Sunday, October 14, 2012

അന്നും ഇന്നും തലയെടുപ്പോടെ തളങ്കര;

    10:36:00 AM   6 comments

 ഉത്തരദേശത്തെ കാണാകാഴ്‌ചകള്‍-2

ന്ത്യയിലാദ്യമായി ഇസ്ലാംമത പ്രചാരണത്തിന്‌ മാലിക്‌ദീനാറും സംഘവും എത്തിച്ചേര്‍ന്ന സ്ഥലങ്ങളിലൊന്നാണ്‌ തളങ്കര. അവര്‍ കേരളത്തിലും കര്‍ണാടകത്തിലുമായി പണികഴിപ്പിച്ച പത്ത്‌ പള്ളികളിലൊന്ന്‌ ഇവിടെയാണ്‌. മാലിക്‌ദീനാര്‍ പള്ളി എന്നറിയപ്പെടുന്ന ഇന്നത്തെ തളങ്കര വലിയ ജമാഅത്ത്‌ പള്ളി. ഇന്ത്യയിലെ തന്നെ ഏറ്റവും പുരാതനവും ഏറെ പ്രശസ്‌തവുമായ മുസ്ലിം പള്ളികളിലൊന്ന്‌.
മാലിക്‌ബ്‌നു ദീനാര്‍ അദ്ദേഹത്തിന്റെ സംഘാംഗമായ മാലിക്‌ബ്‌നു മുഹമ്മദിനെ ഈ പള്ളിയുടെ ഖാസിയായി നിയമിക്കുകയും അദ്ദേഹത്തിന്റെ മഖ്‌ബറയാണ്‌ ഇന്നീ പള്ളിയോട്‌ ചേര്‍ന്ന്‌ കിടക്കുന്നതെന്നും പറയപ്പെടുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണിത്‌. എ.ഡി. 642ലാണ്‌ ഈ പള്ളി പണികഴിപ്പിച്ചത്‌. പിന്നീട്‌ 1809ല്‍ പുതുക്കി പണിയുകയായിരുന്നു. 13 നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ പള്ളി ഹിന്ദു-മുസ്ലിം സൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി അറിയപ്പെടുന്നു.
ചന്ദ്രഗിരി പുഴ അറബിക്കടലിനോട്‌ സംഗമിക്കുന്ന സ്ഥലത്താണ്‌ കൊത്തുപണികളാലും നിര്‍മ്മിതിയാലും മനോഹാരിത വിളിച്ചോതുന്ന ഈ പള്ളി നിലനില്‍ക്കുന്നത്‌. ഇന്ന്‌ ഈ പള്ളി ഏറെ സൗകര്യങ്ങളോടെ വിശാലമാക്കിയിരിക്കുന്നു. അതോടൊപ്പം ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂണിവേഴ്‌സിറ്റിക്ക്‌ കീഴിലുള്ള അണ്ടര്‍ ഗ്രാജുവേറ്റ്‌ കോളേജായ മാലിക്‌ദീനാര്‍ ഇസ്ലാമിക്‌ അക്കാദമിയും പ്രവര്‍ത്തിച്ചുവരുന്നു.
ഇസ്ലാമിക പ്രചാരണത്തിന്‌ മാലിക്‌ദീനാറും സംഘവും ഇവിടെ എത്തുന്നതിന്‌ മുമ്പ്‌ തന്നെ അറബികള്‍ക്ക്‌ ഈ പ്രദേശവുമായി വ്യാപാര ബന്ധമുണ്ടായിരുന്നു. അതാണ്‌ മാലിക്‌ബ്‌നു ദീനാറിനെ ഇവിടെ എത്തിക്കാനുള്ള ഒരു കാരണം തന്നെ.
തളങ്കരയ്‌ക്ക്‌ പ്രൗഢമായ ചരിത്രം പറയാനുണ്ട്‌. ഇന്ന്‌ തളങ്കരയിലെത്തുന്ന ഏതൊരാളെയും സ്വാഗതം ചെയ്യുന്ന മനോഹരവും പ്രൗഢവുമായ കെട്ടിങ്ങളൊരുക്കുന്ന കാഴ്‌ചപോലെ തന്നെയാണ്‌ തളങ്കരയുടെ പൂര്‍വ്വകാലവും.
രാജ്യത്തെ അറിയപ്പെടുന്ന കപ്പല്‍ നിര്‍മ്മാണ കേന്ദ്രമായിരുന്നു തളങ്കര. ഇവിടെ നിന്ന്‌ കപ്പലുകള്‍ നിര്‍മ്മിക്കപ്പെടുകയും കയറ്റുമതി ചെയ്യുകയും ചെയ്‌തിരുന്നു. ഇന്ത്യയില്‍ മാത്രമല്ല വിദേശങ്ങളിലും ഇവിടെ നിന്ന്‌ നിര്‍മ്മിക്കുന്ന കപ്പലുകള്‍ എത്തിച്ചേര്‍ന്നിരുന്നു.

അതുപോലെ തന്നെ പ്രതാപം നഷ്‌ടപ്പെട്ട തളങ്കരയുടെ മറ്റൊരു പ്രധാന വ്യവസായമാണ്‌ `തളങ്കരത്തൊപ്പി' നിര്‍മ്മാണം. വിദേശങ്ങളില്‍ പോലും ഏറെ പ്രശസ്‌തമായിരുന്നു തളങ്കരത്തൊപ്പി. തളങ്കരയുടെ എക്കണോമിയില്‍ നിര്‍ണ്ണായക സ്വാധീനമുണ്ടായിരുന്ന തളങ്കരത്തൊപ്പിയുടെ പ്രാധാന്യം ഇന്നേതാണ്ട്‌ അസ്‌തമിച്ചിരിക്കുന്നു എന്ന്‌ പറയാം. തൊപ്പി നിര്‍മ്മാണ മേഖലയിലെ യന്ത്രവല്‍ക്കരണവും തൊഴിലാളികളെ ഈ മേഖലയില്‍ കിട്ടാത്തതും ഈ പ്രദേശത്തിന്റെ കൈത്തൊഴിലായിരുന്ന തളങ്കരത്തൊപ്പി നിര്‍മ്മാണത്തെ മന്ദഗതിയിലാക്കി. നിരവധി ഓട്‌ വ്യവസായം, കൈത്തറി വ്യവസായ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു.

ഇന്ന്‌ തളങ്കരയുടെ എക്കണോമിയെ നിയന്ത്രിക്കുന്നത്‌ പ്രധാനമായും ഗള്‍ഫ്‌ പണമാണ്‌. കേരളത്തില്‍ ഗള്‍ഫിനെ ഇത്രമേല്‍ ആശ്രയിക്കുന്ന പ്രദേശം വേറെയില്ലെന്നുപറയാം.
ജില്ലയിലെ ആദ്യകാല സ്‌കൂളുകളിലൊന്നായ തളങ്കര മുസ്ലിം സ്‌കൂള്‍, ആദ്യകാല ആസ്‌പത്രികളിലൊന്നായ മാലിക്‌ദീനാര്‍ ചാരിറ്റബിള്‍ ആസ്‌പത്രി എന്നിവ ഇവിടെയാണ്‌. 1970ല്‍ കെ.എസ്‌. അബ്‌ദുല്ലയുടെ നേതൃത്വത്തിലാണ്‌ മാലിക്‌ദീനാര്‍ ചാരിറ്റബിള്‍ ആസ്‌പത്രി സ്ഥാപിച്ചത്‌. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇസ്ലാമിക ടൈല്‍ കമ്പനി, കാനറ ടൈല്‍ ഫാക്‌ടറി തുടങ്ങി തളങ്കരക്ക്‌ അഭിമാമായി  ഒരുപാട്‌ സ്ഥാപനങ്ങളും പ്രസ്ഥാനങങളും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 


ചരിത്രവും ഭൂമിശാസ്‌ത്രപരവുമായ സൗന്ദര്യം മാത്രമല്ല തളങ്കരക്കുള്ളത്‌. മഹാ വി  ടി. ഉബൈദ്‌ സാഹിബിന്‌ ജന്മം നല്കിയ പ്രദേശം  കൂടിയാണിത്‌. 1908 ഒക്‌ടോബര്‍ 7ന്‌ ജനിച്ച ഉബൈദ്‌ സാഹിബിന്റെ വളര്‍ച്ചയ്ക്കൊപ്പം ഈ നാട് കൂടി വളരുകയായിരുന്നു. അദ്ദേഹത്തിന്റെ ജന്മഭൂമിയും കര്‍മ്മഭൂമിയും തളങ്കരയായിരുന്നു. 1931ല്‍ സ്ഥാപിതമായ മുഇസ്സുല്‍ ഇസ്ലാം സംഘത്തിന്റെ സെക്രട്ടറി സ്ഥാനവും ആ സംഘടനയ്‌ക്ക്‌ കീഴിലുണ്ടായിരുന്ന ഹയര്‍ എലിമെന്ററി സ്‌കൂളിലെ അധ്യാപക ജോലിയും ഏറ്റെടുത്ത്‌ അദ്ദേഹം 1946 മുതല്‍ 69 വരെ പഴയ എല്‍.പി. സ്‌കൂളിന്റെ അധ്യാപകനായും ജോലി ചെയ്‌തു. തളങ്കര പ്രദേശം വിദ്യാഭ്യാസ ഹരിശ്രീ കുറിച്ചത്‌ ഉബൈദ്‌ സാഹിബിലൂടെയായിരുന്നു. 
മുഇസ്സുല്‍ ഇസ്ലാം സംഘത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷവേളയില്‍ സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്താനുള്ള മുറവിളി ഉയരുകയും തുടര്‍ന്ന്‌ സ്ഥലപരിമിതി കാരണം നിലവിലെ എല്‍.പി. സ്‌കൂള്‍ അവിടെത്തന്നെ നിലനിര്‍ത്തി മാലിക്‌ദീനാര്‍ വലിയ ജമാഅത്ത്‌ പള്ളി ദാനം നല്‍കിയ 3.98 ഏക്കര്‍ സ്ഥലത്ത്‌ 1944ല്‍ സ്‌കൂള്‍ പണിയുകയായിരുന്നു. ആദ്യവര്‍ഷം രണ്ട്‌ പെണ്‍കുട്ടികള്‍ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. അതിലൊന്ന്‌ ടി. ഉബൈദിന്റെ മകള്‍ സുഹറയായിരുന്നു.
അന്നത്തെ മദ്രാസ്‌ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ ഡയരക്‌ടറായിരുന്ന സ്റ്റാത്തമാണ്‌ സ്‌കൂളിനായുള്ള അനുമതി നല്‍കിയത്‌. പള്ളിയുടെ സ്ഥലം വിട്ടുകൊടുത്ത ഉടമ്പടി പ്രകാരം സ്‌കൂളിന്‌ തളങ്കര ഗവ: മുസ്ലിം സ്‌കൂള്‍ എന്ന്‌ നാമകരണം ചെയ്യുകയായിരുന്നു. മുസ്ലിം എന്ന പേരില്‍ തുടങ്ങുന്ന കേരളത്തിലെ ഒരേയൊരു സര്‍ക്കാര്‍ വിദ്യാലയമാണിത്‌. ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന്റെ കീഴില്‍ ദഖീറത്ത്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌.
ഫുട്‌ബോള്‍, ക്രിക്കറ്റ്‌ കായികരംഗത്തും ഈ പ്രദേശത്തിന്റെ സംഭാവന നിസ്‌തുലമാണ്‌. നിരവധി പ്രതിഭകളെ സംഭാവന ചെയ്‌തിട്ടുണ്ട്‌ ഈ പ്രദേശം.

ഒരുവശത്ത്‌ ചന്ദ്രഗിരിപ്പുഴയും മറുവശത്ത്‌ അറബിക്കടലും അതിരിടുന്ന ഈ പ്രദേശം ഇന്ത്യയിലെ ചില പ്രമുഖ സംവിധായകരുടെ ഇഷ്‌ട ഷൂട്ടിംഗ്‌ ലൊക്കേഷന്‍ കൂടിയാണ്‌. മണിരത്‌നത്തിന്റെ `ബോംബെ' സിനിമയുടെ ആദ്യഭാഗം മുഴുവന്‍ ചിത്രീകരിച്ചത്‌ ഇവിടെയാണ്‌. എ.ആര്‍. റഹ്‌മാന്റെ `വേള്‍ഡ്‌ സ്‌പേസിന്റെ' പരസ്യത്തിനും റഹ്‌മാന്റെ തന്നെ ചില ആല്‍ബങ്ങള്‍ക്കും വേദിയാകാനുള്ള ഭാഗ്യം തളങ്കരയ്‌ക്ക്‌ ലഭിച്ചു.
പഴയ തുളുനാടിന്റെ തെക്കേ തല എന്ന അര്‍ത്ഥത്തില്‍ തലകര എന്നതാണ്‌ തളങ്കരയായതെന്ന്‌ പറയപ്പെടുന്നു.
നിരവധി മുസ്ലിം പള്ളികള്‍, ക്ഷേത്രങ്ങള്‍, വ്യാകുല മാതാ ചര്‍ച്ച്‌ തുടങ്ങിയ ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്‌. കാസര്‍കോട്‌ റെയില്‍വെസ്റ്റേഷന്‍, തീരദേശ പൊലീസ്‌സ്റ്റേഷന്‍, ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ തുടങ്ങിയവയും തളങ്കരയിലാണ്‌.
(-published in utharadesam with jabir kunnil)

Km irshad

About Km irshad

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
6 comments:
Write comments
 1. തളങ്കര യെ കുറിച്ച് പറയുന്ന വിക്ഞാന പ്രധമായ പോസ്റ്റ് ആശംസകള്‍

  ReplyDelete
  Replies
  1. കൊമ്പന്‍ജി നന്ദി..

   Delete
 2. തളങ്കരയും, മാലിക് ദിനാറും.... രണ്ടും അറിയാമെങ്കിലും കാസർഗോഡ് ടൗണിനടുത്താണെന്നത് പുതിയ അറിവ്. ബോംബെ സിനിമയിലെ ആദ്യഭാഗത്ത് ബോട്ടിൽ വന്നിറങ്ങുന്ന രംഗം കാസർഗോഡിനടുത്താണെന്നു കേട്ടിട്ടുണ്ട്.... ഇനി കാസർഗോഡ് വരുമ്പോൾ ഈ സ്ഥലങ്ങളിലൊക്കെ ഒന്നു കറങ്ങാനുള്ള താൽപ്പര്യം ഉണർത്തുന്നു ഈ ചെറിയ ലേഖനം....

  ReplyDelete
  Replies
  1. ഞങ്ങളെ നാട്ടിലേക്ക് സ്വാഗതം പ്രദീപ്‌ സര്‍

   Delete
 3. നാടിനെ കുറിച്ചുള്ള നല്ല ഒരു ലേഖനം .വ്യത്യസ്തമായ ഈ സ്ഥല വിവരണങ്ങള്‍ തുടരട്ടെ. ആശംസകള്‍

  ReplyDelete
 4. നന്ദി നിസാര്‍ ഭായ്.. വന്നതിനും വായിച്ചതിനും അഭിപ്രയത്തിന്നും :)

  ReplyDelete

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner