Thursday, November 8, 2012

സൗഹാര്‍ദ്ദത്തിന്റെ പാലങ്ങളൊരുക്കി കുമ്പഡാജെ

    1:31:00 AM   2 comments


ഉത്തരദേശത്തെ കാണാകാഴ്‌ചകള്‍-18
മായിപ്പാടി രാജവംശത്തിന്റെ കീഴിലായിരുന്ന പഴയ കുമ്പള സീമയുടെ പ്രധാനഭാഗമായിരുന്നു ആദ്യകാലത്ത്‌ കുമ്പഡാജെ. കദമ്പ വംശത്തില്‍പെട്ട ബീഡിന ബള്ളാളയായിരുന്നു കുമ്പഡാജെയുടെ ഭരണാധികാരി. സ്ഥലം സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി `ചാവാടി' എന്ന പേരില്‍ സത്യം ചെയ്യിക്കല്‍ ചടങ്ങ്‌ അക്കാലത്ത്‌ ഇവിടെ നിലനിന്നിരുന്നുവത്രെ. വില്ലേജ്‌ ഓഫീസ്‌, മജിസ്‌ട്രേറ്റ്‌, വിദ്യാഭ്യാസ കേന്ദ്രം എന്നിവയൊക്കെ ഈ ഭരണത്തിന്റെ കീഴില്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നതായി ചരിത്രം പറയുന്നു. ജ്യോതിഷ പണ്ഡിതര്‍, ഭാഗവതര്‍, ചിത്രകലാ വിദഗ്‌ധര്‍ എന്നിവര്‍ക്കൊക്കെ അര്‍ഹമായ പ്രാധാന്യം ഈ ഭരണകാലത്ത്‌ നല്‍കിയിരുന്നുവത്രെ. അന്ന്‌ മുതല്‍ കൃഷിയായിരുന്നു ഈ പ്രദേശത്തുകാരുടെ ജീവിതമാര്‍ഗം. 
പിന്നീട്‌ രണ്ട്‌ കുടുംബങ്ങളുടെ കീഴിലായിരുന്നു കുമ്പഡാജെയുടെ പ്രധാന ഭാഗങ്ങള്‍. ഒബ്രങ്കള കുനിക്കുല്ലായയുടെ പരമ്പരയില്‍പെട്ട ഒബ്രങ്കള കുടുംബവും കുമ്പഡാജെ ബീഡുവിന്റെ പരമ്പരയില്‍പെട്ട ബളക്കള കുടുംബവുമായിരുന്നു അവ. ഈ കുടുംബത്തില്‍ നിന്ന്‌ സ്ഥലം പാട്ടത്തിനെടുത്താണ്‌ നാട്ടുകാര്‍ കൃഷി ചെയ്‌തിരുന്നത്‌ എന്ന്‌ പറയപ്പെടുന്നു. ഏതാണ്ട്‌ എല്ലാ കാര്‍ഷിക വിളകളും ഇവിടെ കൃഷി ചെയ്‌തിരുന്നുവത്രെ. പിന്നീട്‌ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത്‌ പ്രാബല്യത്തില്‍ വന്ന ഭൂപരിഷ്‌കരണ നിയമപ്രകാരം ഈ കുടുംബത്തിന്റെ അധീനതയിലായിരുന്ന സ്ഥലങ്ങള്‍ നഷ്‌ടപ്പെടുകയായിരുന്നു.

ആദ്യകാലത്ത്‌ ഒബ്രങ്കള എന്ന പേരിലായിരുന്നു പഞ്ചായത്തുണ്ടായിരുന്നത്‌. അത്‌ വിഭജിച്ച്‌ 1946 ഓടെ കുമ്പഡാജെ പഞ്ചായത്ത്‌ നിലവില്‍ വന്നു. 1960ല്‍ പഞ്ചായത്ത്‌ ആക്‌ട്‌ പ്രകാരം ഇരു പഞ്ചായത്തുകളും ചേര്‍ത്ത്‌ കുമ്പഡാജെ എന്ന പേരില്‍ ഏകീകരിക്കുകയായിരുന്നു. പഞ്ചരിക്കെ വിഷ്‌ണു ഭട്ടായിരുന്നു ആദ്യ പ്രസിഡണ്ട്‌.
1988ല്‍ വൈ.കെ. കേശവ ഭട്ട്‌ പ്രസിഡണ്ടായതോടെ ഈ നാടിന്റെ സുവര്‍ണ കാലഘട്ടം ഉടലെടുത്തതായി പറയുന്നു. അക്കാലത്ത്‌ എം.എല്‍.എയായ സി.ടി. അഹമ്മദലിയുടെ പ്രയത്‌നവും ഈ നാടിന്റെ വളര്‍ച്ചക്ക്‌ കാരണമായി. അതുവരെ യാത്രാക്ലേശവും മറ്റും കാരണം ഏറെ ദുരിതമനുഭവിച്ചിരുന്ന ഈ നാട്ടിലേക്ക്‌ ഇരുവരുടെയും ശ്രമഫലമായി റോഡുകളും പാലങ്ങളും വന്നത്‌ വികസനത്തിന്റെ പൂതിയ വഴികള്‍ തുറന്നുകൊടുത്തു. ഏറെ റോഡുകളും പാലങ്ങളും വന്നതോടെയാണ്‌ ഈ പ്രദേശം ഏറെ ശ്രദ്ധിക്കപ്പെട്ടത്‌. നാരമ്പാടി, കൂഡല്‍, കുമ്പഡാജെ എന്നീ പാലങ്ങളും കൊടവന വയല്‍, കൂടല്‍ തുടങ്ങിയടങ്ങളിലെ തൂക്കുപാലങ്ങളും ഈ പ്രദേശത്തുകാര്‍ക്ക്‌ എളുപ്പവഴിയൊരുക്കുന്നതിനൊപ്പം പ്രത്യേക സൗന്ദര്യംകൂടി നല്‍കുന്നു.
വിവിധ ജാതി-മത-ഭാഷകള്‍കൊണ്ട്‌ സമ്പന്നമാണ്‌ കുമ്പഡാജെ.
 കാസര്‍കോടിന്റെ മണ്ണില്‍ തീരാത്ത മുറിവേല്‍പ്പിച്ച്‌ പലഭാഗത്തുനിന്നും ഇടയ്‌ക്കിടെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഭീതിപ്പെടുത്തുമ്പോള്‍ പണ്ട്‌ മുതല്‍ക്കെ തുടരുന്ന സൗഹാര്‍ദ്ദം കാത്തുസൂക്ഷിച്ച്‌ കുമ്പഡാജെ വേറിട്ടുനില്‍ക്കുന്നു. ഇതാണ്‌ ഈ ഗ്രാമത്തിന്റെ ഏറ്റവും നല്ല പ്രത്യേകത.
ബെളിഞ്ച, മാര്‍പ്പനടുക്ക, ചെറുമി, ഗോസാഡ, ഏത്തടുക്ക, മനൂര്‍, കുറുവത്തടുക്ക, അഗല്‍പാടി, മരിക്കാന, തുപ്പക്കല്‍ തുടങ്ങിയവയാണ്‌ കുമ്പഡാജെയിലെ പ്രധാന സ്ഥലങ്ങള്‍.
വിദ്യാഭ്യാസ രംഗത്ത്‌ ഏറെ പിന്നോക്കം നില്‍ക്കുന്ന ഗ്രാമങ്ങളില്‍ ഒന്നാണ്‌ കുമ്പഡാജെ. ഏറെ പ്രദേശങ്ങളുണ്ടായിട്ടും ഹൈസ്‌കൂള്‍ സൗകര്യമില്ലാത്ത ചുരുക്കം പഞ്ചായത്തുകളില്‍ ഒന്നാണിത്‌. ഇതുതന്നെയാണ്‌ ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥക്ക്‌ കാരണം. ആകെയുള്ളത്‌ കുമ്പഡാജെ ജി.ജെ.ബി.എസ്‌, മരിക്കാന എല്‍.പി. സ്‌കൂളുകളും, ബെളിഞ്ച യു.പി. സ്‌കൂളും മാത്രമാണ്‌. തുടര്‍പഠനത്തിന്‌ മറ്റു ഗ്രാമങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്‌.
വടക്കന്‍ ശബരിമല എന്നറിയപ്പോടുന്ന ഒബ്രങ്കള ശ്രീ ശാസ്‌താ ദേവസ്ഥാനമാണ്‌ ഈ പ്രദേശത്തെ പ്രമുഖ ഹൈന്ദവ ആരാധനാലയം. ശബരിമല പോലെ 18 പടി ചവിട്ടിവേണം ഇവിടേയുമെത്താന്‌. ബെളിഞ്ച, അഗല്‍പാടി, കൊടുപ്പള ക്ഷേത്രങ്ങളും പ്രസിദ്ധമാണ്‌.
ബെളിഞ്ച, അന്നടുക്ക, ഒബ്രങ്രള എന്നിവിടങ്ങളിലെ മുസ്ലിം പള്‌ലികള്‍ ഏറെ പുരാതനമാണ്‌. കുമ്പഡാജെ ഖിളര്‍ ജുമാമസ്‌ജിദാണ്‌ മറ്റൊരു പ്രധാന മുസ്ലിം പള്ളി. ഈ ജമാഅത്തിന്‌ കീഴിലുള്ള മഖാമില്‍ നടത്തിവരാറുള്ള ഉറൂസ്‌ നേര്‍ച്ച ഏറെ പ്രശസ്‌തമാണ്‌.
പണ്ടുകാലത്ത്‌ കോഴിക്കെട്ട്‌ എന്ന വിനോദം ഏറ്റവും കൂടുതല്‍ നടന്നിരുന്ന പ്രദേശമാണിത്‌. നിരവധി പ്രമുഖ യക്ഷഗാന കലാകാരന്മാരും കുമ്പഡാജെയ്‌ക്ക്‌ മേല്‍വിലാസം നല്‍കിയവരില്‍പെടുന്നു. മുന്‍ എം.പി. എം. രാമണ്ണ റൈ ഈ നാടിന്റെ ഏറ്റവും വലിയ സംഭാവനയാണ്‌.
കാസര്‍കോട്ടുനിന്ന്‌ 28 കിലോമീറ്റര്‍ കിഴക്കാണ്‌ കുമ്പഡാജെ സ്ഥിതി ചെയ്യുന്നത്‌. ബദിയഡുക്ക-അഡ്യടുക്ക, ചെങ്കള, നെക്രാജെ, ബെള്ളൂര്‍-പഡ്രെ, മുള്ളേരിയ-നാരമ്പാടി വഴി കുമ്പഡാജെയിലെത്തും.
(published in utharadesham with jabir kunnil)

Km irshad

About Km irshad

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
2 comments:
Write comments
  1. പുതിയ ഒരു അറിവാണ്
    നന്ദി
    ആശംസകൾ

    ReplyDelete
  2. നന്ദി... ഷാജു അത്താണിക്കല്‍

    ReplyDelete

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner