Sunday, October 14, 2012

കാസര്‍കോട്‌; ചന്ദ്രഗിരി ചുറ്റി ഒഴുകുന്ന നഗരം

    10:00:00 AM   No comments

ഉത്തരദേശത്തെ കാണാകാഴ്ചകള്‍

തായലങ്ങാടി ക്ലോക്ക്‌ ടവര്‍; ഇത്‌ ഖാന്‍ ബഹാദൂര്‍ മുഹമ്മദ്‌ ഷംനാട്‌ എന്ന ധീരനായ സാമൂഹ്യപരിഷ്‌കര്‍ത്താവിന്റെ പേരില്‍ 1955ല്‍, അഥവാ കേരളം രൂപീകരിക്കുന്നതിന്‌ മുമ്പ്‌ അന്നത്തെ മദ്രാസ്‌ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കാമരാജ നാടാര്‍ ഉല്‍ഘാടനം ചെയ്‌ത സ്‌മാരകം. 

ഇവിടെ നിന്നാണ്‌ കാസര്‍കോട്‌ നഗരം ആരംഭിക്കുന്നത്‌. കാസര്‍കോട്‌ നഗരമാകുന്നതിന്‌ മുമ്പുള്ള കാസര്‍കോടിന്റെ പ്രധാന വാണിജ്യകേന്ദ്രം, കാസര്‍കോട്ടെ ആദ്യത്തെ ബസ്‌സ്റ്റാന്റും ഇവിടെയായിരുന്നുവത്രെ.
പിന്നീടാണ്‌ കാസര്‍കോട്‌ നഗരം ചക്കരബസാര്‍, എം.എ. ബസാര്‍ തുടങ്ങിയിടങ്ങളിലേക്ക്‌ വളര്‍ന്നതും അവിടെ നിന്ന്‌ ഇന്നത്തെ പഴയ ബസ്‌സ്റ്റാന്റിലേക്ക്‌ നഗരം വ്യാപിപ്പിക്കുന്നതും അവിടെ നിന്ന്‌ വളര്‍ന്ന്‌ പുതിയ ബസ്‌സ്റ്റാന്റില്‍ എത്തിനില്‍ക്കുന്നതും. വിദ്യാനഗറും കടന്ന്‌ ചെര്‍ക്കളവരെ ഒരൊറ്റനഗരമായി കാസര്‍കോട്‌ മാറുന്നകാലം അതി വിദൂരമല്ലെന്ന തരത്തിലാണ്‌ ഇന്നീ നഗരത്തിന്റെ വളര്‍ച്ച. 
കാസര്‍കോട്‌ നഗരത്തെ പ്രധാനമായും രണ്ടായി വിഭജിച്ചിരിക്കുന്നു. പഴയ ബസ്‌സ്റ്റാന്റ്‌ എന്നും പുതിയ ബസ്‌സ്റ്റാന്റെന്നും.
പഴയ ബസ്‌സ്റ്റാന്റിലെ സൗകര്യങ്ങളുടെ അപര്യാപ്‌തത കാരണം വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഇന്നത്തെ പുതിയ ബസ്‌സ്റ്റാന്റിലേക്ക്‌ കൂടി നഗരത്തെ വ്യാപിക്കുകയായിരുന്നു.
കേരളത്തിലെ മറ്റേത്‌ നഗരത്തെയും ജില്ലാ ആസ്ഥാനങ്ങളെ അപേക്ഷിച്ച്‌ വിശാലമായ രണ്ട്‌ ബസ്‌സ്റ്റാന്റുകള്‍ കാസര്‍കോടിന്‌ സ്വന്തമായുണ്ട്‌. ഒന്ന്‌ പുതിയ ബസ്‌സ്റ്റാന്റും ഷോപ്പിംഗ്‌ കോംപ്ലക്‌സും കഴിഞ്ഞവര്‍ഷം ഉല്‍ഘാടനം ചെയ്‌ത കെ.എസ്‌.ആര്‍.ടി.സി. ബസ്‌സ്റ്റാന്റും അതോടൊപ്പമുള്ള തുളുനാട്‌ ഷോപ്പിംഗ്‌ കോംപ്ലക്‌സും.
കാസര്‍കോട്‌ നഗരം അറബിക്കടലിനോട്‌ കിന്നാരം പറഞ്ഞ്‌ ചന്ദ്രഗിരിയുടെ ഭാഗമായ പയസ്വിനി ഈ നഗരത്തിന്‌ പൊന്നരഞ്ഞാണം കെട്ടിയൊഴുകുന്നു. ഇതിനൊക്കെ അപ്പുറം വൈവിധ്യമാര്‍ന്ന സാംസ്‌കാരിക സംഗമത്തിന്റെ കേന്ദ്രവും കൂടിയാണ്‌ കാസര്‍കോട്‌ നഗരം.
മറ്റു നഗരങ്ങളിലെ പുഴകളെപ്പോലെ ഫാക്‌ടറികളില്‍ നിന്ന്‌ വമിക്കുന്ന വിഷാംശം കലര്‍ന്ന വാതകങ്ങളോ പുഴയിലേക്ക്‌ ഒഴുകുന്ന മാലിന്യങ്ങളോ ചന്ദ്രഗിരിപ്പുഴയെ അലട്ടുന്നില്ല. നഗരത്തോട്‌ തൊട്ടുരുമ്മി ഒഴുകിയിട്ടുപോലും കളങ്കമേല്‍ക്കാതെയൊഴുകി അറബിക്കടലില്‍ എത്തിച്ചേരുന്നു.

കാസര്‍കോട്‌ നഗരത്തിലെ ഓരോ പ്രദേശത്തിനും ഓരോ റോഡിനും ഒരുപാട്‌ കഥകള്‍ പറയാനുണ്ട്‌.

ഇപ്പോഴത്തെ എം.ജി. റോഡ്‌ ഒരുകാലത്ത്‌ ജാല്‍സൂര്‍ റോഡായിരുന്നു. കര്‍ണാടകയിലെ ജാല്‍സൂരിലേക്കുള്ള ബസുകള്‍ ക്ലോക്ക്‌ ടവറിനടുത്തുള്ള ബസ്‌സ്റ്റാന്റില്‍ നിന്ന്‌ ഇതുവഴിയാണ്‌ കടന്നുപോയിരുന്നത്‌. അങ്ങനെ ഈ റോഡിന്‌ ജാല്‍സൂര്‍ റോഡ്‌ എന്ന പേര്‌ വീണു. പിന്നീടാണ്‌ അത്‌ മാറ്റി എം.ജി. റോഡ്‌ (മഹാത്മാഹാന്ധി റോഡ്‌) എന്നാക്കിയത്‌.
അതുപോലെ പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനുമായിരുന്ന കെ.പി. രാഘവേന്ദ്ര റാവുവിന്റെ പേരിലുള്ള കെ.പി.ആര്‍. റാവു റോഡ്‌, 1930 കാലഘട്ടങ്ങളില്‍ കാസര്‍കോട്‌ താലൂക്ക്‌ സംരക്ഷണസമിതിയുടെ പ്രസിഡണ്ടായിരുന്ന ഐ.സി. ഭണ്ഡാരിയുടെ സ്‌മരണാര്‍ത്ഥമുള്ള ഐ.സി. ഭണ്ഡാരി റോഡ്‌ തുടങ്ങിയ പേരുകളില്‍ ചരിത്രം ഇവിടെ സഞ്ചാരമൊരുക്കുന്നു.
ബാങ്ക്‌ റോഡിന്‌ ആ പേര്‌ നല്‍കുമ്പോള്‍ ആ പ്രദേശത്ത്‌ ഒന്നോ രണ്ടോ ബാങ്കുകള്‍ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. എന്നാല്‍ ഇന്ന്‌ കാസര്‍കോട്ടെ പ്രധാന ബാങ്കുകളൊക്കെ പ്രവര്‍ത്തിക്കുന്നതിവിടെയാണ്‌. സ്റ്റേറ്റ്‌ ബാങ്ക്‌, സിണ്ടിക്കറ്റ്‌ ബാങ്ക്‌, ഡിസ്‌ട്രിക്‌ട്‌ ബാങ്ക്‌, അതുകൂടാതെ പുതുതലമുറ ബാങ്കുകളായ ഐ.സി.ഐ.സി.ഐ. ബാങ്ക്‌, ആക്‌സിസ്‌ ബാങ്ക്‌ തുടങ്ങിയവും പ്രവര്‍ത്തിക്കുന്നതിവിടെയാണ്‌.
പറഞ്ഞാല്‍ തിരാത്തത്ര സ്ഥലനാമ ചരിത്രമുണ്ട്‌ കാസര്‍കോടിന്‌. ടൗണ്‍ഹാളും ഗസ്റ്റ്‌ഹൗസും മുനിസിപ്പാലിറ്റി ഓഫീസുമൊക്കെ സ്ഥിതി ചെയ്യുന്ന പുലിക്കുന്നിന്‌ ആ പേര്‌ വന്നതിന്‌ കാരണം `പുലിക്കുന്ന്‌' എന്ന പേര്‌ തന്നെ സൂചന നല്‍കുന്നുണ്ട്‌.
കാസര്‍കോടിന്‌ ഈ പേര്‌ വന്നതിനും ഒരുപാട്‌ കഥകള്‍ പ്രചാരത്തിലുണ്ട്‌. തര്‍ക്കങ്ങളും നിലനില്‍ക്കുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ തടാകം. അല്ലെങ്കില്‍ കുളം എന്നര്‍ത്ഥം വരുന്ന സംസ്‌കൃത പദമായ `കാസറ' എന്ന വാക്കും `നിധി സൂക്ഷിക്കുന്ന സ്ഥലം' എന്നര്‍ത്ഥം വരുന്ന `ക്രോഡ' എന്ന വാക്കും ചേര്‍ന്ന കാസര്‍കോട്‌ ഉണ്ടായി എന്നാണ്‌. 
മറ്റൊരു അഭിപ്രായം നിലനില്‍ക്കുന്നത്‌ കാസകെ മരങ്ങള്‍ (കാഞ്ഞിരമരങ്ങള്‍) നിറഞ്ഞ പ്രദേശമായതിനാല്‍ ഈ പേര്‌ വന്നുവെന്നുമൊക്കെയാണ്‌.
പേരിന്റെ കഥ എന്തൊക്കെ തന്നെയായാലും ഒന്‍പതാം നൂറ്റാണ്ടിനും 14-ാം നൂറ്റാണ്ടിനുമിടയില്‍ ഒരുപാട്‌ അറബ്‌ വ്യാപാരസംഘങ്ങള്‍ കാസര്‍കോട്‌ സന്ദര്‍ശിച്ചിരുന്നു. കേരളത്തിലെത്തിയിരുന്ന അറബികളുടെ പ്രധാന വ്യാപാരകേന്ദ്രമായിരുന്നു കാസര്‍കോട്‌.
1800ല്‍ ബ്രിട്ടീഷ്‌ ഭരണാധികാരിയായിരുന്ന വെല്ലസ്ലി പ്രഭുവിന്റെ കുടുംബ ഡോക്‌ടറായിരുന്ന ഡോക്‌ടര്‍ ഫ്രാന്‍സിസ്‌ ബുക്കാനന്‍ കാസര്‍കോടും പരിസരപ്രദേശങ്ങളും സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ യാത്രാ വിവരണത്തില്‍ കാസര്‍കോടിനെയും പരിസരപ്രദേശങ്ങളെയും ഉള്‍പ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്‌. 
കാസര്‍കോട്ടേക്ക്‌ പഴയകാലത്ത്‌ കൊപ്ര, അടക്ക, കുരുമുളക്‌ തുടങ്ങിയ മലഞ്ചരക്കുകള്‍ വില്‍ക്കാന്‍ വേണ്ടിയായിരുന്നു സമീപ്രദേശങ്ങളില്‍ നിന്ന്‌ ആളുകള്‍ വന്നിരുന്നത്‌. ഇന്നിപ്പോള്‍ ഷോപ്പിംഗ്‌ മാളുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളുമൊക്കെ ആളുകളെ ആകര്‍ഷിക്കുന്ന പ്രധാനകേന്ദ്രങ്ങളായി മാറിയിരിക്കുന്നു.
അതുപോലെ തന്നെ ആസ്‌പത്രികള്‍ `ലളിതാന്റെ ആസ്‌പത്രി' എന്നറിയപ്പെട്ടിരുന്ന പ്രശാന്തി നഴ്‌സിംഗ്‌ ഹോമും `ജനാര്‍ദ്ദനന്റെ ആസ്‌പത്രി'എന്നറിയപ്പെട്ടിരുന്ന ജനാര്‍ദ്ദന ക്ലീനിക്കുമായിരുന്നു. ഇതില്‍ പ്രസവാശ്യങ്ങള്‍ക്ക്‌ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത്‌ പ്രശാന്തി നഴ്‌സിംഗ്‌ ഹോമിനെയായിരുന്നു. 
അതുകൂടാതെ ആളുകള്‍ ധര്‍മ്മാസ്‌പത്രി എന്ന്‌ വിളിച്ചിരുന്ന ഇന്നത്തെ ജനറല്‍ ആസ്‌പത്രിയെയായിരുന്നു കൂടുതലും ആശ്രയിച്ചിരുന്നത്‌. കാസര്‍കോട്‌ ജനറല്‍ ആസ്‌പത്രി ഇന്ന്‌ കാണുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടത്തിലേക്ക്‌ മാറിയത്‌ ഈ അടുത്തകാലത്താണ്‌.
കാസര്‍കോട്‌ നഗരത്തിലെ പ്രധാന ആരാധനാലയങ്ങളില്‍ മല്ലികാര്‍ജ്ജുന ക്ഷേത്രം, ടൗണ്‍ മുബാറക്‌ മസ്‌ജിദ്‌, ഹസനത്തുല്‍ ജാരിയ്യ മസ്‌ജിദ്‌ (കണ്ണാടിപ്പള്ളി), തായലങ്ങാടി ഖിളര്‍ ജുമാമസ്‌ജിദ്‌, കോട്ടക്കണി ചര്‍ച്ച്‌ തുടങ്ങിയവ പ്രധാനപ്പെട്ടവയാണ്‌.
(-published in utharadesam with jabir kunnil)


Km irshad

About Km irshad

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
No comments:
Write comments

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner