Saturday, November 3, 2012

ബദിയഡുക്ക: ഭാഷാ-സംസ്‌കാരങ്ങളുടെ ഈറ്റില്ലം

    2:27:00 AM   2 comments


ഉത്തരദേശത്തെ കാണാകാഴ്‌ചകള്‍-14
വിവിധ ഭാഷാ-സംസ്‌കാരങ്ങള്‍കൊണ്ട്‌ സമ്പന്നമായ പ്രദേശമാണ്‌ ബദിയഡുക്ക. നിരവധി ജാതി-മതങ്ങളില്‍ പെട്ടവര്‍ അതിവസിക്കുന്ന പ്രദേശം. ഈ വൈവിധ്യം വിളിച്ചോതുന്നതാണ്‌ ബദിയഡുക്കയെന്ന പേരുപോലും. തുളു മാതൃഭാഷയാക്കി ജീവിക്കുന്ന ഒരു ജനവിഭാഗത്തിന്റെ ആരാധനാ കേന്ദ്രമായ ബദി ദൈവസ്ഥാനം ഇവിടെയായതുകൊണ്ടാവണം അങ്ങനെ പേര്‌ വന്നതെന്ന്‌ പറയപ്പെടുന്നു. കൃഷിക്ക്‌ ഉപയുക്തമല്ലാതെ തരിശായി കിടക്കുന്ന സമതല പ്രദേശത്തെ `അഡ്‌ക്ക' എന്നാണ്‌ തുളുവില്‍ പറയപ്പെടുന്നത്‌. ഈ രണ്ടുവക്കുകള്‍ ചേര്‍ന്നാണ്‌ ബദിയഡുക്കയെന്ന പേരുണ്ടായതെന്നാണ്‌ ഒരു അഭിപ്രായം. ക്ഷേത്രത്തിന്റെയും കുളത്തിന്റെയും പേരില്‍ നിന്നാണ്‌ ബദിയഡുക്കയെന്ന പേര്‌ വന്നതെന്ന്‌ പറയപ്പെടുന്നു. 
കാസര്‍കോട്ടുനിന്ന്‌ 11 കിലോമീറ്ററും കുമ്പളയില്‍ നിന്ന്‌ 10 കിലോമീറ്ററും ദൂരത്തായാണ്‌ ബദിയഡുക്ക ടൗണ്‍ സ്ഥിതി ചെയ്യുന്നത്‌. ബദിയഡുക്കയെ കീറിമുറിച്ചുകൊണ്ട്‌ കര്‍ണാടകയിലേക്കുള്ള സ്റ്റേറ്റ്‌ ഹൈവേ 32 കടന്നുപോകുന്നു. ചുറ്റിലും മനോഹരമായ കാഴ്‌ചകളൊരുക്കുന്ന ചെറിയൊരു കുന്നിന്‍മുകളിലാണ്‌ ബദിയഡുക്ക ടൗണ്‍ സ്ഥിതി ചെയ്യുന്നത്‌. കുമ്പള, കാസര്‍കോട്‌, മുള്ളേരിയ, പുത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ജംഗ്‌ഷന്‍ കൂടിയാണിത്‌. നിരവധി സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ക്കും സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും ജന്മം നല്‍കിയ നാടുകൂടിയാണ്‌ ബദിയഡുക്ക. 
പ്രശസ്‌ത സ്വാതന്ത്ര്യ സമരസേനാനിയും ഭാഷാ പണ്ഡിതനും കവിയുമൊക്കെയായ കയ്യാര്‍ കിഞ്ഞണ്ണ റൈയാണ്‌ ഈ നാടിന്റെ എക്കാലത്തെയും മികച്ച സംഭാവന. സ്വാതന്ത്ര്യ സമരത്തിന്റെ ദീപ്‌തമായ ഓര്‍മ്മകളുമായി അദ്ദേഹമിന്നും ജീവിക്കുന്നുണ്ട്‌. സ്വാതന്ത്ര്യ സമരകാലത്ത്‌ വ്യക്തി സത്യഗ്രഹത്തില്‍ പങ്കെടുക്കാനുള്ള ആഗ്രഹം അദ്ദേഹം ഗാന്ധിജിയെ അറിയിക്കുകയായിരുന്നു. 1941ല്‍ മംഗലാപുരത്തുണ്ടായ സാമുദായിക സംഘര്‍ഷം അമര്‍ച്ച ചെയ്യാന്‍ നിയോഗിച്ച പ്രമുഖരില്‍ ഒരാളായും പ്രവര്‍ത്തിച്ചു. 1943ല്‍ മംഗലാപുരം നഗരത്തിലും പരിസരങ്ങളിലും പടര്‍ന്നുപിടിച്ച കോളറ ബാധക്കെതിരെ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കിയതും മറ്റാരുമായിരുന്നില്ല. ക്വിറ്റിന്ത്യാ സമരകാലത്ത്‌ ഒളിവിലായിരുന്ന അദ്ദേഹം 1942ലെ സബ്‌കോട്ട്‌ പിക്കറ്റിംഗിലും മുന്‍പന്തിയിലായിരുന്നു. മംഗലാപുരത്തുനിന്ന്‌ 1938 കാലങ്ങളില്‍ പ്രസിദ്ധീകരിച്ച ചില പത്രങ്ങളില്‍ സഹ പത്രാധിപരായും സേവനമനുഷ്‌ഠിച്ചു. കന്നട ഭാഷയ്‌ക്ക്‌ അദ്ദേഹം നല്‍കിയ സംഭാവന നിസ്‌തുലമാണ്‌. ഏറെ അറിയപ്പെടുന്ന കവിയും ഗ്രന്ഥകാരനും കൂടിയാണദ്ദേഹം. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും ഒരുപാട്‌ കവിതകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്‌. പ്രശസ്‌തമായ ഗോവാ സമരത്തെക്കുറിച്ചും കവിതകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്‌. നിരവധി പുരസ്‌കാരങ്ങള്‍ക്ക്‌ കൂടി പാത്രമായ ഇദ്ദേഹത്തെ ഒഴിവാക്കിക്കൊണ്ട്‌ ബദിയഡുക്കയുടെ ചരിത്രമെഴുതാനാവില്ല.
പെരഡാലയിലെ ബിരുഷെട്ടി ദെയ്യതോടി, ബി. കമലാക്ഷ പ, നാമദേവ ഷേണായി, ഡോ: പി.എസ്‌. ശാസ്‌ത്രി എന്നിവരും ബദിയഡുക്ക ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‌ നല്‍കിയ സംഭവനയാണ്‌.
ഇവിടുത്തെ പ്രശസ്‌തമായ നീര്‍ച്ചാല്‍ മഹാജന സംസ്‌കൃത വിദ്യാലയം മദ്രാസ്‌ ഭരണകാലത്ത്‌ സ്ഥാപിച്ചതാണ്‌. മലബാര്‍ മേഖലയിലെ ഏക സംസ്‌കൃത വിദ്യാലയമാണിത്‌. ഇവിടുത്തെ ദീര്‍ഘകാല പ്രിന്‍സിപ്പലായിരുന്ന ഖണ്ഡിഗെ ശ്യാം ഭട്ടും ഈ നാടിന്റെ മികച്ച സംഭാവനയായിരുന്നു.
വിവിധങ്ങളായ ഭാഷകള്‍ സംസാരിക്കുന്നവര്‍ ഇവിടെയുണ്ടെങ്കിലും കൂടുതലും തുളുഭാഷ സംസാരിക്കുന്നവരാണ്‌. ദേശീയ തുളു ഉത്സവമായ `തുളുവരെ ആയനോ' മൂന്ന്‌ പ്രാവശ്യം നടന്നത്‌ ബദിയഡുക്കയിലായിരുന്നു. അതുകൊണ്ടുതന്നെ ഗണിച്ചെടുക്കാനാവും ബദിയഡുക്കയിലെ തുളുഭാഷയുടെ വേരോട്ടം.
ഈ നാടിന്റെ ജീവിച്ചിരിക്കുന്ന മറ്റൊരു സംഭാവനയാണ്‌ കിളിംഗാര്‍ സായിറാം ഗോപാലകൃഷ്‌ണ ഭട്ട്‌. ഇരുനൂറോളം നിര്‍ധന കുടുംബത്തിന്‌ സൗജ്യമായി വീട്‌ നിര്‍മ്മിച്ചുനല്‍കി കാരുണ്യ സേവന പ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃക കാട്ടി ശ്രദ്ധേയനായ ഇദ്ദേഹത്തിലൂടെ ഈ നാടിന്റെ പേരും പുറംലോകം ശ്രവിക്കുന്നു. അറിയപ്പെടുന്ന വൈദ്യന്‍ കൂടിയാണിദ്ദേഹം. ചികിത്സക്കായും സഹായം തേടിയും സായിറാം ഭട്ടിനെത്തേടി ദിനേന ബദിയഡുക്കയില്‍ എത്തുന്നത്‌ ഏറെപേരാണ്‌.
ബദിയഡുക്കയുടെ പ്രധാനപ്പെട്ട സാമ്പത്തിക സ്രോതസ്സ്‌ കാര്‍ഷിക മേഖലയാണ്‌. പ്രധാനമായും അടയ്‌ക്കാകൃഷി. ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ അടയ്‌ക്കാ കൃഷി ചെയ്യുന്നത്‌ ഇവിടെയാണ്‌. തെങ്ങ്‌, റബ്ബര്‍, കശുവണ്ടി, കൊക്കോ എന്നിവയും ഇവിടെ കൃഷി ചെയ്യുന്നു. വിവിധ ബീഡി ഉല്‍പാദന കമ്പനികള്‍ക്ക്‌ ബീഡി നല്‍കുന്ന കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നു. ബീഡിത്തെറുപ്പ്‌ ഉപജീവനമാര്‍ഗമായി കാണുന്നവരും ഇവിടെ ഏറെയാണ്‌.

പട്ടികജാതി വിഭാഗത്തില്‍പെട്ട കൊറഗര്‍ ഏറ്റവും കൂടുതല്‍ വസിക്കുന്നതും ഇവിടെയാണ്‌. അവരുടേതായ ഒരു കോളനി തന്നെ ഇവിടെയുണ്ട്‌. 
പെര്‍ഡാല മസ്‌ജിദ്‌ ഈ മേഖലയിലെ പ്രധാനപ്പെട്ട മുസ്ലിം ആരാധനാലയമാണ്‌. ഇവിടെ രണ്ടുവര്‍ഷത്തിലൊരിക്കല്‍ കഴിച്ചുവരാറുള്ള ഉറൂസ്‌ പ്രദേശത്തെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ്‌. അതുപോലെ തന്നെ പെര്‍ഡാല ശ്രീ ഉദിനേശ്വര ക്ഷേത്രത്തിലെ ഉത്സവവും നാടിന്റെയാകെ ഉത്സവമാണ്‌.കുമാരമംഗലം ക്ഷേത്രം, ബേള വ്യാകുലമാതാ ചര്‍ച്ച്‌ എന്നിവയും ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങളാണ്‌. 
കാസര്‍കോടിന്റെ മണ്ണില്‍ വിഷാംശം പടര്‍ത്തിയ എന്‍ഡോസള്‍ഫാന്‍ എന്ന ഭീകരനിലൂടെ ദുരിതം നേരിട്ട പ്രദേശങ്ങളില്‍ ഒന്നുകൂടിയാണിത്‌. ബദിയഡുക്ക പഞ്ചായത്ത്‌ ഓഫീസ്‌, പ്രാഥമികാരോഗ്യ കേന്ദ്രം, ഗവ: ഹൈസ്‌കൂള്‍ എന്നിവയൊക്കെ പ്രവര്‍ത്തിക്കുന്നത്‌ ബദിയഡുക്ക ടൗണിലാണ്‌. സി.എച്ച്‌. മുഹമ്മദ്‌ കോയ സ്‌മാരക ലൈബ്രറി, വെട്ടിയടുക്ക കള്‍ച്ചറല്‍ ആന്റ്‌ റൂറല്‍ ലൈബ്രറി തുടങ്ങിയ സാംസ്‌കാരിക കേന്ദ്രങ്ങളും പെര്‍ഡാല യു.പി. സ്‌കൂള്‍, കുമ്പഡാജെ ജി.ജി.ബി.എസ്‌. തുടങ്ങിയ വിദ്യാഭ്യാസ കേന്ദ്രങ്ങളും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു.
(published in utharadesham with jabir kunnil)

Unknown

About Unknown

Author Description here.. Nulla sagittis convallis. Curabitur consequat. Quisque metus enim, venenatis fermentum, mollis in, porta et, nibh. Duis vulputate elit in elit. Mauris dictum libero id justo.

Previous
Next Post
2 comments:
Write comments
  1. ബദിയടുക്ക വഴി യാത്ര ചെയ്തിട്ടുണ്ട്..... ഇവിടെ നിന്നും ആ മണ്ണിനെ കൂടുതൽ അറിഞ്ഞു.....

    കമന്റ് വെരിഫിക്കേഷൻ ഒഴിവാക്കുമല്ലോ....

    ReplyDelete
  2. നന്ദി സര്‍, കമ്മന്റ് വെരിഫിക്കേഷന്‍ ഒഴിവാക്കി

    ReplyDelete

Get updates in your email box

Complete the form below, and we'll send you our recent update.

Deliver via FeedBurner