

About Unknown

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
3 comments:
Write comments
  1. അറിയപ്പെടാത്ത ഭൂവിഭാഗങ്ങൾ.....
    ഇനിയും അറിഞ്ഞിട്ടില്ലാത്ത സംസ്കാര സവിശേഷതകൾ.....
    നല്ല ഉദ്യമം.....

    ReplyDelete

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner